മറ്റു രാജ്യങ്ങളിൽ സ്കൂളുകളിലെ ആദ്യദിനം എങ്ങനെ? 5 രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ
സ്കൂളിലേക്കു മാത്രമല്ല ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണ് ന്യൂഗാകുഷികി. ജാപ്പനീസിൽ ന്യൂഗാകുഷികി എന്നാണു പ്രവേശനോത്സവത്തിനു പേര്. നെൽവയലുകളിൽ വിത്തുപാകുന്നതിനു തൊട്ടുമുൻപ്, വെറും രണ്ടാഴ്ചയ്ക്കായി പൂത്തുലയാറുള്ള ചെറിപ്പൂക്കൾ കൊഴിഞ്ഞു തീരുംമുൻപേ ഏപ്രിൽ ആദ്യയാഴ്ചയാണു സ്‌കൂൾ പ്രവേശനം.
സ്കൂളിലേക്കു മാത്രമല്ല ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണ് ന്യൂഗാകുഷികി. ജാപ്പനീസിൽ ന്യൂഗാകുഷികി എന്നാണു പ്രവേശനോത്സവത്തിനു പേര്. നെൽവയലുകളിൽ വിത്തുപാകുന്നതിനു തൊട്ടുമുൻപ്, വെറും രണ്ടാഴ്ചയ്ക്കായി പൂത്തുലയാറുള്ള ചെറിപ്പൂക്കൾ കൊഴിഞ്ഞു തീരുംമുൻപേ ഏപ്രിൽ ആദ്യയാഴ്ചയാണു സ്‌കൂൾ പ്രവേശനം.
സ്കൂളിലേക്കു മാത്രമല്ല ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണ് ന്യൂഗാകുഷികി. ജാപ്പനീസിൽ ന്യൂഗാകുഷികി എന്നാണു പ്രവേശനോത്സവത്തിനു പേര്. നെൽവയലുകളിൽ വിത്തുപാകുന്നതിനു തൊട്ടുമുൻപ്, വെറും രണ്ടാഴ്ചയ്ക്കായി പൂത്തുലയാറുള്ള ചെറിപ്പൂക്കൾ കൊഴിഞ്ഞു തീരുംമുൻപേ ഏപ്രിൽ ആദ്യയാഴ്ചയാണു സ്‌കൂൾ പ്രവേശനം.
അറിവിൻ വിത്തിട്ട് ന്യൂഗാകുഷികി
സ്കൂളിലേക്കു മാത്രമല്ല ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണ് ന്യൂഗാകുഷികി
ജാപ്പനീസിൽ ന്യൂഗാകുഷികി എന്നാണു പ്രവേശനോത്സവത്തിനു പേര്. നെൽവയലുകളിൽ വിത്തുപാകുന്നതിനു തൊട്ടുമുൻപ്, വെറും രണ്ടാഴ്ചയ്ക്കായി പൂത്തുലയാറുള്ള ചെറിപ്പൂക്കൾ കൊഴിഞ്ഞു തീരുംമുൻപേ ഏപ്രിൽ ആദ്യയാഴ്ചയാണു സ്‌കൂൾ പ്രവേശനം.
