ആലപ്പുഴ ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ്, ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്ക്. സംസ്ഥാനതലത്തിൽ നടത്തിയ സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 349–ാം റാങ്ക്. ആലുവ മുപ്പത്തടം ചെറുതടവിൽ വീട്ടിൽ ആന്റണിയുടെയും വാസന്തിയുടെയും മകളും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുജിത് എസ് ചേപ്പാടിന്റെ ഭാര്യയുമായ സി.എ. വാണി എഴുതിയ പിഎസ്‌സി പരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. എംജി സർവകലാശാലയിൽ നിന്നു എം.കോം നേടിയ വാണി ഒഎംആർ പരീക്ഷയിൽ നേടിയ 69 മാർക്കുമായാണ് എൽഡി ടൈപ്പിസ്റ്റ്, ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷയിൽ 62.67 മാർക്കാണ് ലഭിച്ചത്.
തൊഴിൽവീഥിയുടെയും കോംപറ്റീഷൻ വിന്നറിന്റെയും സ്ഥിരം വായനക്കാരിയാണ്. കോംപറ്റീഷൻ വിന്നറിന്റെ വർഷങ്ങളായുള്ള കോപ്പികൾ കൈവശമുണ്ട്. എൽഡി ടൈപ്പിസ്റ്റ് പരീക്ഷയ്ക്കായി തൊഴിൽവീഥി നൽകിയ പരീക്ഷാപരിശീലനം ഏറെ സഹായകരമായിരുന്നെന്നു വാണി പറയുന്നു. ആലുവ മുപ്പത്തടത്തെ ടോപ്പേഴ്സ് പിഎസ്‌സി കോച്ചിങ് െസന്ററിലും പരീക്ഷാ പരിശീലനം നടത്തിയിട്ടുണ്ട്. ഇവിടുത്തെ മുകേഷ് സാറിന്റെ ക്ലാസുകൾ റാങ്കുനേട്ടത്തിൽ സഹായകമായി. ആലപ്പുഴ ജില്ലയിലെ എൽഡി ക്ലാർക്ക്, വാട്ടർ അതോറിറ്റി എൽഡി ടൈപ്പിസ്റ്റ് തുടങ്ങി പത്തോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വാണി വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എൻജിനീയർ ഒാഫിസിൽ എൽഡി ടൈപ്പിസ്റ്റായി ജോലി ചെയ്തു വരികയാണ്. പുതിയ ജോലിയിൽ പ്രവേശിച്ചാലും പിഎസ്‌സി പരീക്ഷാപരിശീലനം തുടരാൻ തന്നെയാണ് വാണിയുടെ തീരുമാനം.
പഠന തന്ത്രങ്ങളെക്കുറിച്ച് വാണി പറയുന്നു:
∙ ആനുകാലിക സംഭവങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുക എന്നത് പിഎസ്‌സി പരീക്ഷ എഴുതുന്നവർ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിഎസ്‌സി പരീക്ഷകളിൽ ഇപ്പോൾ ആനുകാലിക സംഭവങ്ങളിൽ നിന്നും ധാരാളം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനാൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിച്ചേ മതിയാവൂ. കോംപറ്റീഷൻ വിന്നറിൽ വരുന്ന ആനുകാലിക വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇടയ്ക്കിടെ ഇതു മറിച്ചുനോക്കും.
∙ ഒരു ദിവസം ഇത്ര മണിക്കൂർ പഠിക്കും എന്ന കൃത്യനിഷ്ഠയൊന്നുമില്ല. സമയം കിട്ടുമ്പോഴൊക്കെ പഠിക്കാറുണ്ട്. യാത്രയിൽപോലും പഠിക്കാൻ കഴിയും. ജോലിയുടെയും കുടുംബകാര്യങ്ങളുടെയും തിരക്കുകൾക്കിടെയാണ് ഞാൻ പഠനത്തിനു സമയം കണ്ടെത്തുന്നത്.
∙ ഒറ്റയ്ക്കിരുന്നുള്ള പഠനത്തിന്റെ വിരസത ഒഴിവാക്കാൻ കംബൈൻഡ് സ്റ്റഡി സഹായിക്കും.
∙ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ ഒഴിവാക്കിയാവും ചിലർ പഠനം ആസൂത്രണം ചെയ്യാറുള്ളത്. ഇതു പാടില്ല. പൊതുവിജ്ഞാനം എത്ര ആഴത്തിൽ പഠിച്ചാലും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയില്ല. എന്നാൽ ഗണിതം, ഇംഗ്ലിഷ് വിഭാഗങ്ങളിൽ ശ്രദ്ധയൂന്നി പഠിച്ചാൽ 40 മാർക്ക് ഉറപ്പായും ലഭിക്കും. ബാക്കി പൊതുവിജ്ഞാനചോദ്യങ്ങൾകൂടി അറ്റൻഡ് ചെയ്താൽ പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാം.