കണക്കുകൂട്ടലുകൾ തെറ്റിച്ച് സിബിഎസ്ഇ കണക്ക് പരീക്ഷ
ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസ് കണക്ക് (സ്റ്റാൻഡേഡ്) പരീക്ഷ വിദ്യാർഥികളെ വലച്ചു. മാതൃകാ ചോദ്യവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് വന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
3 മണിക്കൂറിനുള്ളിൽ 38 ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പലർക്കും കഴിഞ്ഞില്ല. 20 ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ളതായിരുന്നെങ്കിലും ഇതെല്ലാം കണക്കു ചെയ്ത് ഉത്തരം കണ്ടെത്തേണ്ടതായിരുന്നു. ഒരു മാർക്കിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും ഏറെ സമയം വേണ്ടിവന്നു.
ശരാശരി വിദ്യാർഥികളെ ഏറെ വലയ്ക്കുന്നതായിരുന്നു ചോദ്യങ്ങളെന്ന് അധ്യാപകർ പറഞ്ഞു. കേസ് സ്റ്റഡി, പ്രോബബിലിറ്റി വിഭാഗങ്ങളിലെ ചോദ്യങ്ങളെല്ലാം സങ്കീർണമായിരുന്നു. കേരളത്തിലെ സ്കൂളുകൾക്കു നൽകിയ 3 സെറ്റ് ചോദ്യക്കടലാസുകൾ എല്ലാംതന്നെ കഠിനമായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. മൂന്നാം സെറ്റായിരുന്നു ഏറ്റവും കടുപ്പം.
പത്താം ക്ലാസിലെ അവസാന പരീക്ഷയായിരുന്നു ഇന്നലത്തേത്. നേരത്തേ നടന്ന ഫിസിക്സ് പരീക്ഷയും കാഠിന്യമേറിയതായിരുന്നു.
English Summary : CBSE 10th maths exam twisted students