ന്യൂഡൽഹി ∙ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്നു യുജിസി നിർദേശിച്ചു. നിശ്ചിത കാലയളവിനുള്ളിലാണു റദ്ദാക്കുന്നതെങ്കിൽ അടച്ച മുഴുവൻ ഫീസും തിരികെ നൽകണം. ഇതിന്റെ മാനദണ്ഡം യുജിസി പ്രസിദ്ധീകരിച്ചു. 

Read Also : ആദ്യ റൗണ്ടിൽ പ്രിയം കംപ്യൂട്ടറിനു തന്നെ; ജോസ രണ്ടാം റൗണ്ട് ഫലം ജൂലൈ 6 ന്

സെപ്റ്റംബർ 30ന് ഉള്ളിലാണു പ്രവേശനം റദ്ദാക്കുകയോ മറ്റൊരു സ്ഥാപനത്തിലേക്കു മൈഗ്രേറ്റ് ചെയ്യുകയോ ചെയ്യുന്നതെങ്കിൽ ഫീസ് മുഴുവൻ തിരികെ നൽകണം. ഒക്ടോബർ 31ന് ഉള്ളിലാണെങ്കിൽ പ്രോസസിങ് ഫീസായി 1000 രൂപയിൽ താഴെ മാത്രം ഈടാക്കി ബാക്കി റീഫണ്ട് നൽകണം. 

ഒക്ടോബർ 31നു ശേഷവും പ്രവേശന നടപടികൾ തുടരുന്ന സ്ഥാപനമാണെങ്കിൽ 2018 ലെ യുജിസി മാനദണ്ഡം അനുസരിച്ചു ഫീസ് റീഫണ്ട് അനുവദിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശന നടപടി അവസാനിക്കുന്നതിനു 15 ദിവസം മുൻപാണ് അഡ്മിഷൻ പിൻവലിക്കുന്നതെങ്കിൽ മുഴുവൻ ഫീസും റീഫണ്ട് ചെയ്യണം. 15 ദിവസത്തിൽ താഴെയാണെങ്കിൽ 90 ശതമാനം മടക്കി നൽകണം. അവസാന ദിവസം കഴിഞ്ഞു 15 ദിവസത്തിനുള്ളിലാണെങ്കിൽ 80 ശതമാനവും 30 ദിവസത്തിനുള്ളിലാണെങ്കിൽ 50 ശതമാനവും റീഫണ്ട് അനുവദിക്കണം. 

കേന്ദ്രസർവകലാശാലകളിലെ പ്രവേശന നടപടികൾ ഒക്ടോബർ 31നു മുൻപു പൂർത്തിയാക്കണമെന്നാണു നിർദേശം. അതേസമയം, ചില സംസ്ഥാന സർവകലാശാലകളിൽ ഒക്ടോബറിനു ശേഷവും പ്രവേശന നടപടികൾ തുടരാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ മാർഗരേഖ നൽകിയിരിക്കുന്നതെന്ന് യുജിസി വ്യക്തമാക്കി. ഫീസ് തിരികെ നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചാൽ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം.

Content Summary : Refund full fees against cancelled admissions: UGC