ഇങ്ങനെ പഠിച്ചോളൂ; പിഎസ്‌സി ആദ്യ റാങ്ക് ഉറപ്പ്

പരീക്ഷാ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു മാത്രം പഠിത്തം തുടങ്ങാം എന്ന ചിന്താഗതി ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. കഴിയുന്നത്ര നേരത്തേ തയാറെടുപ്പു തുടങ്ങണം. പൊതുവിജ്‌ഞാനപരീക്ഷകളിൽ പരമ്പരാഗത മേഖല, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ നിന്നു ചോദ്യങ്ങൾ കാണും. പരമ്പരാഗത മേഖലയിലെ പല തരം ചോദ്യങ്ങളിൽ ചിലത് പരിചയപ്പെടാം.

എന്തുകൊണ്ട്?

ആകാശത്തിനു നീലനിറമുള്ളത് എന്തുകൊണ്ട്? വിയർത്തിരിക്കുമ്പോൾ കാറ്റുകൊണ്ടാൽ തണുപ്പു തോന്നുന്നതെന്തുകൊണ്ട്?

മനുഷ്യശരീരം: 
അസ്‌ഥികൾ, അവയവങ്ങൾ, ഹോർമോണുകൾ, രോഗകാരണങ്ങൾ; അവയവങ്ങളും രോഗങ്ങളും (പാൻക്രിയാസ് - പ്രമേഹം); വൈറ്റമിനുകൾ. ഏറ്റവും  വലിയ അസ്ഥിയേത്?   

ഇന്ത്യൻ ഭരണഘടന: 
മൗലികാവകാശങ്ങൾ; പ്രധാന വകുപ്പുകൾ (356 : സംസ്‌ഥാന സർക്കാരുകളെ പിരിച്ചുവിടാൻ രാഷ്‌ട്രപതിക്ക് അധികാരം; ഷെഡ്യൂളുകൾ: എട്ടാം ഷെഡ്യൂൾ - അംഗീകൃത ഭാഷകൾ); മുഖ്യഭേദഗതികൾ; പാർലമെന്റ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി.

സാംസ്‌കാരികം: 
സാംസ്‌കാരിക സ്‌ഥാപനങ്ങൾ, അക്കാദമികൾ, പ്രശസ്‌ത കലാകാരന്മാർ.

ഇന്ത്യാവിശേഷം: 
ഇന്ത്യയുടെ ഭൂമിശാസ്‌ത്രം, ശാസ്‌ത്രീയനേട്ടങ്ങൾ, ഉപഗ്രഹവിക്ഷേപണം, ജലവൈദ്യുതപദ്ധതികൾ, വ്യവസായ സ്‌ഥാപനങ്ങൾ, കാർഷികവിളകൾ, ദേശീയ പാർക്കുകൾ, ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, ഖനിജങ്ങൾ, സംസ്‌ഥാന തലസ്‌ഥാനങ്ങൾ, ചരിത്രസ്‌മാരകങ്ങൾ, മ്യൂസിയങ്ങൾ, ഇന്ത്യയുടെ സാമ്പത്തികസ്‌ഥിതി, ദാരിദ്ര്യരേഖ, വിമാനത്താവളങ്ങൾ, കയറ്റുമതി, ഇറക്കുമതി.

കേട്ടിട്ടു തല പെരുക്കുന്നോ? 
ഇത്രയേറെ കാര്യങ്ങൾ ആർക്കാണ് ഓർമ വയ്‌ക്കാൻ കഴിയുക? പോരെങ്കിൽ, ഈ പട്ടിക സമഗ്രമല്ല താനും. ചില ദൃഷ്‌ടാന്തങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണിത്.

ഇതിനോടു ചേർന്നുപോകുന്നൊരു ചെറുകഥ കൂടി കേൾക്കുക. പൊതുവിജ്‌ഞാനത്തിന്റെ വിശാലമേഖലകളെക്കുറിച്ച് ഒരു കുട്ടിയെ കുറെയൊക്കെ പറഞ്ഞു മനസിലാക്കിയൊരു അധ്യാപകൻ. ജനറൽ നോളജ് എന്നതിന് ചുരുക്കപ്പേരായി GK എന്നാണ് അധ്യാപകൻ പറഞ്ഞത്. ഒടുവിൽ കുട്ടിയോടു ചോദിച്ചു: ‘‘എന്താ, GK എന്തെന്നു വ്യക്‌തമായോ?’’

കുട്ടി പറഞ്ഞു: ‘‘നന്നായി മനസിലായി, സാർ. GK എന്നാൽ God Knows !’’

