ഒരാഴ്ചയോ ഒരു മാസമോ ലീവെടുക്കുന്നതു തന്നെ പലരും നന്നായി കഷ്ടപ്പെട്ടാണ്. എന്നാൽ ഇറ്റലിയിലെ ഒരു അധ്യാപികയ്ക്ക് 20 വർഷത്തോളം ജോലിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ സാധിച്ചു. മാസംതോറും ശമ്പളം വാങ്ങുമ്പോൾ തന്നെ. ഇറ്റലിയിലെ വെനീസിലുള്ള സിൻസിയോ പോളിനയാണ് ലോകശ്രദ്ധ നേടിയത്. വെനീസിലെ സെക്കൻഡറി സ്കൂളിൽ സാഹിത്യം, ഫിലോസഫി എന്നിവ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട അധ്യാപികയാണ് പോളിന. 24 വർഷമായി ഇവിടത്തെ ടീച്ചറായ ഇവർ ജോലിയിൽ ഹാജരായ ദിവസങ്ങളെല്ലാം കൂട്ടിനോക്കിയാൽ വെറും 4 വർഷമേ ആകുകയുള്ളുവെന്ന് സ്കൂൾ അധികൃതർ പറയുന്നു.

Read Also : ഓഫിസിൽ അന്തസ്സ് കാട്ടണം, നിയമം പാലിക്കണം; ഉദ്യോഗസ്ഥർ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന് ഉത്തരവ്

56 വയസ്സുകാരിയായ പോളിന മെഡിക്കൽ ലീവ്, കോൺഫറൻസ് ലീവ് തുടങ്ങി ഒട്ടേറെ ഉപാധികൾ ഉപയോഗിച്ചാണ് പല ഘട്ടങ്ങളിലായി ഇത്രലീവുകൾ എടുത്തത്. ഇതിനിടെ 2017ൽ വിദ്യാർഥികൾ ഇവർക്കെതിരെ തിരിയുകയും സമരം നടത്തുകയും ചെയ്തു. അപൂർവമായി സ്കൂളിൽ എത്തുമ്പോൾ പോലും പോളിന പാഠഭാഗങ്ങൾ മറന്നുപോയെന്നും അധ്യാപനം ശരിയായില്ലെന്നുമാണ് കുട്ടികളുടെ ആരോപണം. പാഠപുസ്തകം പോലുമില്ലാതെയാണത്രേ പോളിന പലപ്പോഴും ക്ലാസിൽ എത്തിയിരുന്നത്. ക്ലാസ് എടുക്കാനിരിക്കുമ്പോൾ തന്നെ മൊബൈലിൽ സംസാരിക്കാനും സന്ദേശങ്ങളയച്ചു സമയം കളയാനുമായിരുന്നു പോളിനയ്ക്കു താൽപര്യമെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.

വിദ്യാർഥികൾ പ്രശ്നമുണ്ടാക്കിയതോടെ പോളിനയ്ക്കു ജോലി നഷ്ടമായി. എന്നാൽ ഇവർ  കേസ് ഇറ്റലിയിലെ സുപ്രീംകോടതിയിലെത്തിക്കുകയും അനുകൂലവിധി നേടിയെടുത്ത് തൊട്ടടുത്തവർഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 

എന്നാൽ പോളിനയുടെ അപൂർവമായ ലീവെടുക്കലിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രാലയം പിന്നീട് കോടതിയെ ധരിപ്പിച്ചതോടെ വിധി റദ്ദു ചെയ്തു. അധ്യാപകജോലിക്ക് ഒട്ടും യോജിക്കാത്തയാൾ എന്നാണ് പോളിനയെ കോടതി വിശേഷിപ്പിച്ചത്. സിൻസിയോ പോളിന മാത്രമല്ല, വേറെയും ജോലിയിൽ നിന്നുള്ള മുങ്ങൽവിദഗ്ധർ ഇറ്റലിയിലുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തനായിരുന്നു ആരോഗ്യപ്രവർത്തകനായിരുന്ന സാൽവത്തോർ സ്കുമേസ്. 66 വയസ്സുകാരനായ സാൽവത്തോറിനായി ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും ഇനത്തിൽ 4 കോടിയിലധികം രൂപയാണ് ആശുപത്രി അധികൃതർ ചെലവഴിച്ചത്. 15 വർഷമായി ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു സാൽവത്തോറിന്റെ വാദം. എന്നാ‍ൽ ജോലിക്കു ചേർന്ന ആദ്യദിനം മാത്രമാണ് ഇയാൾ ആശുപത്രിയിൽ പോയിട്ടുള്ളത്.

Content Summary : Teacher Fired From School After Avoiding Work For 20 Years Using Sick Leaves, Holidays