‘നമ്മുടെ കുട്ടികൾ കൂട്ടത്തോടെ നാടുവിടണോ ? വിദേശ സർവകലാശാലകളെ ആർക്കാണു പേടി’ ?
ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നു. അതേ സമയം ലോകത്തെ പ്രധാനപ്പെട്ട 500 സർവകലാശാലകൾ ക്യാംപസ് ഇന്ത്യയിൽ ആരംഭിക്കുന്നു. ബ്രിട്ടനിലെ ഹാർവഡ് സർവകലാശാല അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഇങ്ങനെയാണ്. വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേരുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. ഇതു കൂടി മനസിലാക്കിയാകണം യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നൽകുന്നത്. അടുത്ത കാലത്ത് ഇന്ത്യയിൽ നിന്നുള്ള ബ്രെയിൻ ഡ്രെയിൻ അല്ലെങ്കിൽ മസ്തിഷ്ക ശോഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ വിമർശനവും നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ ചലനങ്ങളെ വിദ്യാർഥികളും രക്ഷിതാക്കളും കാണുന്നത് ഒരേ സമയം ആശങ്കയോടെയും അതേ സമയം പ്രതീക്ഷയോടെയുമാണ്. വിദേശ സർവകലശാലകൾ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഭാഗ്യം കൊണ്ടു വരുമോ ? എന്തൊക്കെ സാധ്യതകളാണ് ഈ നീക്കത്തിൽ നമുക്ക് ലഭിക്കുക ? അതേ സമയം പഠന ചിലവ് സാധാരണക്കാരന് താങ്ങാൻ കഴിയുമോ ? പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് വിദേശ സർവകലാശാലകളുടെ വരവിനെ വിലിയിരുത്തുന്നു.
? ഏതു സാഹചര്യത്തിലാണ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ അനുമതി നൽകുന്നത്?
∙ ഹാർവഡ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കു ചേർന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർഥികളാണെന്ന് അടുത്തിടെ നടന്ന ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം വിദ്യാർഥികൾ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവർ താൽപര്യം കാട്ടുന്നില്ല. ഇന്ത്യൻ വിദ്യാർഥികളിൽ നല്ലൊരു ശതമാനവും പഠിക്കാനായി വിദേശത്തേക്കു പോകുന്നത് ഇന്ത്യയുടെ പണം വിദേശരാജ്യങ്ങളുടെ പെട്ടിയിൽ വീഴാൻ കാരണമാകും. ഇതു തടയണമെന്ന് ഇന്ത്യൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ, വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നത് അതിനുള്ള വലിയൊരു ചുവടുവയ്പാകും.
അതിലേറെ, ഇന്ത്യൻ അധ്യാപകർക്ക് വിദേശ സർവകലാശാലകളുടെ പഠന കേന്ദ്രങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. രാജ്യാന്തര നിലവാരത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതുകൊണ്ടു മാത്രമാണ് പല പ്രഗത്ഭരായ അധ്യാപകരും ഇന്ത്യ വിട്ടു പോകുന്നത്. വിദേശ സർവകലാശാലകളെ ഇന്ത്യയിൽ അനുവദിച്ചാൽ നമ്മുടെ ബൗദ്ധിക സമ്പത്ത് വിദേശത്തേക്കു പോകുന്നതു തടയാനാകും. ഐഐടികളിൽ ഉൾപ്പടെയുള്ള മികച്ച വിദ്യാർഥികൾ ഉപരിപഠനത്തിന് വിദേശത്തേക്കു പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും രാജ്യത്തിന്റെയും വികസനത്തിന് അതു നല്ലതല്ല.
? വിദ്യാർഥികൾ വിദേശത്തേക്കു പഠിക്കാൻ പോകുന്നതു തടയുകയാണോ അനുമതിയുടെ ലക്ഷ്യം?
