എംജി സർവകലാശാലയ്‌ക്കു കീഴിലുള്ള എല്ലാ കോഴ്‌സുകളിലെയും വിദ്യാർഥിനികൾക്കു പ്രസവാവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ 200 വിദ്യാർഥിനികൾ എംജി സർവകലാശാല വൈസ് ചാൻസലർക്ക് കത്തയച്ചത് 2014ൽ ആണ്. ബിരുദ കോഴ്സുകൾക്കും പ്രസവാവധി ബാധകമാക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. പിന്നെയും എട്ടു വർഷം വേണ്ടി വന്നു അതേ സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ അനുകൂല തീരുമാനത്തിലെത്താൻ. 

ഗവേഷണ വിദ്യാർഥികൾക്കു നൽകുന്നതു പോലെ യുജി, പിജി വിദ്യാർഥികൾക്കും പ്രസവാവധി അനുവദിക്കണമെന്ന യുജിസി നിർദേശത്തിന്റെ ചുവടുപിടിച്ചാണ് എംജി സർവകലാശാലയും പ്രസവാവധി അനുവദിക്കാൻ തീരുമാനിച്ചത്. സിൻഡിക്കറ്റ് യോഗത്തിന്റെ അടിസ്ഥാനത്തിൽ ഇനി ഉത്തരവ് ഇറങ്ങണം. ലീവ് കാലാവധി, ഹാജർ ഇളവുകൾ എന്നീ കാര്യങ്ങളിൽ ഓരോ സർവകലാശാലയ്ക്കും തീരുമാനമെടുക്കാമെന്നാണ് യുജിസി ഉത്തരവ്. ഇതു സംബന്ധിച്ച നിർദേശങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും.

യുജി, പിജി പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാജർ ഇളവുകൾ, പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്ന തീയതി നീട്ടിക്കൊടുക്കൽ തുടങ്ങിയ വിഷങ്ങളിൽ കൃത്യമായ നിയമങ്ങളും നിർദേശങ്ങളും രൂപീകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും ഇതെല്ലാം ബാധകമാക്കണമെന്നുമാണ് 2021 ഡിസംബറിലെ യുജിസി നിർദേശത്തിൽ പറയുന്നത്. നിലവിൽ യുജിസി നിയമപ്രകാരം എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കു മാത്രമാണ് സർവകലാശാലകൾ പ്രസവാവധി അനുവദിക്കുന്നത്.

വൈകിയെത്തിയ തീരുമാനം

Representative Image. Photo Credit : :bandit2523/iStock

ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പ്രസവാവധി അനുവദിക്കാനുള്ള എംജി സർവകലാശാലയുടെ തീരുമാനത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് വിദ്യാർഥിസമൂഹം. ഗർഭകാലം, കുഞ്ഞ് എന്ന കടമ്പയിൽ തട്ടി പഠനം മുറിഞ്ഞുപോയ എത്രയോ ജീവിതങ്ങൾ പോയ കാലത്തെ ഓർത്ത് നെടുവീർപ്പിടുന്നുണ്ടാകും. ചിലർ പഠനവും കുഞ്ഞിനെ നോക്കലും ആയി ഓടിപ്പിടിച്ചെടുത്ത ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകൾ നോക്കി ആശ്വാസം കൊള്ളുന്നുണ്ടാകും. എംഫിൽ, പിഎച്ച്ഡികാർക്കു നൽകുന്നതുപോലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പ്രസവാവധി അനുവദിക്കണമെന്ന് യുജിസി നിർദേശം നൽകിയതോടെയാണ് സർവകലാശാലകൾ നിലവിലെ രീതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയതും. എംജി സർവകലാശാലയ്ക്കു പിന്നാലെ കേരളത്തിലെ മറ്റു സർവകലാശാലകളും പ്രസവാവധി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പ്രസിദ്ധീകരിക്കാനുള്ള നടപടികളിലേക്കു വൈകാതെ കടക്കുമെന്നാണ് അറിയുന്നത്.

മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്ഥാപനങ്ങളും പഠനകാലയളവിൽ ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്ക് പല കാര്യങ്ങളിലും ഇളവുകൾ നൽകാറുണ്ട്. പ്രത്യേകിച്ച് ഹാജർ, പ്രാക്ടിക്കൽ ക്ലാസുകൾ, അസൈന്റ്മെന്റുകൾ സമർപ്പിക്കാനുള്ള സമയം എന്നിവയുടെ കാര്യത്തിൽ. എന്നാൽ പ്രസവാവധി അവകാശമാകുന്നതോടെ അതിന്റെ ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ കുട്ടികൾക്കു കഴിയുമെന്നു മാത്രമല്ല, ആരുടെയും കാരുണ്യത്തിനും ഔദാര്യത്തിനുമായി കാത്തിരിക്കേണ്ടി വരികയുമില്ല.

