ഹൈസ്കൂൾ പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിലിനു സജ്ജരാക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിന് മാർച്ച് 15 മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷ നൽകാം. www.polyadmission.org/ths.
Read Also : നിങ്ങളുടെ കുട്ടി ‘എഡിസണെ’ പ്രോത്സാഹിപ്പിക്കാം
സാധാരണ സ്കൂളുകളിലെ 8,9,10 ക്ലാസുകളിലെപ്പോലെയാണു പഠനമെങ്കിലും സാങ്കേതികവിഷയങ്ങളിലെ തിയറിയും പ്രാക്ടിക്കലും അധികമായുണ്ട്. എസ്എസ്എൽസിക്കു തുല്യമാണ് ടിഎച്ച്എസ് സർട്ടിഫിക്കറ്റ്. ഒന്നാം വർഷം അടിസ്ഥാന സാങ്കേതിക പരിശീലനവും രണ്ടും മൂന്നും വർഷങ്ങളിൽ ഇഷ്ട ട്രേഡിൽ വിശേഷപരിശീലനവുമുണ്ട്.
അധ്യയന മാധ്യമം മുഖ്യമായും ഇംഗ്ലിഷ് ആണ്. 8, 9 ക്ലാസുകളിൽ ‘എൻറിച് യുവർ ഇംഗ്ലിഷ് കോഴ്സ്’ പരിശീലനത്തിനു കൂടുതൽ നേരം വേണ്ടതിനാൽ സ്കൂൾ സമയം 9 മുതൽ 4.30 വരെ. പോളിടെക്നിക് കോളജ് പ്രവേശനത്തിനു ടിഎച്ച്എസുകാർക്കു 10% സംവരണമുണ്ട്.
ഏഴാം ക്ലാസ് ജയിച്ച്, 2023 ജൂൺ ഒന്നിന് 16 വയസ്സു തികയാത്തവരെയാണ് 2023-24 ൽ പ്രവേശിപ്പിക്കുക. പട്ടിക, ഒഇസി, ഭിന്നശേഷി, വിമുക്‌തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. ഒന്നിലേറെ സ്കൂളുകളിലേക്കു വെവ്വേറെ അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
∙ സിലക്‌ഷൻ: സീറ്റിലുമേറെ അപേക്ഷകരുള്ള സ്കൂളുകളിൽ ഏപ്രിൽ 12നു രാവിലെ 10 മുതൽ 90 മിനിറ്റ് പ്രവേശനപരീക്ഷ നടത്തും. ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത എന്നിവയിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയുടെ ഫലം അന്നു വൈകിട്ട് 4ന്. ഈ പരീക്ഷയിലെ പ്രകടനം നോക്കി, സംവരണതത്വങ്ങളനുസരിച്ചു കുട്ടികളെ തിരഞ്ഞെടുക്കും. ഒന്നാം വർഷ വിദ്യാർഥികൾക്കു സ്കൂൾമാറ്റം കിട്ടില്ല.
ട്യൂഷൻ ഫീയില്ല. പക്ഷേ, ആദ്യവർഷം 45 രൂപ പ്രവേശനഫീയും ഓരോ വർഷവും 180 രൂപ പലവക ഫീസും നൽകണം.
∙ 39 സ്കൂൾ, 3275 സീറ്റ്: 39 ടിഎച്ച്‌എസുകളിലായി ആകെ 3275 സീറ്റുകളുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിൻകര, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം, കൃഷ്ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ, ഷൊർണൂർ, പാലക്കാട്, ചിറ്റൂർ, കോക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽപുത്തൂർ, ചെറുവത്തൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് ടിഎച്ച്‌എസ് ഉള്ളത്. ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും.
Content Summary : Apply for Technical School (THS) Admission 2023