ഇതു കഥ മാത്രം.  ഒറ്റയടിക്ക് ഇങ്ങനെയുള്ള വിവരങ്ങളത്രയും തലയിൽ അടിച്ചുകയറ്റണമെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു കുട്ടി. പൊതുവിജ്‌ഞാനത്തിന്റെ പരമ്പരാ ഗതമേഖലയിൽ പ്രാവീണ്യം ആർജിക്കുന്നതിൽ ദീർഘകാലാസൂത്രണത്തിന്റെ പങ്കിലേക്ക് ഈ കൊച്ചുകഥ വിരൽചൂണ്ടുന്നു. ബിരുദമോ ബിരുദാനന്തരബിരുദമോ   ഒക്കെ നേടിക്കഴിഞ്ഞ് വിജ്‌ഞാപനങ്ങൾ നോക്കി ഉദ്യോഗത്തിന് അപേക്ഷ അയയ്‌ക്കുകയും അതിനുശേഷം മാത്രം പൊതുവിജ്‌ഞാന പഠനത്തിനു തുടക്കം കുറിക്കുകയും ചെയ്യുക എന്ന രീതി ഫലപ്രദമല്ല. കാലേകൂട്ടി തയാറെടുപ്പു തുടങ്ങണം. കഴിയുമെങ്കിൽ ഹൈസ്‌കൂൾ ക്ലാസുകളിലെത്തുമ്പോൾ മുതൽ. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന മട്ടിൽ വേണം ജികെയെ നേരിടാം.

വിവരങ്ങൾ എവിടെക്കിട്ടും?
എങ്ങനെയാണ് ഇതു ചെയ്യേണ്ടത്? ഇപ്പറഞ്ഞ വിവരങ്ങളത്രയും എവിടെനിന്നു കിട്ടും? അസംഖ്യം ഗ്രന്ഥങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന വിവരങ്ങൾ തേടിപ്പിടിച്ചു സമാഹരിച്ചു പഠിക്കുക മിക്കവർക്കും സാധ്യമല്ല. താൽപര്യം തോന്നുന്ന അറിവുകളൊക്കെ ചിട്ടയൊപ്പിച്ച് വിഭജിച്ച് ഒരു നോട്ട്‌ബുക്കിലോ മറ്റോ കുട്ടികൾ എഴുതി സൂക്ഷിച്ചുകൊള്ളട്ടെ. പക്ഷേ, അതുകൊണ്ടു മാത്രം അറിവിന് പൂർണത കൈവരില്ല. സൗകര്യപൂർവം നമുക്ക് ആശ്രയിക്കാവുന്ന ജനറൽ നോളജ് പുസ്‌തകങ്ങൾ പുസ്‌തകശാലകളിൽനിന്നു വാങ്ങാം. ഇവയിൽ പലതിലും തെറ്റുകൾ സാധാരണമാകയാൽ എല്ലാം കണ്ണടച്ചു വിശ്വസിക്കരുത്. ഏതെങ്കിലും രണ്ടു പ്രസാധകരുടെ പുസ്‌തകങ്ങൾ വാങ്ങുക, സംശയം വരുന്നപക്ഷം ലൈബ്രറിയിലെ റഫറൻസ് ഗ്രന്ഥങ്ങളെയോ, വിശ്വസിക്കാവുന്ന വെബ്സൈറ്റുകളെയോ ആശ്രയിക്കുക എന്ന രീതിയാണ് നന്ന്. വ്യക്തികളോടു ചോദിച്ച് അവർ പറയുന്നതു കേട്ട്, കേട്ടതെല്ലാം ശരിയെന്നു കരുതുന്ന മട്ടും വേണ്ട. കേട്ടുകൊള്ളുക; പക്ഷേ  കേട്ടത് ശരിയെന്നു റഫറൻസ് വഴി ഉറപ്പാക്കുകയും ചെയ്യുക.

പറയത്തക്ക തെറ്റുകൾ കടന്നുകൂടിയിട്ടില്ലാത്ത ഇയർ ബുക്കുകൾ ഇപ്പോൾ മാർക്കറ്റിലുണ്ട്.  ഇംഗ്ലിഷ് ഇയർ ബുക്കിന്റെ വിവർത്തനമല്ല മലയാളം ഇയർ ബുക്കുകൾ. ഉള്ളടക്കത്തിൽ ഗണ്യമായ മാറ്റങ്ങളുണ്ട്. മലയാളം ഇയർ ബുക്കിൽ കേരളക്കാര്യങ്ങൾക്കു മുൻതൂക്കമുണ്ട്. പല മൽസരപ്പരീക്ഷകളും ഇംഗ്ലിഷിലായതുകൊണ്ട് ഇംഗ്ലിഷിലുള്ള ഇയർ ബുക്കും ജനറൽ നോളജ് ഗ്രന്ഥങ്ങളും നോക്കിപ്പഠിക്കുന്നവർക്കു സ്‌പെല്ലിങ്ങിന്റെ കാര്യത്തിൽ ഏറെ സൗകര്യം അനുഭവപ്പെടും.