റോഷൻ പിന്നിട്ട വഴികൾ

Representative Image. Photo Credit : Avril Morgan/iStock

കോയമ്പത്തൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ പവർ സിസ്റ്റം എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദത്തിന് ഒന്നാംറാങ്ക് നേടുമ്പോൾ കാസർകോട് സ്വദേശിയായ റോഷൻ ജബീൻ ഇരട്ടക്കുട്ടികളുടെ അമ്മയാണ്. എട്ടുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വയറ്റിൽ ചുമന്ന്, നിന്നും ഇരുന്നുമാണ് റോഷൻ മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതിയത്. നേരെ കോളജിൽ നിന്നു പ്രസവത്തിനായി ആശുപത്രിയിലേക്ക്. പ്രസവശേഷം 28 ദിവസം അവധിയെടുത്ത് പിന്നെയും കോളജിലേക്ക്.

ഈ കാലയളവിൽ റോഷൻ കടന്നുപോയത് ഒരുപാട് പ്രതിസന്ധികളിലൂടെ. 80% ഹാജർ വേണ്ടയിടത്ത് പ്രസവാവധി എടുത്തതോടെ റോഷനുണ്ടായിരുന്നത് 76% ഹാജർ. അതുകൊണ്ട് സെമസ്റ്റർ നാലിന്റെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കോളജ് അധികൃതർ. വകുപ്പ് മേധാവിക്കും ബന്ധപ്പെട്ട അധികൃതർക്കും ഹാജർ അനുവദിച്ചു തരണമെന്ന് അപേക്ഷ നൽകി. എന്നാൽ പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ ശനിയാഴ്ചയോ ഞായറാഴ്ചയോ വന്ന് ഹാജർ 80 ശതമാനമാക്കാം എന്ന് അധികൃതർ അറിയിച്ചതോടെ റോഷൻ ശനിയാഴ്ചകളിലും കോളജിൽ പോകാൻ തുടങ്ങി. താമസം കോളജിന് തൊട്ടടുത്ത് ആയതിനാൽ കുട്ടികൾക്ക് പാല് കൊടുത്ത് വീട്ടിൽ നിന്നിറങ്ങും. ഉച്ചയ്ക്ക് ഇടവേളയിൽ വീണ്ടും വീട്ടിലേക്ക് ഓടും. ആഴ്ചയിൽ ആറു ദിവസം രാവിലെ മുതൽ വൈകിട്ടു വരെ കോളജിൽ ഇരുന്ന് അസൈന്റ്മെന്റ്സ് എല്ലാം തയാറാക്കിയാണ് സെമസ്റ്റർ നാല് മികച്ച മാർക്കോടെ റോഷൻ പാസായത്. ഹാജർ ശതമാനം തികയ്ക്കാനും അസൈന്റ്മെന്റുകൾ തയാറാക്കാനുമെല്ലാം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. പ്രസവാവധി അവകാശം ആയി ലഭിക്കുമ്പോൾ മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്തുനിൽക്കേണ്ട അവസ്ഥ ഒഴിവാകുന്നു എന്നതാണ് വിദ്യാർഥികളെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യം– റോഷൻ പറഞ്ഞു. 2018ൽ എംടെക് പൂർത്തിയാക്കിയ റോഷൻ ഐഎസ്ആർഒയ്ക്കു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോൾ.റോഷനെ പോലെ ജീവിതത്തിലെ രണ്ടു പ്രധാന കടമ്പകൾ ഒരേസമയം കഠിനാധ്വാനത്തോടെ നേരിടാൻ എല്ലാവർക്കും കഴിയണമെന്നില്ല. ആത്മധൈര്യവും പൊരുതാനുള്ള മനോഭാവവും ഉള്ളവർ കടമ്പകൾ ചാടിക്കടക്കുമ്പോൾ ചിലർ അതിൽ തട്ടി വീഴുന്നു.