എവിടെ പഠിക്കണം? സർക്കാർ പറയും
ഒന്നാം ക്ലാസ് മുതൽ ഒൻപതു വരെയാണു ജപ്പാനിലെ നിർബന്ധിത സൗജന്യ വിദ്യാഭ്യാസം. ഒന്നു മുതൽ ആറു വരെ പ്രൈമറി സ്കൂൾ, ഏഴു മുതൽ ഒൻപതു വരെ മിഡിൽ സ്കൂൾ, പത്തു മുതൽ പന്ത്രണ്ടു വരെ ഹൈസ്‌കൂൾ എന്നതാണു രീതി. കുട്ടിയെ രാജ്യത്തിന്റെ പൊതുസ്വത്തായിട്ടാണു ജപ്പാൻ കാണുന്നത്. അതിനാൽ, രണ്ടു മാസം മുൻപുതന്നെ കുട്ടിയെ ചേർക്കേണ്ട വിദ്യാലയത്തിന്റെ പേരും മറ്റു വിശദാംശങ്ങളും രക്ഷിതാക്കൾക്കു സർക്കാർ ഓഫിസിൽ നിന്നു വിജ്ഞാപനം വരും. പ്രൈമറി തലത്തിൽ കുട്ടിയുടെ ക്ലാസും സ്കൂളും നിർണയിക്കുന്നതു ജനനത്തീയതിയും വിലാസവുമാണ്. ഏതെങ്കിലും പ്രത്യേക പൊതുവിദ്യാലയത്തിൽ ചേരാൻ താൽപര്യമുള്ളവർ ആ സ്ഥലത്തേക്കു വീടു മാറുക എന്നതു മാത്രമേ വഴിയുള്ളൂ. ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ പൊതുവിദ്യാഭ്യാസ സംവിധാനങ്ങളിൽ ഒന്നാണു ജപ്പാനിലേത്. വിവിധ രാജ്യങ്ങളിലെ നല്ല മാതൃകകൾ ഉൾപ്പെടുത്തി തുടർച്ചയായി നവീകരിക്കുമെന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
‘രാന്തോസെരു’ തൂക്കി സ്കൂളിലേക്ക്...
കുട്ടിക്കുറുമ്പന്മാരും കുറുമ്പികളും ആറു കൊല്ലം ഉപയോഗിച്ചാലും കേടുവരാത്ത ‘രാന്തോസെരു’ എന്ന ലെതർ ബാഗും കോട്ടും സ്യൂട്ടുമൊക്കെയിട്ടാണു പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്നത്. ഒൻപതു മണിയോടെ കുട്ടിയെ ക്ലാസ് ടീച്ചർ സ്വീകരിച്ചു ക്ലാസിലേക്കു കൊണ്ടുപോകും. പിന്നെ മൂന്നു മണിക്കൂറോളം നീളുന്ന ചടങ്ങാണ്. ഓരോ കുട്ടിയും ക്ലാസ് ടീച്ചറോടൊപ്പം മുൻനിരയിൽ അണിനിരക്കുമ്പോൾ കാഴ്ചക്കാരായി മാതാപിതാക്കളും കൂടെപ്പിറപ്പുകളും പിൻനിരയിൽ കാണും. പരേഡായി ഹാളിലേക്കു വരുന്ന പുതുമുഖങ്ങളെ കയ്യടിയോടെ സ്വീകരിക്കും. എൻറോൾമെന്റ് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനൊപ്പം ഓരോ കുട്ടിയും തന്റെ സ്വപ്നത്തെപ്പറ്റി ഒന്നോ രണ്ടോ വാക്കുകളിൽ പറയും. വിശിഷ്‌ടാതിഥികളും പ്രധാനാധ്യാപകരും മറ്റു ജീവനക്കാരും ആശംസ നേരും. മുതിർന്ന ക്ലാസിലെ കുട്ടികൾ സ്വാഗതഗാനവും സന്ദേശവും അവതരിപ്പിക്കും. പുതിയ കുട്ടികൾക്കു സുരക്ഷാ ബസർ, ആർട് സെറ്റ് തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ നൽകും. എല്ലാ ദിവസവും സ്കൂൾ ഗാനം ആലപിക്കും. വർഷത്തിൽ രണ്ടു തവണ മാത്രമാണു ജാപ്പനീസ് ദേശീയഗാനം സ്‌കൂളിൽ ആലപിക്കുന്നത്. അതിലൊന്നു പ്രവേശനോത്സവത്തിലാണ്. ചടങ്ങിനു ശേഷം ന്യുഗാകുഷികി ഫോട്ടോഷൂട്ട്, കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം, സമ്മാനങ്ങൾക്കൊപ്പം ന്യൂഗാകുകിൻ എന്ന സമ്മാനക്കൈനീട്ടം എന്നിവയും നടക്കും. കൊച്ചുകുട്ടികൾക്കു ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണു ന്യൂഗാകുഷികി.