ഇക്കാര്യത്തിൽ നമുക്ക് വിശ്വാസപൂർവം ആശ്രയിക്കാവുന്ന  പ്രസിദ്ധീകരണമാണ് ‘മനോരമ തൊഴിൽവീഥി’. ഇതു പതിവായി ശ്രദ്ധിച്ചുവായിക്കുന്നതു കൊണ്ട് ഗുണങ്ങൾ പലതുണ്ട്. തൊഴിലറിയിപ്പുകൾ സമഗ്രമായി അപ്പപ്പോൾ പകർന്നുകിട്ടുമെന്നതാവും മിക്കവരുടെയും മനസിൽ ആദ്യം വരുക. പക്ഷേ അതിനുപരി, പൊതുവിജ്ഞാനം പരിശീലിക്കുന്നതിനു ലഭിക്കുന്ന വിശേഷസൗകര്യവും ഓർക്കുക. നമുക്കു പങ്കെടുക്കാവുന്ന ഒട്ടുമിക്ക മൽസരപ്പരീക്ഷകളിലെയും ചോദ്യക്കടലാസുകളും അവയിലെ ചോദ്യങ്ങളുടെ ശരിയുത്തരങ്ങളും തൊഴിൽവീഥിയിൽ കൃത്യമായി ലഭിക്കും. 

ഉദാഹരണത്തിന് കേരള പിഎസ്‌സിയുടെ ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയുടെ കാര്യം നോക്കാം. പല ജില്ലകളിലും പലപ്പോഴായി നടത്തുന്ന പരീക്ഷകളിലെ പല  ചോദ്യക്കടലാസുകൾ വിശകലനം ചെയ്താൽ ചോദ്യശൈലി ഏതാണ്ട് ഒരേപോലെയെന്നു കാണാം. എന്നുതന്നെയുമല്ല. സമാനചോദ്യങ്ങൾ ആവർത്തിച്ചുവരുന്നതും പതിവാണ്. ഇക്കാര്യങ്ങൾ മനസിലാക്കി തയാറെടുക്കുന്നവരുടെ വിജയസാധ്യത നിശ്ചയമായും മെച്ചപ്പെടും.

ആനുകാലികസംഭവങ്ങൾ
ഇതുവരെ ചർച്ച ചെയ്‌തതു പരമ്പരാഗതമേഖലയിലെ അറിവ് സമ്പാദിക്കുന്നതിനെപ്പറ്റിയാണ്. ആനുകാലികസംഭവങ്ങളുടെ കാര്യത്തിൽ തീർത്തും വ്യത്യസ്‌തമായൊരു ശൈലി വേണ്ടിവരും. മുൻപേ തന്നെ ഇതിനു വേണ്ടി തയാറെടുത്തു ജോലി തീർക്കാൻ കഴിയില്ലെന്നും ഓർക്കുക. പരീക്ഷ നടക്കുന്ന സമയം വരെയുള്ള കാലികസംഭവങ്ങൾ അറിഞ്ഞിരിക്കണം. ദേശീയ തലത്തിലും രാജ്യാന്ത തലത്തിലും അതീവപ്രാധാന്യമുള്ള സംഭവങ്ങൾ, വ്യക്‌തികൾ എന്നിവയെപ്പറ്റി നിത്യവും പത്രം നോക്കി ഡയറിക്കുറിപ്പെഴുതുന്നതു ഏറെ ഗുണം ചെയ്യുന്നൊരു ശീലമാണ്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പിഎസ്‌സി പരീക്ഷകളും മറ്റുമാകുമ്പോൾ സംസ്‌ഥാനതല കാര്യങ്ങൾക്കു പ്രാധാന്യമേറും. ഓരോ ദിവസത്തെയും ശ്രദ്ധേയമായ നാലോ അഞ്ചോ ഇനങ്ങൾ പത്രവാർത്തകളിൽനിന്നു ഡയറിയിൽ പകർത്തിവയ്‌ക്കാൻ ബുദ്ധിമുട്ടില്ല. ഇങ്ങനെയാകുമ്പോൾ വാർത്തകളിൽ സ്വാഭാവികമായും നമുക്കു താൽപര്യം ജനിക്കുകയും നാളെയെന്ത് എന്ന ആകാംക്ഷയോടെ പത്രം വായിക്കാൻ കാത്തിരിക്കുകയും ചെയ്യും. 

