ദൈവത്തിന്റെ കണം

ആധുനിക ഭൗതികശാസ്ത്രത്തിന് ഭാരതത്തിന്റെ സംഭാവനകൾ പ്രഥമ ഗണനീയമാണ്. ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ മാറ്റിനിർത്തിയാൽ ആധുനിക ശാസ്ത്രം അപൂർണ്ണമാണ്. ശാസ്ത്രലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുകയും ഗവേഷണ നിരീക്ഷണങ്ങൾ നടക്കുന്നതുമായ ‘ദൈവത്തിന്റെ  കണം’ ഒരു ഇന്ത്യാക്കാരന്റെ പേരിലാണ് അറിയപ്പെടുന്നത് എന്നതു നമുക്ക് അഭിമാനം നൽകുന്നു. 

ബോസോൺ കണങ്ങൾക്കു പേരുണ്ടായത് സത്യേന്ദ്രനാഥ് ബോസ് എന്ന മഹാപ്രതിഭയായ ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ നിന്നുമാണ്. 2012 ജൂലൈയിൽ പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ് സത്യേന്ദ്രനാഥ് ബോസിനെ വിശേഷിപ്പിച്ചത് ‘ദൈവകണങ്ങളുടെ പിതാവ്’ എന്നാണ്.1894 ജനുവരി ഒന്നിന് കൊൽക്കത്തയിൽ ജനിച്ച സത്യേന്ദ്രനാഥ് ബോസ് 1974ൽ മരിക്കുമ്പോൾ വരെയുള്ള ജീവിതം ശാസ്ത്രത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു. പുരാതന ഹിന്ദു സ്കൂളിൽ പഠിച്ച് കൊൽക്കത്തയിലെ വിഖ്യാതമായ പ്രസിഡൻസി കോളജിൽ നിന്നു ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ബോസ് 1916ൽ കൊൽക്കത്ത സർവകലാശാലയിൽ ഗവേഷണവും ആരംഭിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഇവിടെ ഭൗതികശാസ്ത്ര പരീക്ഷണശാല തുടങ്ങുന്നത്. 1919ൽ അദ്ദേഹം സഹപാഠിയായ മേഘനാഥ് സാഹയ്ക്കൊപ്പം ചേർന്ന് ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിക്കുന്ന ഒരു ഗ്രന്ഥം ഇംഗ്ലിഷിൽ തയാറാക്കി.

1921ൽ ധാക്കാ സർവകലാശാലയിൽ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായി ചേർന്ന ബോസ് തന്റെ ഗവേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഭൗതിക ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലായ കണികാ സിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ പഠിച്ചു. കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ കണ്ടെത്തലുകൾക്ക് അനുബന്ധമായി ബോസ് ചില പുതിയ ആശയങ്ങളും രൂപീകരിച്ചു. 

അതിസൂക്ഷ്മ കണങ്ങളെ അളക്കുന്നതു സംബന്ധിച്ച തന്റെ പഠന റിപ്പോർട്ട് 1924 ൽ അദ്ദേഹം ആൽബർട്ട് ഐൻസ്റ്റീന് അയച്ചുകൊടുത്തു. ബോസിന്റെ കണ്ടെത്തലുകളിൽ തൃപ്തനായ ഐൻസ്റ്റീൻ ഈ പ്രബന്ധം അന്നത്തെ പ്രമുഖ ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ചു. അതോടെ ശാസ്ത്രലോകത്തിന്റെ കണ്ണുകൾ ബോസിലേക്കായി. അദ്ദേഹത്തിന് യൂറോപ്പിലേക്കുള്ള ക്ഷണവും ലഭിച്ചു.

രണ്ടു വർഷം ലോകോത്തര ശാസ്ത്രജ്ഞരായ ഐൻസ്റ്റീനും മേരി ക്യൂറിക്കുമൊപ്പം ഗവേഷണം നടത്താൻ അവസരം ലഭിച്ച ബോസിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയി. ‘‘എന്റെ കണ്ടെത്തലുകളെ ശാസ്ത്രലോകം അംഗീകരിച്ചു. അതാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി’’ എന്നാണ് ബോസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. 

1954ൽ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ച സത്യേന്ദ്രനാഥ് ബോസിന്റെ പേരിലാണ് കൊൽക്കത്തയിലെ നാഷനൽ സെന്റർ ഫോർ ബേസിക് സയൻസ് അറിയപ്പെടുന്നത്. ബോസ് കണ്ടെത്തിയ കണം ഇന്ന് ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായ ഹിഗ്ഗ്സിന്റെ പേരിനൊപ്പം ഹിഗ്ഗ്സ് ബോസോൺ കണം അഥവാ ദൈവത്തിന്റെ കണം എന്ന പേരിൽ അറിയപ്പെടുന്നു.