നീന്തൽ മുതൽ വീട്ടിലെഇക്കണോമിക്സ് വരെ...
കണക്കും സയൻസും ചരിത്രവും ഭാഷയും മാത്രമല്ല നീന്തൽ, മാലിന്യനിർമാർജനം, ഉച്ചഭക്ഷണ വിതരണം, കൃഷി, മീൻ വളർത്തൽ, സംഗീതം, ചിത്രരചന, കലിഗ്രഫി, കംപ്യൂട്ടർ, തുന്നൽ, വിവിധ തൊഴിൽ മേഖലകൾ, റോഡ് സുരക്ഷ തുടങ്ങി സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നതു വരെ പഠനത്തിന്റെ ഭാഗമാണ്. ഇവിടത്തെ സ്കൂളുകളിൽ ഹോം ഇക്കണോമിക്സ് എന്നൊരു വിഷയമുണ്ട്. വീട്ടുപകരണങ്ങൾ കൈകാര്യം ചെയ്യൽ, വീട് മാനേജ് ചെയ്യൽ, കുടുംബത്തിന്റെ സാമ്പത്തിക മാനേജ്മെന്റ്, കുട്ടികളെ വളർത്തുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ എന്നിവയൊക്കെ പഠിപ്പിക്കുന്നു. സ്പോർട്സ്, ആർട്സ് തുടങ്ങിയവയിൽ 12 വയസ്സു വരെ പ്രദർശനമത്സരങ്ങൾ മാത്രം. ക്ലാസിൽ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് ഇരിക്കാം. ഓരോ ആഴ്ചയും ഇരിപ്പിടവും തൊട്ടടുത്തിരിക്കുന്ന ആളും മാറും. സ്ഥിരം മുൻ-പിൻ ബെഞ്ച് സംസ്കാരമോ ക്ലാസ് ലീഡർ സംവിധാനമോ ഇല്ല. ഓരോ ദിവസവും രണ്ടു കുട്ടികൾ വീതം ക്ലാസ് ലീഡറാകും. ആറാം ക്ലാസു വരെ വാർഷികപരീക്ഷ, ജയം തോൽവി തുടങ്ങിയവയുമില്ല.
(ടോക്കിയോയിൽ താമസിക്കുന്ന നസീ മേലേതിൽ ഐടി മാനേജരാണ്. മലപ്പുറം ചെമ്പ്രശേരി സ്വദേശിയാണ് നസീ മേലേതിൽ)
സ്കൂൾ അറിയാൻ ഒാപ്പൺ ഹൗസ്
സ്‌കൂൾ തുറക്കുന്ന ദിവസത്തെക്കാൾ പ്രാധാന്യം അതിന് തൊട്ടുമുൻപുള്ള ആഴ്ചയിൽ നടക്കുന്ന ഓപ്പൺ ഹൗസിന്
യുഎസിൽ പല സ്റ്റേറ്റുകളിലും പല രീതിയിലാണു സ്‌കൂൾ പ്രവേശനോത്സവം. ഇവിടെ ‘5കെ’ എന്ന പേരിലറിയപ്പെടുന്ന കിന്റർഗാർട്ടനിലാണു പൊതുവിദ്യാഭ്യാസം തുടങ്ങുന്നത്. താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട സ്‌കൂൾ സോണിലെ സ്കൂളുകളിലാണു കുട്ടിയെ ചേർക്കേണ്ടത്. ഏതെങ്കിലും പ്രത്യേക സ്‌കൂളിൽ പ്രവേശനം വേണമെങ്കിൽ ആ സ്‌കൂളിന്റെ പരിസരത്തേക്കു താമസം മാറ്റണം.
