ആധുനിക വൈദ്യശാസ്ത്രം അദ്ദേഹത്തോടു പറഞ്ഞു, നിങ്ങളിനി അധികകാലം ജീവിച്ചിരിക്കില്ല എന്ന്. എന്നാൽ വൈദ്യശാസ്ത്രത്തിനു കഴിയാത്തതു മനോബലത്തിലൂടെ നേടാൻ കഴിയുമെന്നു തെളിയിച്ച് വീണ്ടും ഇരുപത്തിയാറു വർഷംകൂടി അദ്ദേഹം ജീവിച്ചിരുന്നു. വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ചുകൊണ്ട് മരണത്തിന്റെ പടിവാതിലിൽനിന്ന് ജീവിതത്തിലേക്കു തിരിച്ചുവന്ന അപൂർവ വ്യക്തിത്വമാണ് നോർമൻ കസിൻസ്.
പത്രപ്രവർത്തകൻ, ഗ്രന്ഥകർത്താവ്, അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കക്കാരനായ നോർമൻ കസിൻസിനെ ഏറെ പ്രശസ്തനാക്കിയത് മനസ്സാന്നിധ്യവും ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമുള്ളവർക്കു മാരകരോഗങ്ങളെപ്പോലും കീഴടക്കാൻ സാധിക്കും എന്നു തെളിയിച്ചതിലൂടെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാനസികമായി മരിക്കുന്നതാണ് ഏറ്റവും വലിയ മരണം. നിരാശയും ശുഭപ്രതീക്ഷയും മനസ്സിന്റെ സൃഷ്ടികളാണ്. നിരാശ വെടിഞ്ഞ് മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കുന്നവർക്ക് ഏതൊരു ദുരിത സാഹചര്യങ്ങളിൽനിന്നും നല്ലൊരു ജീവിതത്തിലേക്കു മടങ്ങാൻ കഴിയും.
1964ൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടു റഷ്യയിലേക്കു നടത്തിയ ഒരു യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ നോർമൻ കസിൻസിന് അതികലശലായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യപരിശോധനയിൽ നിന്നും ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസാണ് രോഗമെന്നു കണ്ടെത്തി. ഈ രോഗം പിടിപെട്ടവരിൽ അഞ്ഞൂറിൽ ഒരാൾ മാത്രമേ ജീവിതത്തിലേക്കു മടങ്ങിയെത്തിയിട്ടുള്ളൂ. ഇനി അധികകാലം ജീവിതമില്ല എന്ന കാര്യം ഡോക്ടർമാർ നോർമൻ കസിൻസിനെ അറിയിച്ചു. എന്നാൽ ഈ യാഥാർഥ്യം അദ്ദേഹത്തിന്റെ മനസ്സിനെ തളർത്തിയില്ല.
ജീവിതത്തിലുടനീളം പോസിറ്റീവായി ചിന്തിക്കുന്ന രീതി വച്ചുപുലർത്തിയ നോർമൻ കസിൻസ്, ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്നു വിശ്വസിച്ചിരുന്നു. യാത്രകൾക്കിടയിലുണ്ടായ മാനസിക സംഘർഷമാണ് രോഗകാരണം എന്ന് അദ്ദേഹം മനസ്സിലാക്കി. മാനസിക സംഘർഷം മൂലമാണു രോഗമുണ്ടായതെങ്കിൽ മനസ്സിന്റെ സംഘർഷം ഇല്ലാതാക്കിയാൽ രോഗം മാറില്ലേ എന്ന് അദ്ദേഹം ഡോക്ടർമാരോടു ചോദിച്ചു. വൈദ്യശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. നോർമൻ കസിൻസ് ഡോക്ടർമാരുടെ അനുവാദത്തോടെ തന്റെ ചികിൽസ സ്വയം ഏറ്റെടുത്തു. ആശുപത്രി വിട്ട് അദ്ദേഹം വഴിയോരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്തു. മരുന്നുകൾ ഉപേക്ഷിച്ചു. പകരം മാനസിക ഉല്ലാസം ലഭിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്നു. തന്റെ മുറിയിൽ ഒരു ഫിലിം പ്രൊജക്ടർ സ്ഥാപിച്ച് ഹാസ്യ സിനിമകളും കാർട്ടൂണുകളും കണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. വയറുവേദന അനുഭവപ്പെടുന്നതുവരെ പത്ത് മിനിറ്റ് പൊട്ടിച്ചിരിച്ചാൽ വേദനസംഹാരികളുടെ സഹായമില്ലാതെ രണ്ടു മണിക്കൂർ ഉറങ്ങാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് ശുഭചിന്തകൾ മനസ്സിൽ നിറച്ച് അദ്ദേഹം ജീവിതത്തിലേക്കു മടങ്ങിയെത്തി.
കുടുകുടെ ചിരിച്ചുകൊണ്ട് ജീവിതത്തിലേക്കു മടങ്ങിയ തന്റെ അനുഭവം വിവരിച്ചെഴുതിയ ‘Anatomy of an illness' എന്ന ഗ്രന്ഥവും അതിനെ അധികരിച്ചിറങ്ങിയ ടെലിവിഷൻ സിനിമയും ലോകമെമ്പാടും കോടിക്കണക്കിന് ആളുകളിൽ ശുഭാപ്തി വിശ്വാസമുണ്ടാക്കാൻ സഹായകമായി. 1990 ൽ അദ്ദേഹം മരിക്കുമ്പോൾ യുഎൻ സമാധാന പുരസ്കാരമടക്കം നൂറുകണക്കിന് ബഹുമതികളും അൻപതോളം ഓണററി ഡോക്ടറേറ്റുകളും നേടിയിരുന്നു. യുദ്ധത്തിനും ആണവായുധങ്ങൾക്കും എതിരെ അദ്ദേഹം നടത്തിയ പ്രചാരണങ്ങളും ‘ജീവിതത്തെ സ്നേഹിക്കുക’ എന്ന സന്ദേശവും ആഗോളതലത്തിൽ ശ്രദ്ധ നേടി. വൈദ്യശാസ്ത്രവും മരുന്നുകളും നിഷ്ഫലമാകുമ്പോൾ മനോബലമുള്ളവർക്ക് ആഹ്ലാദഭരിതമായ ജീവിതം നയിക്കാൻ കഴിയും എന്നതിന് ഉദാത്ത മാതൃകയാണ് നോർമൻ കസിൻസ്.
Be Positive>>