കേരളത്തിലെ ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്ഷൻ 31 രാവിലെ 10 മണി വരെ www.cee.kerala.gov.inൽ സമർപ്പിക്കാം. നീറ്റ്–യുജി 2023 ന്റെ അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് അർഹത. 

Read Also : അനങ്ങാത്ത തള്ളവിരലുള്ള കുട്ടി, കുഞ്ഞുങ്ങളെ ‘സാഡാ’കാതിരിക്കാൻ കളിച്ചു വളരാനുള്ള സാഹചര്യമൊരുക്കാം

ആദ്യഘട്ട താൽക്കാലിക അലോട്മെന്റ് ഓഗസ്റ്റ് രണ്ടിനും അന്തിമ അലോട്മെന്റ് മൂന്നിനും പ്രസിദ്ധപ്പെടുത്തും. സിലക്‌ഷൻ പ്രകാരം, അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ഓൺലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓഗസ്റ്റ് 5 മുതൽ അടയ്ക്കാം. ഫീസടച്ച് 8നു വൈകിട്ടു 4 മണിക്കകം കോളജിൽ ചേരണം. കോളജിൽ ചേർന്ന കുട്ടികളുടെ ലിസ്റ്റ് 8നു വൈകിട്ട് 5ന് കമ്മിഷണർക്കു നൽകും.പ്രവേശനം നൽകുന്ന 12 സർക്കാർ മെഡിക്കൽ കോളജുകൾ, 18 സ്വാശ്രയ മെഡിക്കൽ കോളജുകൾ, 6 സർക്കാർ ഡെന്റൽ കോളജുകൾ, 20 സ്വാശ്രയ ഡെന്റൽ കോളജുകൾ എന്നിവയുടെ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്.

 ∙ സീറ്റ് വിഭജനം

15% ഓൾ ഇന്ത്യ ക്വോട്ട, കേന്ദ്ര നോമിനികൾ, ന്യൂനപക്ഷ, എൻആർഐ ക്വോട്ട, ഭിന്നശേഷി, വിശേഷ സംവരണം എന്നിവയ്ക്കൊഴികെയുള്ള സീറ്റുകൾ ഇങ്ങനെ വിഭജിക്കും. 

സംസ്‌ഥാന മെറിറ്റ് – 50%.

സംവരണം: സാമ്പത്തിക പിന്നാക്കം 10%, ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, എൽസി & ആംഗ്ലോ–ഇന്ത്യൻ 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യൻ 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2%.

പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ മാത്രം പട്ടികജാതി 70%, പട്ടികവർഗം 2%, ജനറൽ െമറിറ്റ് 13%, ഓൾ ഇന്ത്യ ക്വോട്ട 15% എന്ന ക്രമം. 

കൊല്ലം പാരിപ്പള്ളിയിലാകട്ടെ, ഓൾ ഇന്ത്യ ക്വോട്ട 15%. ഇൻഷുർ ചെയ്തവരുടെ ആശ്രിതർക്കുള്ള 35% കേന്ദ്രം അലോട്ട് ചെയ്യുന്നു. സംസ്ഥാന ക്വോട്ട 50% കമ്മിഷണർ അലോട്ട് ചെയ്യും. ന്യൂനപക്ഷ കോളജുകളിലെ, എൻആർഐ സീറ്റുകളിൽ താൽപര്യമുള്ളവർ ഇപ്പോൾ ഓപ്ഷൻ സമർപ്പിക്കണം. മലയാളികളില്ലെങ്കിൽ മാത്രമേ എൻആർഐയിലേക്ക് കേരളത്തിനു പുറത്തുള്ളവരെ പരിഗണിക്കൂ.

കേരള റാങ്ക്‌ലിസ്റ്റിൽപെട്ട ഏത് ഇന്ത്യക്കാരെയും സ്വദേശം പരിഗണിക്കാതെ, സ്വാശ്രയകോളജുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റിലേക്ക് പരിഗണിക്കും.