ഫണ്ടിങ് കൂടുതലുള്ള സ്‌കൂളുകളിൽ പ്രീ- കിന്റർഗാർട്ടൻ (മൂന്നു വയസ്സു മുതലുള്ള പഠനം) മുതൽ സൗജന്യമായി ലഭിക്കാറുണ്ട്. ആറു വയസ്സ് പൂർത്തിയാകുന്നവർ ഒന്നാം ക്ലാസിലേക്ക് എത്തുന്നു.സ്‌കൂൾ തുറക്കുന്ന ദിവസത്തെക്കാൾ പ്രാധാന്യമുള്ളത് അതിനു തൊട്ടുമുൻപുള്ള ആഴ്ചയിലെ ‘ഓപ്പൺ ഹൗസ്’ ആണ്. അന്നു കുട്ടികൾക്ക് അവരുടെ ക്ലാസും ഇരിപ്പിടവുമൊക്കെ കാണാനും ആ വർഷത്തെ ടീച്ചറെ പരിചയപ്പെടാനും അവസരം ലഭിക്കും. രക്ഷിതാക്കൾക്കു കുട്ടികളെക്കുറിച്ചു ടീച്ചറോടു സംസാരിക്കാനുള്ള സമയവുമാണിത്. കുട്ടിയുടെ സ്വഭാവസവിശേഷതകളൊക്കെ ടീച്ചറെ ബോധ്യപ്പെടുത്താം. സ്‌കൂൾ ആവശ്യത്തിനുള്ള ടിഷ്യു, മറ്റു ക്ലീനിങ് സാധനങ്ങൾ, ടീച്ചർക്കു വേണ്ട പേനകൾ തുടങ്ങി ഓരോ കുട്ടിയും എത്തിക്കേണ്ട സാധനങ്ങളും അവയുടെ എണ്ണവും ആദ്യമേ തന്നിട്ടുണ്ടാകും. ഇത്തരം സ്‌കൂൾ സപ്ലൈസ് എല്ലാം അവിടെ ഏൽപിക്കുന്ന ദിവസം കൂടിയാണ് അന്ന്. സ്‌കൂൾ ജിം, ലൈബ്രറി, ബസ്, ചെസ് ക്ലബ്, റൺ ക്ലബ്, ലെഗോ ടീം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും ഓപ്പൺ ഹൗസ് ദിവസം വിവരം ലഭിക്കും. കുട്ടിയുടെ സ്‌കൂൾ സാധനങ്ങൾ (പെൻസിൽ, ബുക്കുകൾ പോലുള്ളവ) ക്ലാസിലെ അവരവർക്കു വേണ്ടി മാറ്റിവെച്ചിട്ടുള്ള ഇടങ്ങളിൽ വയ്ക്കാനും അന്ന് അവസരമുണ്ട്.
രക്ഷിതാക്കൾക്ക് കൂളാകാൻ ‘മീറ്റ് ആൻഡ് ഗ്രീറ്റ് കോഫി ടൈം’
ആദ്യമായി സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ നന്നായി അലങ്കരിക്കും. താറാവ്, തവള, മുതല എന്നൊക്ക പേരിട്ട ക്ലാസ് മുറികളിൽ ആ തീം പ്രകാരം ഇരിപ്പിടങ്ങളും മേശകളും ക്രമീകരിക്കും. ഇവിടെ സർക്കാർ സ്‌കൂളുകളിൽ (പബ്ലിക് സ്‌കൂളുകൾ) യൂണിഫോമില്ല. സ്‌കൂൾ തുറന്ന് ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഉടുപ്പുകളിൽ കുട്ടിയുടെ പേര്, ക്ലാസ് ടീച്ചറുടെ പേര്, ബസ് നമ്പർ, കഫെറ്റീരിയ ലഞ്ച് ആണോ വീട്ടിൽ നിന്നുള്ള ലഞ്ച് ബോക്സ് ആണോ തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തിയ സ്‌ലിപ് ഒട്ടിക്കും. മിക്കയിടങ്ങളിലും ആദ്യദിവസം കിന്റർഗാർട്ടൻ രക്ഷകർത്താക്കൾക്ക് ഒരു ‘മീറ്റ് ആൻഡ് ഗ്രീറ്റ് കോഫി ടൈം’ സംഘടിപ്പിച്ചിട്ടുണ്ടാകും. ആദ്യമായി കുഞ്ഞുങ്ങളെ സ്‌കൂളിൽ വിട്ടുപോകാൻ സങ്കടപ്പെട്ടു നിൽക്കുന്ന അച്ഛനമ്മമാർക്ക് ഈ കൂട്ടുകൂടൽ നല്ലൊരു ആശ്വാസമാണ്.
(അർകെൻസയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. തിരുവനന്തപുരം നാവായിക്കുളം സ്വദേശിയാണ് ആർഷ അഭിലാഷ്)
ആഘോഷിച്ച് അടയ്ക്കും
സ്വീഡനിൽ ആഘോഷം സ്കൂൾ അടയ്ക്കുന്നത്.
നാട്ടിലേതു പോലെയല്ല സ്വീഡനിലെ വേനൽ സ്കൂൾ അവധി. നാട്ടിൽ മഴയോടൊപ്പം സ്കൂൾ തുറക്കുന്ന ജൂണിലാണ് ഇവിടെ വേനൽക്കാലം തുടങ്ങുന്നത്. അതു ജൂലൈയും പിന്നിട്ട് ഓഗസ്റ്റ് വരെ നീളും.
സ്കൂൾ തുറക്കൽ വളരെ ‘സോഫ്റ്റ്’
സ്കൂൾ തുറക്കൽ അല്ല, അടയ്ക്കുന്നതാണു സ്വീഡനിൽ ആഘോഷം. സ്കൂൾ ക്ലോസിങ് എന്ന പേരിൽ കുട്ടികളുടെ പല പരിപാടികളും ഉണ്ടാകും. രക്ഷിതാക്കൾക്കും പോകാം. സ്കൂൾ ആരംഭം വളരെ സോഫ്റ്റ് ആണ്; അഥവാ കുട്ടികൾ അങ്ങു പോകും. യൂണിഫോം ഇല്ലാത്തതുകൊണ്ട് തുണി വാങ്ങലും തയ്പ്പിക്കലും പോലുള്ള പരിപാടികൾ വേണ്ട. പക്ഷേ, കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രം കുട്ടികൾക്കു വേണം. അത് ഓരോ കുട്ടിയുടെയും അലമാരയിൽ സ്കൂളിൽ തന്നെ വച്ചിട്ടുണ്ടാകും. ക്ലാസ്മുറിയിൽ അടച്ചിരുത്തിയുള്ള വിദ്യാഭ്യാസരീതിയല്ല ഇവിടെ. പഠനം പതുക്കയേ തുടങ്ങൂ. കുട്ടികളെ ‘കംഫർട്ട്ബിൾ’ ആക്കുകയാണു പ്രധാനം. സ്കീയിങ്, ഐസ് സ്കേറ്റിങ്, നീന്തൽ പോലെ ഒട്ടേറെ ആക്ടിവിറ്റികൾ പഠനത്തിന്റെ ഭാഗമാണ്. കുട്ടികൾക്കു ‘പുറത്തു പോകാൻ’ ഇഷ്ടം പോലെ അവസരമുണ്ട്.
(സ്റ്റോക്കോമില്‍ നർത്തകിയാണ് കോട്ടയം സ്വദേശിയായ അലൻ ചന്ദ്രൻ)
ഒരുങ്ങാൻ ഒരു മാസം
സ്കൂൾ തുറന്നാൽ ആദ്യമാസം കുട്ടികൾക്ക് മാനസികമായി ഒരുങ്ങാൻ സമയം
ജൂണിൽ സ്‌കൂൾ അടച്ചാൽ സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുന്നതു വരെ ആഘോഷങ്ങളുടെ വേനലവധിയാണ്. നീണ്ട അവധി കഴിഞ്ഞു വരുന്ന കുട്ടികൾക്ക് ഒറ്റയടിക്കു ഫുൾടൈം സ്‌കൂൾ ടൈം ടേബിളിലേക്കു മാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടു മനസ്സിലാക്കി, ആദ്യ ആഴ്ചയിൽ വെറും രണ്ടു മണിക്കൂർ മാത്രമാണു ക്ലാസ്. അതിനടുത്ത ആഴ്ചയിൽ മൂന്നു- നാലു മണിക്കൂറും. അങ്ങനെ ഒരു മാസം കൊണ്ടാണു നോർമൽ ഷെഡ്യൂളിലേക്ക് എത്തുന്നത്.