∙ ഇന്ത്യൻ വിദ്യാർഥികളുടെ വിദേശയാത്രയെ തടസ്സപ്പെടുത്തുക എന്ന ഹിഡൻ അജൻഡയൊന്നും ഈ പുതിയ ലക്ഷ്യത്തിനില്ല. വിദ്യാർഥികളുടെ വിദേശയാത്രയെ ഒരു നെഗറ്റീവ് പ്രവണതയായി കാണേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിദേശത്തേക്കു ചേക്കേറിയ കുറച്ചു കുട്ടികളുമായി സംസാരിക്കാൻ അടുത്തിടെ അവസരം ലഭിച്ചിരുന്നു. വിദേശരാജ്യത്തേക്ക് ചെന്നിറങ്ങുമ്പോൾത്തന്നെ ലഭിക്കുന്ന വർക്ക് പെർമിറ്റ്, പഠനത്തിനൊപ്പം ജോലി എന്ന സാധ്യത, പഠനം പൂർത്തിയാക്കിയാലുടൻ ജോലിക്കു കയറാമെന്ന ഉറപ്പ് ഇവയൊക്കെയാണ് ശിഷ്ടകാലം അവരെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്നത്. ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യയിൽനിന്ന് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതിനെ മോശമായി കാണേണ്ടതില്ല. പല ബഹുരാഷ്ട്ര കമ്പനികളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. അവർ പുറംനാടുകളിൽ നിന്നു നേടുന്ന നൈപുണ്യം ഇന്നല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കും പ്രയോജനപ്പെടും. സാങ്കേതിക വിദ്യ ധ്രുതഗതിയിൽ വികസിക്കുന്ന ഈ കാലത്ത് എല്ലാക്കാര്യങ്ങളും ആഗോളതലത്തിൽ ചിന്തിക്കാനുള്ള മനസ്സാണു വേണ്ടത്.
? ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവാണോ? അതു പരിഹരിക്കാനാണോ ഈ ശ്രമം? വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനെതിരെ എക്കാലവും സമരങ്ങൾ നടന്നിട്ടുണ്ടല്ലോ. പുതിയ തീരുമാനം കച്ചവടവൽക്കരണത്തിന് വഴിയൊരുക്കുമോ?
∙ 990 സർവകലാശാലകളും 40,000 കോളജുകളുമുള്ള ഇന്ത്യ ലോകത്തെതന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ശൃംഖലകളിലൊന്നാണ്. പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ ഗ്രോസ് എൻറോൾമെന്റ് അനുപാതം 26.3 % ആണ്. ചൈന (51%), ബ്രസീൽ (50%) തുടങ്ങിയ ബ്രിക്സ് രാജ്യങ്ങളെ അപേക്ഷിച്ച് അതു തുലോം കുറവാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമായി (80 % ൽ അധികം) താരതമ്യം ചെയ്താൽ ഇന്ത്യ വളരെ പിന്നിലെന്നു പറയേണ്ടി വരും. സുസ്ഥിര സാമ്പത്തിക വളർച്ച നേടണമെങ്കിൽ ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വളരണം, അത് പ്രകൃതി വിഭവങ്ങളിൽനിന്നല്ല, വിജ്ഞാനത്തിൽ നിന്നായിരിക്കണം. ഇന്ത്യയിൽനിന്നു വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കൂട്ടയൊഴുക്ക് തടയണമെങ്കിൽ 2023 ഓടെ 1500 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും പുതുതായി ഉണ്ടായേ മതിയാകൂവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ നേരിട്ടുള്ള വിദേശ നിക്ഷേപവും എക്സ്റ്റേണൽ കൊമേഷ്യൽ ബോറോയിങ്ങും സർക്കാർ പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയിലേക്കുള്ള വിദേശ സർവകലാശാലകളുടെ വരവിന്റെ മറ്റൊരു പ്രധാന ഘടകം ഇവിടെ മികച്ച വിദ്യാഭ്യാസ ലഭ്യതയുടെ അഭാവമാണ്. വർഷങ്ങളായി നമ്മുടെ ഐഐടികളും ഐഐഎമ്മുകളും ഐഐഎസ്‌സിയുമൊക്കെ പേരെടുത്ത ബ്രാൻഡുകൾ തന്നെയായിട്ടുണ്ട്. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരമില്ലായ്മ അടക്കം, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെപ്പറ്റി പൊതുവെയുള്ള മോശം ധാരണ ഒരു പ്രധാന പ്രശ്നമാണ്. ലോകത്തെ മികച്ച 1000 സർവകലാശാലകളുടെ പട്ടികയിൽ 2019 ൽ ഇന്ത്യയിൽനിന്ന് 25 സ്ഥാപനങ്ങളുണ്ടായിരുന്നത് ഈ വർഷം 21 ആയി കുറഞ്ഞു. ആദ്യ 200ൽ ഉള്ളത് വെറും മൂന്ന് ഇന്ത്യൻ സ്ഥാപനങ്ങൾ മാത്രമാണ്. പ്രവേശനപ്പരീക്ഷകളിലെ ഉയർന്ന കട്ടോഫ്, മികച്ച കോഴ്സുകളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ തുടങ്ങിയവ കൊണ്ടാണ് മിടുക്കരായ പല വിദ്യാർഥികളും ഇന്ത്യയിലെ പേരെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പോലും ചേരാതെ വിദേശത്തേക്കു പോകുന്നത്. മികച്ച വിദ്യാർഥികളുടെ ഇത്തരം കൊഴിഞ്ഞുപോക്ക് ഒരു വലിയ പ്രശ്നമാണ്. നമ്മുടെ വിദ്യാർഥികളെ വിദേശത്തക്കു പഠിക്കാനയയ്ക്കുക എന്നാൽ വിദ്യാഭ്യാസത്തെ നമ്മൾ ഇറക്കുമതി ചെയ്യുന്നു എന്നാണ് അർഥം.
? വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തു മാറ്റങ്ങൾ വരും? അധ്യയന രീതികൾ മാറുമോ?
∙ ഐഐടിയും ലോകത്തെ മറ്റു പല സർവകലാശാലകളും പിന്തുടരുന്ന രീതി തന്നെ നമ്മുടെ നാട്ടിലെ കോളജുകളിലും നടപ്പാക്കണം. കോളജുകൾക്ക് പരീക്ഷയ്ക്കു ചോദ്യങ്ങൾ തയാറാക്കാനും പരീക്ഷ നടത്താനും വേഗം ഫലം പ്രസിദ്ധീകരിക്കാനുമുള്ള സൗകര്യങ്ങളുണ്ടാവണം. നമ്മുടെ സർവകലാശാലകൾ കേന്ദ്രീകൃതമാണ്. അത് വികേന്ദ്രീകൃതമാകുകയാണ് വേണ്ടത്. വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തിയാൽ ഇത്തരം പോസിറ്റീവ് കാര്യങ്ങളിലേക്ക് നമ്മുടെ സർവകലാശാലകളും മാറും. അതുപോലെ തന്നെയാണ് പാഠ്യപദ്ധതിയുടെ കാര്യവും. സ്കൂൾ തലം വരെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ നമുക്കാവുന്നുണ്ട്. എന്നാൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ വിദേശ സർവകലാശാലകളേക്കാൾ തുലോം പിന്നിലാണ് നമ്മുടെ പാഠ്യപദ്ധതി. വിദേശ സർവകലാശാലകളിൽ നാലു വർഷത്തെ ബിരുദ കോഴ്സിൽ ഇന്റേൺഷിപ് ചെയ്യാനും റിസർച്ച് ചെയ്യാനും പഠനത്തോടൊപ്പം ജോലി ചെയ്യാനുമുള്ള അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്.
കുട്ടികളുടെ പഠന മികവിന് മുൻഗണ ലഭിക്കുന്ന തരത്തിൽ വേണം പ്രവേശന നടപടികൾ എന്ന കാര്യത്തിൽ സർക്കാരും യുജിസിയും പ്രത്യേക ശ്രദ്ധ പുലർത്തണം. ഇന്ത്യൻ സമൂഹത്തിന് യോജിക്കുന്ന വിധത്തിൽ ഫീസ് ഘടനയിൽ മാറ്റം വരുത്തണം. അല്ലാത്ത പക്ഷം വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾക്ക് അത് കാരണമാകും. ഫീസ് ഘടന നിയന്ത്രിച്ച് സ്കോളർഷിപ്പിന് പ്രാതിനിധ്യം കൊടുക്കുകയും റിസർവേഷൻ സാധ്യതകളൊക്കെ പരിഗണിച്ച് കരട് മാർഗനിർദേശങ്ങൾ തയാറാക്കണം. ഒരിക്കലും ഇതിന്റെ ഗുണഫലം സമൂഹത്തിലെ ഉന്നതശ്രേണിയിൽപ്പെട്ടവർക്കു മാത്രം ലഭിക്കുന്ന രീതിയിൽ ചുരുങ്ങിപ്പോകരുത്. പ്രവേശനം എൻട്രൻസ് മുഖേനെയാണെങ്കിലും വേറേതെങ്കിലും സംവിധാനത്തിലൂടെയാണെങ്കിലും മെറിറ്റിനായിരിക്കണം പ്രഥമ മുൻഗണന എന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്.
