തോറ്റു തോറ്റു ജയിച്ച അട്ടപ്പട്ടു

ജയിക്കാൻ ഒരു കാരണം വേണം. തോൽവികളെ ജയിക്കാനുള്ള കാരണമായി എടുക്കണമെങ്കിൽ വീറും വാശിയും സ്ഥിരോൽസാഹവും വേണം. വിജയത്തേക്കാളേറെ തോൽവികളാണു പുതിയ അറിവുകളും അനുഭവങ്ങളും നൽകുന്നത്. ഏതൊരു വലിയ വിജയവും വലിയ തോൽവികളെ അതിജീവിച്ചു നേടിയതാണ്. കായികരംഗത്തു മികവു തെളിയിച്ചവരൊക്കെയും ഏതെങ്കിലുമൊക്കെ അവസരത്തിൽ പരാജയത്തിന്റെ കയ്പും അനുഭവിച്ചവരാണ്. അത്തരത്തിൽ നിരന്തരമായ പരാജയത്തിന്റെ പടികുഴിയിൽനിന്നു വീറോടെയും വാശിയോടെയും പൊരുതി ജയിച്ച ഒരു കായികതാരമാണു ശ്രീലങ്കൻ ക്രിക്കറ്റർ മർവൻ അട്ടപ്പട്ടു. തോൽവികളെ വകവയ്ക്കാതെ പരിശ്രമിച്ചു വിജയിച്ച അട്ടപ്പട്ടു.

പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ബോഗ്ലെയുടെ അഭിപ്രായത്തിൽ ആധുനിക ക്രിക്കറ്റിന്റെ ചരിത്രത്തിൽ പഠനാർഹമായ ഒരു വ്യക്തിയാണ് മർവൻ അട്ടപ്പട്ടു. അട്ടപ്പട്ടു നേടിയ വിജയങ്ങളേക്കാളേറെ അദ്ദേഹം അതിജീവിച്ച പരാജയങ്ങളാണു നമുക്കു പ്രചോദനമാകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച അട്ടപ്പട്ടുവിന് ഇരുപതാമത്തെ വയസ്സിൽ ടെസ്റ്റ് ടീമിൽ ഇടം നേടാൻ കഴിഞ്ഞു. 1990 നവംബറിൽ ഇന്ത്യയ്ക്കെതിരെ ചണ്ഡീഗഢിൽ നടന്ന ആദ്യ ടെസ്റ്റിൽ അട്ടപ്പട്ടുവിന്റെ പ്രകടനം ദയനീയമായിരുന്നു. രണ്ട് ഇന്നിങ്സുകളിൽനിന്ന് ഒരു റൺപോലും നേടാനായില്ല. 

ടീമിൽനിന്നു പുറത്തായ അട്ടപ്പട്ടു ക്രിക്കറ്റിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ റണ്ണുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന് 21 മാസങ്ങൾക്കു ശേഷം വീണ്ടും ലങ്കൻ ടെസ്റ്റ് ടീമിൽ ഇടം നേടാനായി. ഇത്തവണയും ഫലം നിരാശ. ആദ്യ ഇന്നിങ്സ് പൂജ്യത്തിനു പുറത്ത്. രണ്ടാമത്തെ ഇന്നിങ്സിൽ ഒരു റൺ മാത്രം. വീണ്ടും ടീമിൽനിന്നു പുറത്തായി. പതിനേഴു മാസക്കാലം ആഭ്യന്തര ക്രിക്കറ്റിൽ മികവ് പ്രകടിപ്പിച്ച അട്ടപ്പട്ടുവിന് മൂന്നാമതൊരു അവസരംകൂടി ലഭിച്ചു. ഇത്തവണയും പ്രകടനം അതി ദയനീയം. രണ്ട് ഇന്നിങ്സുകളിലും സമ്പാദ്യം പൂജ്യം റൺ. 

വീണ്ടും ആത്മവിശ്വാസത്തോടെ പരിശ്രമിച്ച അട്ടപ്പട്ടുവിനു മൂന്നു വർഷങ്ങൾക്കു ശേഷം ഒരവസരംകൂടി ലഭിക്കുന്നു. എന്നാൽ ഇത്തവണ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1997 ൽ ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടി. പിന്നീടങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ 5502 റണ്ണുകളും രാജ്യാന്തര ഏകദിന മൽസരങ്ങളിൽ 8529 റണ്ണുകളും സ്വന്തമാക്കിയ അട്ടപ്പട്ടു ശ്രീലങ്കൻ ദേശീയ ടീമിന്റെ നായക സ്ഥാനത്തുമെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ആറു ഡബിൾ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ശ്രീലങ്കൻ താരമാണ് അട്ടപ്പട്ടു.

നിരവധി പരാജയങ്ങളെ അതിജീവിച്ച അട്ടപ്പട്ടു തന്റെ ക്രിക്കറ്റ് കരിയറിൽ 22 തവണയാണ് ഒരു സ്കോർപോലും നേടാനാവാതെ പുറത്താകേണ്ടി വന്നിട്ടുള്ളത്. ക്ഷമാപൂർവം പരിശ്രമിക്കുന്നവർക്കു മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയൂ എന്നതിന് ഉത്തമ ഉദാഹരണമാണ്  അട്ടപ്പട്ടുവിന്റെ ജീവിത വിജയം. ക്ഷമയോടെ കാത്തിരുന്നാൽ മൾബറി ഇലകൾ പട്ടുതുണിയായി പരിണമിക്കും എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. വലിയ നേട്ടങ്ങളിൽ എത്താൻ അതിന്റേതായ കാലതാമസം ഉണ്ടാകാം. ക്ഷമാപൂർവം പരിശ്രമിക്കുക. പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നവരോടു ലോകം പറയും ‘വിട്ടുകള’ എന്ന്. എന്നാൽ വിജയി പറയും ‘ഒരു പ്രാവശ്യംകൂടി ശ്രമിച്ചു നോക്കട്ടെ’ എന്ന്. ശ്രമം ഉപേക്ഷിക്കാതിരിക്കുക. വിജയം അരികിലുണ്ടെന്നു വിശ്വസിക്കുക.