സ്കൂൾ തുറക്കുന്ന ദിവസം അതതു സ്‌കൂളുകൾ തയാറാക്കുന്ന സ്വാഗതപരിപാടികൾ ഉണ്ടാവാറുണ്ട്. ചെറിയ പെൻസിലുകളും ചോക്ലേറ്റ്സുമൊക്കെ സമ്മാനമായി അധ്യാപകർ കരുതിയിട്ടുണ്ടാകും. കുറച്ചുവർഷം മുൻപു വരെ സ്‌കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളെയും അസംബ്ലി പോലെ നിർത്തി എല്ലാവരും ഒന്നിച്ചു ബലൂണുകൾ പറത്തുന്ന പതിവുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആ വക കലാപരിപാടികളൊക്കെ നിർത്തി!
(പലെർമോയിൽ അധ്യാപിക.വൈക്കം സ്വദേശിയാണ് അമ്മു ആൻഡ്രൂസ്)
‘നടന്നു’ പഠിക്കാം
സ്കൂൾ ബസ് സംസ്കാരം യുകെയിൽ അപചരിതം കുഞ്ഞിനു നടന്നെത്താൻ കഴിയുന്ന ദൂരപരിധിയിലുള്ള സ്കൂളുകളിലേ പ്രവേശനം കിട്ടൂ
യുകെയിൽ പ്രവേശനോത്സവം എന്ന പേരിൽ പരിപാടികൾ ഒന്നുമില്ലെങ്കിലും ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ട്. ഞങ്ങളുടെ ചെറിയ കുഞ്ഞ് ഇപ്പോൾ രണ്ടാം വർഷമാണ് സ്കൂളിൽ. അവൾ ഇവിടെ സ്കൂളിൽ ചേർന്നത് റിസപ്ഷൻ ടുവിലാണ്. അതായതു കെജി ടു. നാട്ടിലെ യുകെജി എന്നും പറയാം. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണു സ്കൂൾ തുറക്കുന്നത്. ജൂലൈ പാതിയിൽ അടയ്ക്കുകയും ചെയ്യും. നമുക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ പ്രവേശനം നേടാൻ കഴിയില്ല. താമസിക്കുന്ന പ്രദേശത്തെ സ്കൂളുകളിൽ മാത്രമാണു പ്രവേശനം. സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കുന്നതു മുനിസിപ്പൽ കൗൺസിലുകളിലൂടെയാണ്. സ്കൂളുകളിലെ ഒഴിവും നമ്മുടെ താമസ സ്ഥലവുമായുള്ള ദൂരവും ആധാരമാക്കി അഡ്മിഷൻ കിട്ടും. കുഞ്ഞിനു നടന്നെത്താൻ കഴിയുന്ന ദൂരപരിധിയിലായതിനാൽ സ്കൂൾ ബസ് പരിപാടി ഇവിടെയില്ല. സ്വന്തമായി കാറുള്ളവർ അതിൽ പോകും. ഇരുചക്ര വാഹനങ്ങൾ വളരെക്കുറവാണ്. കുട്ടികളെയും കൂട്ടിയുള്ള ബൈക്ക് യാത്ര ഇവിടെ കണ്ടിട്ടില്ല.