ഇനി ഔദാര്യത്തിനു കാക്കേണ്ട

Representative Image. Photo Credit : PragasitLalao/iStock

പ്രസവാവധി ഔദാര്യമല്ല, അവകാശമായി മാറുന്നു എന്നതാണ് ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ബസേലിയസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ടി.ജ്യോതിമോൾ പറഞ്ഞു. നേരത്തെ പ്രസവാവധിയിൽ പോകുന്ന കുട്ടികൾക്ക് ഹാജർ തികയ്ക്കാനും അസൈൻമെന്റുകൾ സമയത്ത് നൽകാനുംമറ്റു കുട്ടികളെയും അധ്യാപകരെയും ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. മനുഷ്യത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അടിസ്ഥാനത്തിലാണ് അക്കാര്യങ്ങളെല്ലാം മുന്നോട്ടുപോയിരുന്നത്. 15 ദിവസം അടുപ്പിച്ച് ഹാജർ ഇല്ലാതായാൽ കോഴ്സിൽ നിന്നു തന്നെ പുറത്തുപോകുന്ന അവസ്ഥയുണ്ടായിരുന്നു. അതിനെല്ലാം ഈ തീരുമാനം പരിഹാരമാകുമെന്നാണ് വിശ്വാസം. സാധാരണ 18–22 വയസ്സിനിടയിലാണ് ഡിഗ്രി, പിജി കോഴ്സുകൾക്ക് കുട്ടികൾ ചേരുന്നത്. വയസ്സ് ബാധകമല്ലാതെ വന്നതോടെ ഇപ്പോൾ അതിലും പ്രായമുള്ളവർ ഈ കോഴ്സുകൾക്കു ചേരുന്നുണ്ട്’’. യാതൊരു സങ്കോചവും കൂടാതെ പഠനം തുടരാൻ കുട്ടികളെ ഈ തീരുമാനം സഹായിക്കുമെന്ന്് ജ്യോതിമോൾ.

മാതൃകയായി കാലിക്കറ്റ് സർവകലാശാല

2013ൽ കാലിക്കറ്റ് സർവകലാശാലയിലാണ് ആദ്യമായി വിദ്യാർഥികൾക്ക് പ്രസവാവധി അനുവദിച്ചത്. ഇതിനായി എംസിഎ കോഴ്സിന്റെ മാനദണ്ഡങ്ങൾ യൂണിവേഴ്സിറ്റി മാറ്റി പ്രസവസംബന്ധമായ കാരണങ്ങൾകൊണ്ട് നീണ്ട അവധി അനുവദിക്കാനും കുട്ടികൾക്ക് ആ ബാച്ചിൽ തന്നെ പഠനം തുടരാനുള്ള അവസരവും നൽകി. സപ്ലിമെന്ററി ചാൻസിനു പകരം അവർക്ക് ആദ്യ ചാൻസിൽ തന്നെ പരീക്ഷ എഴുതാൻ അനുവാദമുണ്ടായിരുന്നു. ഇതിനായി 2010ലെ എംസിഎ കോഴ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

നിർദേശങ്ങൾ നടപടികൾ എളുപ്പമാക്കും

എംജി സർവകലാശാലയുടെ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് എറണാകുളം സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസ്. കോളജിൽ ഡിഗ്രി ക്ലാസുകളിൽ പ്രസവാവധി വേണ്ടിവരുന്ന കുട്ടികൾ കോളജിൽ വളരെ കുറവാണ്. എന്നാൽ പിജി കോഴ്സുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ വരുന്ന കുട്ടികൾക്ക് ഹാജറിലും അസൈറ്റ്മെന്റ് സമർപ്പിക്കുന്നതിലും ഇളവുകൾ അധ്യാപകരും ഡിപാർട്മെന്റും അനുവദിച്ചു നൽകുകയായിരുന്നു പതിവ്. എന്നാൽ ഇനി അതെല്ലാം ഉത്തരവിന്റെ അടിസ്ഥാനത്തിലാകുമ്പോൾ അധ്യാപകർക്കും കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാകും. കൃത്യമായ മാനദണ്ഡങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്യുക എളുപ്പമാണ്. മാത്രമല്ല, വിദ്യാർഥികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം. പ്രസവാവധിയുടെ കാലാവധി സംബന്ധിച്ച് ഓരോ സർവകലാശാലയ്ക്കും തീരുമാനം എടുക്കാമെന്നാണ് യുജിസി ഉത്തരവിലുള്ളത്. എംജി സർവകലാശാലയുടെ സിൻഡിക്കറ്റ് തീരുമാനം ഉത്തരവായി ഇറങ്ങിയാൽ മാത്രമേ ഇതൊക്കെ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും അൽഫോൺസ ചൂണ്ടിക്കാട്ടി