? വിദേശ സർവകലാശാലകളുടെ വരവിനെ ഒരു വിഭാഗം എതിർക്കുന്നുണ്ട്. മെക്കാളെയുടെ വിദ്യാഭ്യാസ നയം സംബന്ധിച്ച് ഇതുവരെ ആക്ഷേപങ്ങൾ തീർന്നിട്ടില്ല. ക്ലർക്കുമാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ബ്രിട്ടിഷുകാർ ആവിഷ്കരിച്ചതെന്നാണല്ലോ പറയപ്പെടുന്നത്. അതുപോലെ വിദേശ സർവകലാശാലകളുടെ വരവും വ്യാഖ്യാനിക്കപ്പെടുമോ?
∙ വിദേശ സർവകലാശാലകളുടെ ഇന്ത്യയിലേക്കുള്ള വരവിനെ ഭയത്തോടെ കാണേണ്ട. നല്ല മികവുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ അവസരവും പ്രയോജനവും ലഭിക്കാൻ വിദേശ സർവകലാശാലകളുടെ വരവ് സഹായിക്കും. നല്ല പ്ലേസ്മെന്റ് അവസരങ്ങളുണ്ടാവും. നല്ല അക്കാദമിക് പശ്ചാത്തലമുള്ള അധ്യാപകർക്കും മികച്ച ജോലി ലഭിക്കും. പഠനത്തോടൊപ്പം തന്നെ ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതുപോലെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ നയം പുതുക്കുമ്പോൾ വിദേശത്തു നിന്നും കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലേക്കെത്തും ബിസിനസ് മേഖലയിലുൾപ്പടെ അതു ഗുണം ചെയ്യും. ആരോഗ്യകരമായ മൽസരങ്ങൾ വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികച്ചതാക്കും. വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തുന്നതിനെ വളരെ പോസിറ്റീവായിത്തന്നെയാണ് ഞാൻ കാണുന്നത്. ഹാർവഡ്, കേംബ്രിജ് പോലെയുള്ള വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ തികച്ചും പോസിറ്റീവായ, ഗുണപരമായ മൽസരങ്ങൾ ഉടലെടുക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെയൊരു ആരോഗ്യപരമായ മൽസരമുണ്ടായാൽ അത് നമ്മുടെ സർവകലാശാലകളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ വളരെ സജീവമാക്കും.
? വിദ്യാഭ്യാസച്ചെലവ് സാധാരണക്കാർക്കു താങ്ങാൻ കഴിയുമോ?