സ്കൂൾ കണ്ട് ഇഷ്ടപ്പെടാം
അഡ്മിഷൻ സമയത്തു സ്കൂൾ കാണാൻ അവസരമുണ്ട്. ക്ലാസ് മുറികൾ, കിച്ചൻ, കളിസ്ഥലം, ലൈബ്രറി, ശുചിമുറി എല്ലാം കാണാം. അധ്യാപകരെ പരിചയപ്പെടുത്തിത്തരുന്നതിനും സംവിധാനമുണ്ട്. അഡ്മിഷനു മുൻപു പരീക്ഷ, ഇന്റർവ്യൂ പരിപാടികളൊന്നുമില്ല. ആദ്യദിവസം കുട്ടികളെ സ്വാഗതം ചെയ്യാൻ അധ്യാപകർ ഗേറ്റിൽ നിൽക്കുന്നുണ്ടാകും. ഒരൽപം കുശലം പറഞ്ഞിട്ട് അവർ കുട്ടികളെ ക്ലാസിലേക്കു കൊണ്ടുപോകും. ആദ്യദിവസം രക്ഷിതാക്കൾക്ക് ഓഡിറ്റോറിയത്തിൽ ഇരിക്കാം. എന്നാൽ നാട്ടിലെപ്പോലെ അന്നു ക്ലാസ് നേരത്തേ വിടുന്ന പതിവില്ല. സ്കൂൾ വിദ്യാഭ്യാസം സൗജന്യമായ ഗവൺമെന്റ് സ്കൂളുകളിലെല്ലാം ഈ രീതിയാണ്. ഏറിയാൽ ഒരു ക്ലാസിൽ 30 കുട്ടികളേ കാണൂ. ടീച്ചറെക്കൂടാതെ ഒരു അസിസ്റ്റന്റ് ടീച്ചറും ഒരു സപ്പോർട്ടിങ് സ്റ്റാഫും ഒരു ക്ലാസ്സിൽ ഉണ്ടാകും. ആദ്യ ദിവസങ്ങളിൽ കുട്ടികളെ ശുചിമുറികളിൽ കൊണ്ടുപോകാനും ഭക്ഷണം കഴിപ്പിക്കാനും സ്റ്റാഫ് കൂടെയുണ്ടാവും. യൂണിഫോം ഉണ്ട്. വലിയ ക്ലാസുകളിൽ കോട്ടും സ്യൂട്ടുമൊക്കെയുണ്ട്. അത് തണുപ്പിനെ അതിജീവിക്കാൻ കൂടിയാണ്. ചൂടുകാലത്ത് ഇൗ കോട്ട് ഒഴിവാകും.
സിലബസ് എന്നത് 100 പേജുള്ള ഒരു കുഞ്ഞിക്കഥാപുസ്തകം വായിക്കുംപോലുള്ള അനുഭവമായതുകൊണ്ട്, ചെറിയ ക്ലാസുകളിലെ കുട്ടികൾക്കു പഠനം മിക്കവാറും പാട്ടും കളിയുമായി വലിയ ബുദ്ധിമുട്ടില്ലാതെ പോകും. ഹോംവർക് ഇല്ല. ടെക്സ്റ്റ് ബുക്കും ഡയറിയുമൊന്നും പ്രൈമറി ക്ലാസുകളിലില്ല. വിവരങ്ങളെല്ലാം രക്ഷിതാക്കൾക്ക് ഇമെയിൽ സന്ദേശമായി വരും. സ്പ്രിങ് ഫെസ്റ്റിവൽ, ബുക്ക് ഡേ, ഹാലോവീൻ ഡേ തുടങ്ങി പലവിധ ആഘോഷങ്ങൾ സ്കൂളുകളിലുണ്ട്. അന്നു പല വേഷങ്ങളിൽ വരാൻ പറയാറുണ്ട്. ടീച്ചർമാരും മറ്റും ‘ദിനോസറാ’യും ‘ഡ്രാക്കുള’യായുമൊക്കെ വരുന്നതു കാണാൻ നല്ല ചേലാണ്.
(സസെക്സിൽ യുകെ നാഷനൽ ഹെൽത്ത് സർവീസസിൽ കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ പ്രഫഷനൽ ആണ് പാലക്കാട് സ്വദേശിയായ പി.വി. സ്മിത)
Content Summary : It's back-to-school season! Here's what reopening days are like in the US, Sweden, Japan, Italy and UK.