ക്ലാസുകൾ നേരത്തേ തുടങ്ങുന്നതിനെതിരെ സിബിഎസ്‍ഇ മുന്നറിയിപ്പ്
ന്യൂഡൽഹി ∙ അടുത്ത അക്കാദമിക വർഷത്തെ ക്ലാസുകൾ ഏപ്രിൽ ഒന്നിനു മുൻപ് ആരംഭിക്കുന്നതിനെതിരെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‍ഇ) സ്കൂളുകൾക്കു മുന്നറിയിപ്പു നൽകി. ചില സ്കൂളുകൾ 10, 12 ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ട് തീർക്കേണ്ട പഠനം കുറഞ്ഞ സമയത്തു പൂർത്തിയാക്കുന്നത് കുട്ടികളിൽ മാനസിക സമ്മർദത്തിനിടയാക്കുമെന്ന് സിബിഎസ്‍ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.
Read Also : എൽഎസ്എസ്, യുഎസ്എസ്: പരീക്ഷ ഏപ്രിൽ 26ന്
പാഠഭാഗം തീർക്കുന്നതു മാത്രമല്ല പഠനം. പഠനേതര പ്രവൃത്തികളും നൈപുണ്യ വികസനവും മൂല്യപഠനവും ആരോഗ്യ വിദ്യാഭ്യാസവും സമൂഹ സേവനവും എല്ലാം പഠനത്തിന്റെ ഭാഗമാകണം. ഇതിനെല്ലാം വേണ്ട സമയം നൽകാതെ അടുത്ത വർഷത്തെ പാഠഭാഗങ്ങൾ നേരത്തേ പഠിപ്പിക്കുന്നത് വിദ്യാർഥികളുടെ സർവതോമുഖമായ വളർച്ചയ്ക്ക് നല്ലതല്ല. ഓരോ അക്കാദമിക വർഷവും ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കുന്നതാണ്. – അദ്ദേഹം പറഞ്ഞു. 10 ലെ ബോർഡ് പരീക്ഷ 21നും 12 ലേത് ഏപ്രിൽ 5നും അവസാനിക്കും.
Content Summary : CBSE warns schools against starting academic session before April 1