അരുണിമ സിൻഹ നേടിയ നേട്ടങ്ങൾ ഇന്ത്യൻ യുവത്വത്തിനു പ്രചോദനമാണ്. പരിമിതികളെ ഓർത്ത് പരിതപിച്ചിരിക്കാതെ ഉന്നതമായ ലക്ഷ്യത്തിലെത്തണം എന്ന ദൃഢനിശ്ചയത്തോടെ വേറിട്ട പാതയിലൂടെ സഞ്ചരിച്ച അരുണിമ എഴുതിയ ‘ബോൺ എഗൈൻ ഓൺ ദ് മൗണ്ടൻ’ എന്ന ഗ്രന്ഥം പ്രചോദനാത്മക ഗ്രന്ഥങ്ങളിൽ ഉന്നതസ്ഥാനത്താണ്. തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അരുണിമയെ വ്യത്യസ്ഥയാക്കുന്നതു കൃത്രിമ കാൽ ഉപയോഗിച്ച് ഈ നേട്ടം നേടുന്ന ലോകത്തെ ആദ്യത്തെ വനിത എന്ന നിലയിലാണ്.
2011 ഏപ്രിലിൽ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ മോഷ്ടാക്കളുമായുണ്ടായ സംഘർഷത്തെ തുടർന്ന് പുറത്തേക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ ഇടതു കാലിലൂടെ അടുത്ത ട്രാക്കിലൂടെ പാഞ്ഞുവന്ന ട്രെയിൻ കയറിയിറങ്ങി. മണിക്കൂറുകളോളം സഹായം ലഭിക്കാതെ ചോരയൊലിപ്പിച്ചു കിടക്കേണ്ടി വന്ന ഈ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ജീവശ്ചവം ആയിരുന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ തകർന്നുപോയ ഇടതുകാൽ മുറിച്ചുമാറ്റാനുള്ള സംവിധാനം പോലും ഇല്ലായിരുന്നു. ഗത്യന്തരമില്ലാതെ അനസ്തേഷ്യ കൂടാതെ മഹാ വേദന അനുഭവിച്ചുകൊണ്ടാണ് കാൽ മുറിച്ചുമാറ്റിയത്. പിന്നീട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയത് ഒരു ആശ്വാസമായി.
ആശുപത്രി കിടക്കയിൽ വച്ചാണ് തനിക്കുണ്ടായ ദുരന്തത്തെ കുറിച്ചു നിരവധി കഥകൾ പ്രചരിക്കുന്നതായി അരുണിമ അറിഞ്ഞത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനാൽ പരിശോധകനെ കണ്ട് എടുത്തുചാടിയതാണെന്നും ആത്മഹത്യാ ശ്രമമെന്നുമൊക്കെയുള്ള കഥകൾ പ്രചരിച്ചുതുടങ്ങി. എന്നാൽ ഈ അപവാദങ്ങളൊന്നും കേട്ട് മനസ്സ് പതറാതെ അരുണിമ ഒരു തീരുമാനത്തിലെത്തി. തന്റെ ജീവിതം വിലപ്പെട്ടതാണെന്നും തന്നെ ആക്ഷേപിച്ച സമൂഹത്തിനു മുമ്പിൽ തന്റേടത്തോടെ വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഒരു വ്യക്തിയാണ് താനെന്നും തെളിയിക്കാൻ നിശ്ചയിച്ചുറപ്പിച്ചു. അങ്ങനെയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള തീരുമാനമെടുക്കുന്നത്.
ചികിൽസയ്ക്കു ശേഷം അരുണിമ നേരേ ചെന്നു കണ്ടത് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ബഛേന്ദ്രി പാലിനെയാണ്. തന്റെ ആഗ്രഹം അറിയിച്ചപ്പോൾ ബഛേന്ദ്രി പറഞ്ഞ വാക്കുകൾ അവരെ ഏറെ പ്രചോദിതയാക്കി. ‘‘ഈ അവസ്ഥയിലും ഉന്നതമായ സ്വപ്നം കാണുന്ന അരുണിമ മനസ്സ്കൊണ്ട് എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞു’’ എന്നാണവർ പറഞ്ഞത്. പിന്നീട് പതിനെട്ടു മാസത്തെ കഠിനപരിശ്രമത്തിലൂടെ 2013 മേയ് 21ന് അരുണിമ തന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നു. തന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചവരോടുള്ള ഒരു മധുരപ്രതികാരം കൂടി ആയിരുന്നു ആ വിജയം. ഒരു വിജയംകൊണ്ടു തൃപ്തിപ്പെടാൻ അരുണിമ ഒരുക്കമായിരുന്നില്ല. ആഫ്രിക്കയിലെ കിളിമഞ്ചാരൊ അടക്കം അഞ്ച് കൊടുമുടികൾ കൂടി പിന്നീടു കീഴടക്കി. തന്നെ അവഗണിച്ചവരൊക്കെയും പുരസ്കാരങ്ങളും സഹായങ്ങളുമായി അരുണിമയെ തേടിയെത്തി.
രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ച അരുണിമ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു വിദ്യാലയം നടത്തിവരുന്നു. മനസ്സുകൊണ്ടു തോൽക്കാതിരിക്കാൻ യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന ഈ പെൺകുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ആശുപത്രികിടക്കയിൽ വച്ചു തന്റെ സ്വപ്നത്തെക്കുറിച്ചു മറ്റാരോടും പറയാതിരുന്നതിനു കാരണമായി അരുണിമ പറഞ്ഞത് ‘‘നിങ്ങളുടെ ഉന്നതമായ ലക്ഷ്യങ്ങൾ പങ്കുവയ്ക്കേണ്ടതു പോസിറ്റീവായി പ്രതികരിക്കുന്നവരോട് ആവണം. നിങ്ങളുടെ പരിമിതികളെക്കുറിച്ച് പറഞ്ഞു സഹതപിക്കുന്നവരോട് ആവരുത്’’, എന്നാണ്. അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ വിൻസൺ മാസ്സിഫ് കീഴടക്കണമെന്ന് ലക്ഷ്യമിടുന്ന അരുണിമ തന്റെ സ്വപ്നങ്ങൾക്കു പരിധി നിർണയിച്ചിട്ടില്ല. അസാധ്യമെന്നു മറ്റു പലർക്കും തോന്നുന്ന കാര്യങ്ങൾ നേടുമ്പോഴാണു നാം കൂടുതൽ കരുത്തരാകുന്നത്.