കോട്ടയം ∙ നാലും അമ്പത്തഞ്ചും തമ്മിൽ കൂട്ടിയാൽ എത്രയാണെന്നു ജോർജ് കെ. മത്തായിയോടു ചോദിച്ചാൽ അദ്ദേഹം ഫോണിലെ ഗാലറി തുറക്കും. കുറേ മനുഷ്യർ ചിരിച്ചോണ്ടിരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കാണിക്കും, ഈ ചിരികളാണ് ഉത്തരമെന്നു ചിരിച്ചുകൊണ്ട് പറയും.

മൗണ്ട് കാർമൽ നഴ്സറി സ്കൂളിലെ 1968 ബാച്ച് സഹപാഠികൾ 2018ൽ ഒരുമിച്ചുകൂടിയപ്പോൾ എടുത്ത പടമാണ്. അവരെല്ലാവരും ഇന്നലെ വീണ്ടും ഒത്തുചേർന്നു.  പഴയ കഥകൾ പങ്കുവച്ചു, തമാശകൾ പറഞ്ഞുചിരിച്ചു. കൂട്ടുകാർ വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവന്ന ഭക്ഷണം ആസ്വദിച്ചു കഴിച്ചു.

'ഇത് കൊറേ വാട്സാപ് ഗ്രൂപ്പ് ഉണ്ടല്ലോ, നഴ്സറിയിൽ പഠിച്ചവർക്ക് കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്ക് ' ഭാര്യ അന്ന് തമാശയ്ക്കു പറഞ്ഞതാണെങ്കിലും ജോർജ് കെ.മത്തായിയും കൂട്ടുകാരി ജയറാണിയും ആ കോവിഡ് കാലത്തു തന്നെ കൂട്ടുകാരെ തപ്പിയിറങ്ങി. ഓരോരുത്തരെയായി കണ്ടെത്തി. അങ്ങനെയാണ് ആദ്യ ഒത്തുകൂടൽ. ‘ഓരോരോ ജീവിത സാഹചര്യങ്ങളിലാണ് എല്ലാവരും. എന്നാൽ ഒരുമിച്ചു കൂടുമ്പോൾ സന്തോഷത്തിലാണ്. ഞങ്ങളുള്ള മറ്റനേകം പൂർവ വിദ്യാർഥി കൂട്ടായ്മകളുണ്ട്, അവിടെയൊന്നും ഇല്ലാത്ത അടുപ്പമാണ് ഇവിടെ, ഇതൊരു വീടാണ്, ഞങ്ങളെല്ലാം കൂടെപ്പിറപ്പുകളും’ ജയറാണി പറയുന്നു.