∙ഓപ്ഷൻ റജിസ്ട്രേഷൻ

ഓപ്ഷൻ സമർപ്പിക്കുന്നതിനു മുൻപ്, റജിസ്ട്രേഷൻ ഫീ 5,000 രൂപ ഓൺലൈനായോ, കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ കമ്മിഷണറുടെ പേരിൽ അടയ്ക്കണം. പട്ടികവിഭാഗം, ഒഇസി, ജുവനൈൽ / നിർഭയ /ശ്രീചിത്ര ഹോം നിവാസികൾ എന്നിവർ 500 രൂപയടച്ചാൽ മതി. 5,000 രൂപ കോളജിൽ ചേരുന്നവരുടെ ട്യൂഷൻ ഫീയിലും 500 രൂപ കോഷൻ ഡിപ്പോസിറ്റിലും വകവയ്ക്കും. അല്ലാത്തവർക്ക് പ്രവേശനനടപടികൾ തീർന്നതിനു ശേഷം തിരികെത്തരും.

സർക്കാർ കോളജുകളിൽ അലോട്മെന്റ് കിട്ടുന്നവർ മുഴുവൻ ഫീസും കമ്മിഷണറുടെ പേരിൽ അടയ്ക്കണം. സ്വാശ്രയ കോളജുകളിലാകട്ടെ അലോട്മെന്റ് മെമ്മോയിലെ തുകയടച്ചാൽ മതി. പട്ടിക, ഒഇസി വിഭാഗക്കാരും ശ്രീചിത്ര / ജുവനൈൽ /നിർഭയ ഹോം നിവാസികളും ഇതടയ്ക്കേണ്ട. പക്ഷേ, പ്രവേശനം സ്വാശ്രയ കോളജിലെ ന്യൂനപക്ഷ / എൻആർഐ സീറ്റിലേക്കെങ്കിൽ ഈ ഇളവില്ല.

∙ഓപ്ഷൻ സമർപ്പണം

ഓപ്ഷൻ സമർപ്പണം സംബന്ധിച്ച പൂർണ നിർദേശം പ്രോസ്പെക്ടസിന്റെ 67– 73 പുറങ്ങളിലുള്ളത് ആദ്യം പഠിക്കണം. കോഴ്‌സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നത് പ്രധാനമാണ്. രക്ഷിതാക്കളും പങ്കെടുക്കണം.

ഉയർന്ന ഏതെങ്കിലും ഓപ്‌ഷൻ അനുവദിച്ചു കിട്ടിയാൽ അതിൽ താണ ഓപ്‌ഷനിലേക്ക്‌ മാറ്റം കിട്ടില്ല. ഓപ്ഷൻ ലിസ്റ്റിൽ സ്വാശ്രയ കോളജ് ആദ്യമായിപ്പോയാൽ അർഹതയുണ്ടെങ്കിലും, ഫീസ് കുറവായ സർക്കാർ കോളജിൽ കിട്ടാതെ വരും. കൃത്യസമയത്ത് ഓപ്ഷൻ സമർപ്പിക്കുകയോ കോളജിൽ ചേരുകയോ ചെയ്തില്ലെങ്കിൽ സിസ്റ്റത്തിനു പുറത്താകും. അശ്രദ്ധ പാടില്ല.

തനിയെ ഓപ്ഷൻ സമർപ്പിക്കാൻ പ്രയാസമുളളവരെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സൗജന്യമായി സഹായിക്കും.

റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. 29നു ഉച്ചകഴിഞ്ഞ് 3 മണിക്കകം രേഖകൾ സമർപ്പിച്ച് പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിലുണ്ട്. ഹെൽപ്‌ലൈൻ: 0471–2525300.

Content Summary : Kerala KEAM 2023: Phase 1 allotment for MBBS and BDS courses begins

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT