അബുദാബി ഐഐടി: യുഎഇ സ്വദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും പ്രവേശനം
ന്യൂഡൽഹി ∙ അബുദാബിയിൽ ആരംഭിക്കുന്ന ഡൽഹി ഐഐടി (IIT Delhi) ക്യാംപസിൽ യുഎഇ സ്വദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യയിൽനിന്നുള്ളവർക്കും പ്രവേശനം നേടാം. ജെഇഇ അഡ്വാൻസ്ഡ്, ഗേറ്റ് പരീക്ഷകൾക്കു പകരം ഐഐടി ഡൽഹി തന്നെ നടത്തുന്ന പ്രത്യേക പരീക്ഷ വഴിയായിരിക്കും പ്രവേശനം. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി (അഡെക്) സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖലീഫ സർവകലാശാല, അബുദാബിയിലെ ന്യൂയോർക്ക് സർവകലാശാല, ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ടിഐഐ), ഹബ്71 എന്നിവയുമായും സഹകരണമുണ്ടാകും. സുസ്ഥിര ഊർജം, കാലാവസ്ഥാ പഠനം, കംപ്യൂട്ടിങ് ആൻഡ് ഡേറ്റ സയൻസസ് എന്നിവയിൽ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കും. എഐ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകളുണ്ടാകും. വിദേശ ഐഐടികളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 20% സീറ്റിൽ മാത്രമേ പ്രവേശനം നൽകാവൂ എന്നാണ് ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തതെങ്കിലും ടാൻസനിയയിലെ സാൻസിബറിൽ തുടങ്ങുന്ന ആദ്യ വിദേശ ക്യാംപസിൽ പ്രവേശനത്തിനു പരിധി വച്ചിട്ടില്ല.
Content Summary : India’s IIT-Delhi to set up first international campus in Abu Dhabi with ADEK