∙ വിദേശ സർവകലാശാലകളുടെ ഇന്ത്യയിലേക്കുള്ള വരവ് പഠനച്ചെലവുയർത്തുമോ, സാധാരണക്കാർക്ക് താങ്ങാനാകുമോ എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. അതിനെല്ലാം ഒരൊറ്റ ഉത്തരം മതി– വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപം നടത്താൻ സർക്കാർ തയാറാകണം. ഇനി വരാൻ പോകുന്നത് ഒരു അറിവുള്ളവരുടെ സമൂഹമാണ് (നോളജ് സൊസൈറ്റി) അതു മുന്നിൽക്കണ്ട് കരുതലോടെ ചുവടുകൾ വയ്ക്കണം. അപ്പോൾ വിദ്യാഭ്യാസച്ചെലവ് സാധാരണക്കാരനു താങ്ങാനാവുന്നതായിരിക്കും. മികച്ച ലബോറട്ടറി സൗകര്യങ്ങൾ, സയൻസ് പാർക്ക്, സ്റ്റാർട്ടപ്പുകൾ, പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള അവസരം എന്നിങ്ങനെയുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരണം. ഭാവിയുടെ സാധ്യതകളായ ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ രംഗങ്ങളിലൊക്കെ നല്ല തോതിൽ നിക്ഷേപങ്ങളുണ്ടാവണം. ഇക്കാര്യത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളെ ഉദാഹരണമായെടുക്കാം. സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ നിക്ഷേപം നടത്തിയവരാണ്. അതുകൊണ്ടു തന്നെയാണ് സന്തോഷ സൂചിക( ഹാപ്പിനെസ് ഇൻഡെക്സ്), ലിംഗ സമതവ് സൂചിക ( ജെൻഡർ ഇൻഡെക്സ് ) തുടങ്ങി ഏതുസൂചികകളെടുത്താലും ആ രാജ്യങ്ങൾ മുന്നിട്ടു നിൽക്കുന്നത്.
? ഏതൊക്കെ മേഖലയിലാണ് ഇന്ത്യയിൽ വിദേശ വിദ്യാഭ്യാസം ആവശ്യമായി വരുന്നത്?
∙ വിദേശ സർവകലാശാലകൾ വരുന്നതോെട അവയുമായുള്ള വിജ്‍ഞാന വിനിമയം, സഹകരണം, പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേട്ടമുണ്ടാകും. അവർ ഇന്ത്യയിലെത്തിയാൽ അവരുമായുള്ള സഹകരണം എളുപ്പമാകും. ഇന്ത്യയിൽ അവസരങ്ങൾ കുറവായ മേഖലകളിൽ മിക്ക വിദേശ സർവകലാശാലകളും ഉന്നത നിലവാരത്തിലുള്ള ഗവേഷണ പദ്ധതികൾ നടത്തുന്നുണ്ട്. സ്പോർട്സ് സൈക്കോളജി, സ്പോർട്സ് മെഡിസിൻ, സ്പോർട്‌സ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ ഇന്ത്യയിൽ വിരളമാണ്. പല പ്രധാന ശാസ്ത്രശാഖകളിലും സ്പെഷലൈസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ ഇവിടെ അവസരങ്ങളില്ല. അത്തരം സാഹചര്യത്തിൽ, വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ ഇന്ത്യയിൽ അനുവദിക്കുന്നത് തെറ്റായ നീക്കമല്ല.
മികച്ച കോഴ്സുകൾ തുടങ്ങാൻ അത് ഇന്ത്യൻ സർവകലാശാലകൾക്കു പ്രചോദനമാകുകയും ചെയ്യാം. ശരാശരിയിലും താഴെ നിലവാരമുള്ള ധാരാളം സർവകലാശാലകളുണ്ട് ഇന്ത്യയിൽ. ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടി അടക്കമുള്ള വഴിവിട്ട രീതികളെ പ്രോൽസാഹിപ്പിക്കുന്ന അധ്യാപകരുമൊക്കെ ഇവിടെയുണ്ട്. ക്ലാസുകളിൽ പാഠഭാഗങ്ങൾ പൂർണമാക്കുകയോ നന്നായി പഠിപ്പിക്കുകയോ ചെയ്യാതെ കനത്ത ഫീസ് വാങ്ങി വീട്ടിൽ ട്യൂഷൻ എടുക്കുന്ന ചില അധ്യാപകരുണ്ട്. ഇത്തരം ദുഷിച്ച പ്രവണതകൾക്ക് അറുതി വരുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിദേശ സർവകലാശാലകളെ ഇന്ത്യയിൽ അനുവദിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിർണായക പരിഷ്കരണത്തിനു തന്നെ അതു കാരണമായേക്കാം.
? ‘ബ്രെയിൻ ഡ്രെയിൻ’ ഇന്ത്യ നേരിടുന്ന പ്രശ്നമാണ്. ഇന്ത്യയിൽ നിന്നുള്ള മിടുക്കരെ സ്വന്തമാക്കാനുള്ള വിദേശ രാജ്യങ്ങളുടെ നീക്കമാണോ വിദേശ സർവകലാശാലകളുടെ വരവ്?
