ജൂലൈയിൽ ഹൗസ് സർജൻസി പൂർത്തിയായി. ഡിസംബറിൽ പരീക്ഷ. ഇതിനിടയിലെ ഏതാനും മാസങ്ങളിലാണു ഡോ. അലീന എലിസബത്ത് ആൻഡ്രൂസ് ‘നീറ്റി’നു കാര്യമായ തയാറെടുപ്പ് നടത്തിയത്. പ്രവേശനപരീക്ഷയ്ക്കായി പ്രത്യേക സമയം കണ്ടെത്തുക എളുപ്പമല്ല. പക്ഷേ, സമയമില്ലെന്നു കരുതി പഠിക്കാതിരിക്കാൻ കഴിയില്ലല്ലോ. മാതാപിതാക്കളായ തൃശൂർ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം തലവന്‍ ഡോ.എം.എ.ആൻഡ്രൂസും ഡോ.നിഷി റോഷ്നിയും നൽകിയ പിന്തുണ വളരെ വലുതാണെന്ന് അലീന പറയുന്നു. തൃശൂരിൽ തന്നെ കോച്ചിങ്ങിനു പോയി. ആദ്യ ശ്രമത്തിൽ തന്നെ രാജ്യത്തെ മൂന്നാം റാങ്കുകാരിയായി.
∙ പരീക്ഷ ?
പൊതുപരീക്ഷ നിലവിൽ വന്നതോടെ ചോദ്യങ്ങളിൽ പുതുമയുണ്ടാവുമെന്ന് ഉറപ്പായിരുന്നു. ഒരു മാതൃക നോക്കി പഠിക്കാൻ പോലും വഴിയുണ്ടായിരുന്നില്ല. സിലിബസ് വളരെ വിശാലമാണ്. അഞ്ചുവർഷം പഠിച്ചതെന്തും ചോദ്യമാകാം.
എയിംസ്, ജിപ്മെർ എന്നിവയിലൊക്കെ പരീക്ഷ പാറ്റേണുകളും വ്യത്യസ്തമാണ്. എയിംസ് പരീക്ഷയിൽ 400–ാം റാങ്കും ജിപ്മെറിൽ 414–ാം റാങ്കും ലഭിച്ചു. എംബിബിഎസ് പരീക്ഷയിലെ 2016 ൽ ടോപ്പറായതും ആത്മവിശ്വാസം നൽകി.
∙ ഇനി എഴുതുന്നവർക്കുള്ള മാർഗനിർദേശം ?
എംബിബിഎസ് പഠിച്ചുതുടങ്ങുമ്പോൾ തന്നെ ഈ ലക്ഷ്യത്തിനു വേണ്ടി പഠിച്ചുതുടങ്ങണം. നീണ്ട കോഴ്സായതിനാൽ ഓരോ വർഷം കഴിയുമ്പോഴും പഠിച്ച പല കാര്യങ്ങളും മറന്നുപോകാം. അങ്ങനെയുണ്ടാവാതെ എല്ലാ ഇടയ്ക്കിടെ റിവൈസ് ചെയ്തു തന്നെ പോകണം. കോഴ്സ് കഴിഞ്ഞു പഠിക്കാമെന്നു കരുതിയാൽ അത്ര എളുപ്പമായിരിക്കില്ല.
∙ നീറ്റ് അത്ര നീറ്റാണോ ?
നീറ്റിന് ഗുണവും ദോഷവുമുണ്ട്. പല പരീക്ഷകൾ എഴുതേണ്ട എന്നതാണു പ്രധാന ഗുണം.
മറുവശത്ത്, പരീക്ഷകളുടെ എണ്ണം കൂടുന്നതനുസരിച്ച് നമ്മുടെ സാധ്യതകളും വർധിക്കുമല്ലോ. ഒരു പരീക്ഷയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയില്ലെങ്കിലും മറ്റൊരെണ്ണം നോക്കാമല്ലോ.
∙ സ്പെഷലൈസേഷൻ ?
റേഡിയോളജിയിൽ സ്പെഷലൈസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഏതു കോളജ് തിരഞ്ഞെടുക്കണമെന്നു തീരുമാനിച്ചിട്ടില്ല. കൗൺസലിങ്ങിന് ഇനിയും സമയമുണ്ടല്ലോ.