ക്ഷുദ്രവാർത്തകൾ, ക്ഷോഭജനകമായ രാഷ്‌ട്രീയ പ്രസ്‌താവനകൾ എന്നിവ ഒട്ടൊക്കെ അവഗണിച്ചാലും തകരാറൊന്നും വരില്ല. വാർത്തകൾ മുഴുവൻ പത്രത്തിൽ കാണുന്നവിധം വെട്ടിവിഴുങ്ങുന്നതിനു പകരം അവയെ സ്വന്തം മനസിന്റെ മൂശയിലിട്ടു വിശകലനം ചെയ്യുന്നശീലം കൂടെ വളർത്തിയാൽ പിന്നീട് ഇന്റർവ്യൂ, ഗ്രൂപ് ചർച്ച എന്നിവയെ നേരിടാനും എളുപ്പമാവും. നല്ല പത്രങ്ങളുടെ മുഖപ്രസംഗം നിത്യവും വായിക്കുകവഴി സംഭവങ്ങളുടെ നാനാവശങ്ങളും ഗ്രഹിക്കാനും ബുദ്ധിപൂർവം സ്വന്തം നിഗമനങ്ങളിൽ എത്താനും സാധിക്കുകയും ചെയ്യും. ഉയർന്ന തലത്തിലുള്ള മൽസരപ്പരീക്ഷകളുടെ തയാറെടുപ്പിൽ വാർത്താവാരികകൾ വായിക്കുന്നത് അഭികാമ്യമാണ്. വാർത്തകളും അവയുമായി ബന്ധപ്പെട്ട വ്യത്യസ്താഭിപ്രായങ്ങളും സമഗ്രവിശകലനവും മറ്റും ദ് വീക്ക്, ഇന്ത്യ ടുഡേ, ഫ്രണ്ട്‌ലൈൻ, ഔട്ട്ലുക്ക് തുടങ്ങിയ മാഗസിനുകളിൽ വായിക്കാം. ആനുകാലികസംഭവങ്ങൾ അപ്പപ്പോൾ അറിയാനും, കാലികപ്രസക്തിയുള്ള സംഭവങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും മനസിലാക്കാനും  ഇംഗ്ലിഷ് ടിവി ചാനലുകൾ ശ്രദ്ധിക്കാം. ബിബിസി, സിഎൻഎൻ തുടങ്ങിയ നിലവാരമുള്ള വിദേശചാനലുകളിലെ വാർത്തകൾ ശ്രദ്ധിച്ചാൽ വിദേശരാജ്യങ്ങളുടെയും അവിടങ്ങളിലെ പ്രധാന വ്യക്തികളുടെയും പേരുകൾ കൃത്യമായി ഉച്ചരിക്കാനും ശീലിക്കാം. നിലവാരമുള്ള ടിവി ചർച്ചകൾ വഴി ആഗോളതലത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളു ഗ്രഹിക്കാം. അവ നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുന്നത് പിന്നീട് ഇന്റർവ്യൂ, ഗ്രൂപ് ചർച്ച എന്നിവയിൽ പ്രയോജനപ്പെടും.

ആനുകാലികസംഭവങ്ങളുടെ കാര്യത്തിൽ സൗകര്യപൂർവം നമുക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാർഗവുമുണ്ട്. മൽസരപ്പരീക്ഷാ സഹായികളെന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മികച്ച മാസികകളെ ആശ്രയിക്കുക. ഓരോ മാസത്തെയും സുപ്രധാന സംഭവങ്ങൾ ദേശീയം / രാജ്യാന്തരം / സ്‌പോർട്‌സ് എന്നൊക്കെ ഇനം തിരിച്ച് തീയതിക്രമത്തിൽ ഇത്തരം മാസികകൾ വിവരം നൽകിയിരിക്കും.

ഇത്രയൊക്കെ പറഞ്ഞെങ്കിലും അനന്തമായ പൊതുവിജ്‌ഞാനസാഗരം മുഴുവൻ കുടിച്ചു തീർക്കാൻ ആർക്കും കഴിയില്ല. മൽസരത്തിൽ ജയിക്കാൻ അതിന്റെ ആവശ്യവുമില്ല. പരമ്പരാഗതമേഖലയിൽ ദീർഘകാലപ്രയത്നം കൊണ്ടു നല്ല പ്രാവീണ്യം ആർജ്‌ജിക്കുക, ഊർജസ്വലമായ മനസോടെ ആനുകാലിക സംഭവങ്ങൾ അപ്പപ്പോൾ ഗ്രഹിച്ച്, വിശകലനം ചെയ്‌ത്, സ്വന്തം നിഗമനങ്ങളിൽ എത്തുക, ശുഭാപ്‌തിവിശ്വാസത്തോടെ പരീക്ഷയെ നേരിടുക ഇത്രയുമൊക്കെയായാൽ വിജയം അന്യമാവില്ല. ഇന്നുതന്നെയാവട്ടെ ഈ തപസ്യയുടെ തുടക്കം.

Job Tips >>