∙ പല വിദേശ സർവകലാശാലകളും ലോകമെമ്പാടും രാജ്യാന്തര ശാഖകൾ സ്ഥാപിച്ച്, വിജ്ഞാന ഉൽപാദനത്തെ വാണിജ്യവൽക്കരിച്ച് വരുമാനമുണ്ടാക്കുന്നുണ്ട്. പക്ഷേ ഇത്തരം ശാഖകളുടെ നടത്തിപ്പ് വളരെ ബുദ്ധിമുട്ടേറിയതാണ്. ബഹുരാഷ്ട്ര കമ്പനികളുടെ ഓഫിസുകൾ നടത്തുന്നതുപോലെ എളുപ്പമല്ല അത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സാവധാനം മാത്രം നടക്കുന്ന കാര്യമാണ്.
റിപ്പോർട്ടുകൾ പറയുന്നത്, പല ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കും വിദേശ സ്ഥാപനങ്ങളുടെ കോഴ്സുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ശേഷിയില്ലെന്നാണ്. ഒരു മൾട്ടി ക്യാംപസ് ഗ്ലോബൽ യൂണിവേഴ്‌സിറ്റിയുടെ പ്രധാന വെല്ലുവിളി, അതിന്റെ ആസ്ഥാന കേന്ദ്രത്തിൽ ലഭിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും വിദ്യാർഥികൾക്കു ലഭിക്കുന്ന അനുഭവവും നൽകാനുള്ള ബുദ്ധിമുട്ടാണ്. അതിർത്തി കടന്നുള്ള വിദ്യാഭ്യാസ പരിപാടികളുടെ നേട്ടങ്ങൾ ‘വിദ്യാഭ്യാസ സാമ്രാജ്യത്വ’ത്തിന്റെ അപകടസാധ്യതകളുമായി താരതമ്യം ചെയ്യണം.
? വിദേശ സ്ഥാപനങ്ങൾ തയാറാക്കുന്ന പാഠ്യപദ്ധതി സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നു. ഇതിൽ കഴമ്പുണ്ടോ?. ഇന്ത്യൻ സംസ്കാരത്തിനും മറ്റും പറ്റുന്ന പാഠ്യപദ്ധതിയാകണമെന്ന് സർക്കാരും പറയുന്നു. ആരാണ് പാഠ്യപദ്ധതി തയാറാക്കുന്നത്?
∙ ഭൂരിപക്ഷം ഇന്ത്യൻ സർവകലാശാലകളും അഴിമതി നിറഞ്ഞ പ്രവർത്തനങ്ങളാൽ ബുദ്ധിമുട്ടിലാണ്. ഇന്ത്യയിൽ വിദേശ സർവകലാശാലകൾ എത്തുന്നത്, നമ്മുടെ വിദ്യാഭ്യാസ സംവിധാനം കൂടുതൽ മെച്ചപ്പെടാനും വികസിക്കാനും വഴിയൊരുക്കും. അത്തരം സർവകലാശാലകൾക്ക് ഇന്ത്യൻ സർവകലാശാലകളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാകുമോ എന്നൊരു ചോദ്യമുണ്ട്. എന്നാൽ ഇതിനൊപ്പം, വിദേശത്തു പോയി പഠിക്കാനുറപ്പിച്ച കുട്ടികൾ പോവുക തന്നെ ചെയ്യും എന്നതും കണക്കിലെടുക്കണം. വിദേശ സർവകലാശാലകൾ ഇന്ത്യയിൽ വരുന്നതു തടഞ്ഞതുകൊണ്ട്, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവ ഉയർത്തുന്ന വെല്ലുവിളി ഇല്ലാതാക്കാനാവില്ല. ജനസംഖ്യാ വർധനവു മൂലം ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിശീർഷ ബജറ്റ് വിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും വിദേശ നിക്ഷേപം അനുവദിച്ചേക്കാം.
അതിന്റെ പ്രായോഗികത ന്യായീകരിക്കപ്പെട്ടേക്കാം. പക്ഷേ കൃത്യമായൊരു ചട്ടക്കൂട് അത്യാവശ്യമാണ്. ഒപ്പം ഒരു നിർണായക തിരിച്ചറിവു കൂടി ഉണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം സാധ്യമായൊരു പരിഹാരമാർഗമാണ്, പക്ഷേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് അതൊരു ഒറ്റമൂലിയല്ല. ദ്രുതഗതിയിലുള്ള വളർച്ചയ്‌ക്കൊപ്പം, പല രാജ്യങ്ങളും ഉന്നത വിദ്യാഭ്യാസ സേവനങ്ങളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ അനുഭവിച്ചു. അവരുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും യോജിച്ച രീതിയിലാണ് അവരത് കൈകാര്യം ചെയ്യുന്നത്. വിദേശ നിക്ഷേപം എങ്ങനെ മികച്ച രീതിയിൽ വിനിയോഗിക്കാമെന്നതു മനസ്സിലാക്കാൻ നിരവധി മാതൃകകൾ, ചട്ടക്കൂടുകൾ, റിപ്പോർട്ടുകൾ, പഠനങ്ങൾ എന്നിവയുണ്ട്, കൂടുതൽ ഗവേഷണ സാധ്യതകളുമുണ്ട്.വലുപ്പം, സംസ്കാരിക വൈവിധ്യം, വലിയ ചരിത്രം, രാഷ്ട്രീയത്തിന്റെയും നയരൂപീകരണത്തിന്റെയും ബഹുസ്വരത തുടങ്ങിയ പ്രത്യേകതകൾ കാരണം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം വളരെ സങ്കീർണമാണ്. നമ്മുടെ ഭരണകർത്താക്കൾ നേരിടുന്ന യഥാർഥ വെല്ലുവിളി വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് കൃത്യമായ മാർഗരേഖയുണ്ടാക്കുക എന്നതാണ്. രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് ഗുണനിലവാരത്തിന്റെ ഉറപ്പും ആധികാരികതയും ഉറപ്പുവരുത്തുന്നതാവണം മാർഗരേഖ. അതേസമയം വിദേശനിക്ഷേപകർക്ക് അതു ഭാരവുമാകരുത്.
? ഇവിടെയെത്തുന്ന വിദേശ സർവകലാശാലകളുടെ മികവ് എങ്ങനെ സാധാരണക്കാരൻ തിരിച്ചറിയും?
∙ ലോകത്തിൽ ഏറ്റവും മികച്ച 500 സർവകലാശാലകൾക്കേ ഇന്ത്യയിലേക്ക് വരാൻ അനുമതിയുള്ളൂ. അതുകൊണ്ടു തന്നെ മികച്ച അധ്യാപകർ, പാഠ്യപദ്ധതി, ഗവേഷണം, വിദ്യാഭ്യാസ നിലവാരം ഇത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നുറപ്പിച്ചുകൊണ്ടു തന്നെ പുതുതലമുറയ്ക്ക് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകാം.
? വിദേശ സർവകലാശാലകളുടെ വരവ് ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ എങ്ങനെ സ്വാധീനിക്കും?
∙ ഇന്ത്യൻ വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടാൻ വിദേശ സർവകലാശാലകളുടെ വരവ് പ്രേരണയാകും. ഇതുവരെ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അലസരായിരുന്നു. മെഡിക്കൽ, മാനേജ്‌മെന്റ്, ടെക്‌നിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ചില അഴിമതിക്കാരായ പ്രിൻസിപ്പൽമാരും മറ്റും കനത്ത ഫീസാണ് ആവശ്യപ്പെടുന്നത്. വിദേശസർവകലാശാലകളുടെ വരവ് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളും.
? പഠനവും അതിനൊപ്പം ജോലിയുമാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത്. ഈ മാതൃക ഇന്ത്യയിലേക്ക് വരുമോ?
∙ അതെ. അത്തരം രീതികൾ ഇവിടെയും നടപ്പാക്കണം.
English Summary: MGU VC Dr. Sabu Thomas Opens up about Foreign Universities and Students Migration
എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ് പ്രഫസറും, ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറുമാണ് ഡോ.സാബു തോമസ്.