നഷ്ടപ്പെട്ട ഡിഗ്രി

Representative Image. Photo Credit : Liderina/iStock

ജാതകപ്രശ്നത്തിന്റെ പേരിൽ 18ാം വയസ്സിൽ കല്യാണം കഴിച്ച അനില 20-ാം വയസ്സിൽ അമ്മയായപ്പോൾ മുറിഞ്ഞത് ഡിഗ്രി പഠനം കൂടിയാണ്. പ്രവസവാവധി എന്നു കേട്ടുകേൾവി പോലും ഇല്ലാത്തതിനാൽ പ്രസവത്തോടെ പഠനം നിർത്തി. ബിരുദസർട്ടിഫിക്കറ്റ് പോലും കയ്യിലില്ലാത്തതിന്റെ സങ്കടം വലുതായിരുന്നു. രണ്ടു കുട്ടികൾ ആയതോടെ പിഎസ്‌സി പഠനത്തിലേക്കു തിരിഞ്ഞു. ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സർക്കാർ ജോലിക്കാരിയാണ് അനില. ഡിഗ്രി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അസിസ്റ്റന്റ് ലിസ്റ്റിൽ കയറിപ്പറ്റാമായിരുന്നു എന്ന നിരാശ അനിലയെ വിട്ടൊഴിഞ്ഞിട്ടില്ല.15 വർഷം മുൻപ് ഉപേക്ഷിച്ച ഡിഗ്രി പഠനം പുനരാരംഭിക്കാനും അനിലയ്ക്ക് ആഗ്രഹമുണ്ട്.

അവകാശമെങ്കിലും വേണം പിന്തുണ

പിജി, ഡിഗ്രി കോഴ്സ് കാലഘടത്തിൽ വീട്ടിലെ സമ്മർദ്ദവും മറ്റും കാരണം വിവാഹം കഴിക്കുകയും പിന്നീട് ഗർഭിണിയായതോടെ പഠനം പൂർത്തിയാക്കാനാകാതെ പോയ നിരവധി കുട്ടികളുണ്ട്. ഇവർ വർഷങ്ങൾക്കു ശേഷം ബിരുദം പൂർത്തിയാക്കാൻ ആഗ്രഹിച്ച് എത്തുമ്പോഴേക്കും സിലബസ് എല്ലാം മാറിയിട്ടുണ്ടാകും. എല്ലാം വീണ്ടും പഠിച്ചെടുക്കേണ്ട വിഷമത്തിൽ പലരും ആ ഉദ്യമം തന്നെ ഉപേക്ഷിച്ചു പോകുകയാണ് പതിവ്. ആ രീതിക്ക് മാറ്റം കൊണ്ടുവരാൻ തീരുമാനത്തിനു സാധിക്കുമെന്ന് മഹാരാജാസ് കോളജിലെ മലയാളം വകുപ്പ് മേധാവി ഡോ.സുമി ജോയി ഓലിയപ്പുറം പറഞ്ഞു. ഇനി ഇത് അവകാശമായി ലഭിച്ചാൽ പോലും വിദ്യാഭ്യാസ സ്ഥാപനവും കുടുംബവും അവർക്കു പിന്തുണ നൽകണം. കാരണം കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങളും കൂടി ചുമലിൽ വച്ചാണ് അവർ പഠനത്തിന് എത്തുന്നത്. നിർബന്ധിത സാചര്യങ്ങൾകൊണ്ട് ചെറുപ്രായത്തിൽ വിവാഹതിരാകേണ്ടി വരുന്ന പെൺകുട്ടികൾക്ക് ഭാവിയിലേക്കുള്ള ശുഭ പ്രതീക്ഷയാകും തീരുമാനം. ഇതു കുറച്ചു നേരത്തെ തന്നെ വരേണ്ടതായിരുന്നെന്നും സുമി പറഞ്ഞു.

ചുരുക്കത്തിൽ സാമൂഹിക ചുറ്റുപാടുകൾ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും ചെറുപ്രായത്തിൽ വിവാഹിതരാകേണ്ടി വരികയും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരികയും ചെയ്യുന്ന നിരവധി പേർക്ക് പുതിയ സ്വപ്നങ്ങൾ കാണാൻ വഴിയൊരുക്കുന്നതാണ്  നടപ്പാക്കാനിരിക്കുന്ന ഈ നിയമം.

Content Summary: Students of MG University can now avail maternity leave

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT