ഗൂഗിളിന്റെയും ആപ്പിളിന്റെയും വിജയത്തിനു പിന്നിൽ?

സന്തോഷത്തെയും സംതൃപ്തിയെയും കുറിച്ച് മുപ്പതു വർഷത്തിലേറെയായി ഗവേഷണം നടത്തുന്ന ആളാണ് എഡ് ഡൈനർ (Ed Diener). അമേരിക്കൻ‌ സൈക്കോളജിസ്റ്റും പ്രഫസറുമായ ഡൈനർ അറിയപ്പെടുന്നത് ‘ഡോക്ടർ ഹാപ്പിനസ്’ എന്ന പേരിലാണ്. മനുഷ്യന് സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. നമുക്ക് ആഹ്ലാദം പ്രദാനം ചെയ്യുന്ന ഒരു പ്രധാന ഘടകം സൗഹൃദ ബന്ധങ്ങളാണെന്നാണ് ഡൈനറുടെ കണ്ടെത്തൽ. ആത്മവിശ്വാസം വളർത്തിയെടുക്കാൻ നല്ല സുഹൃത്തുക്കൾ നൽകുന്ന പിൻബലം വളരെ സഹായകമാണ്. പോസിറ്റീവായി ചിന്തിക്കുകയും പോസിറ്റീവായ പ്രചോദനം നൽകുകയും ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളെങ്കിലും നമുക്കുണ്ടെങ്കിൽ ജീവിതം കൂടുതൽ സംതൃപ്തവും ആഹ്ലാദകരവും ആയിരിക്കും.

സോഷ്യൽ മീഡിയകളിലൂടെ ആയിരക്കണക്കിന് സൗഹൃദങ്ങൾ നാം നേടാറുണ്ട്. എന്നാൽ ഈ സൗഹൃദങ്ങളൊന്നും പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും ഊന്നിയുള്ളവ ആകണമെന്നില്ല. നമ്മോടൊപ്പം കൂടുതൽ ഇടപഴകിയ സഹപാഠികളിൽ നിന്നുമാണ് ഏറ്റവും നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയുക. ആത്മാർഥ സുഹൃത്തുക്കൾ എന്നും നല്ല വഴികാട്ടി ആയിരിക്കും. ‘‘വെളിച്ചത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്ത് ഇരുട്ടിലൂടെ സഞ്ചരിക്കുന്നത്’’ എന്നാണ് അന്ധയും ബധിരയുമായിരുന്ന മഹത്   വനിത ഹെലൻ കെല്ലർ സൗഹൃദത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ ഒരു ഉത്തമ സുഹൃത്തിന്റെ സാമീപ്യം വളരെയേറെ സഹായകമാണ്. ആഴത്തിലുള്ള സൗഹൃദബന്ധങ്ങളാൽ കെട്ടി ഉയർത്തിയ എത്രയോ മഹാസംരംഭങ്ങൾ നമ്മുടെ മുമ്പിൽ തന്നെയുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് സഹപാഠികളായിരുന്ന ലാറി പേജും സെർജി ബ്രിന്നും ചേർന്ന് തുടക്കമിട്ട ഗൂഗിളും റീഡ് കോളജിൽ സഹപാഠികളായിരുന്ന സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആരംഭിച്ച ആപ്പിളും ഡൽഹി ഐഐടിയിൽ സഹപാഠികളായിരുന്ന ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് തുടങ്ങിയ ഫ്ലിപ് കാർട്ടുമൊക്കെ സൗഹൃദത്തിന്റെ ശക്തി എത്രത്തോളമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. കേരളത്തിലെ ഐടി സംരംഭകർക്ക് പുത്തൻ ഉണർവും ദിശാബോധവും നൽകിയ സ്റ്റാർട്ട് അപ് വില്ലേജിന് തുടക്കം കുറിച്ചതും സഹപാഠികളായ ഒരുപറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെ അല്ലേ. സഞ്ജയ് വിജയകുമാറിന്റെയും സിജോ കുരുവിളയുടെയും നേതൃത്വത്തിൽ ആരംഭിച്ച സ്റ്റാർട്ട് അപ് വില്ലേജ് ഇന്ന് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയ മാതൃകയാണ്.

ഒരു സാമൂഹികജീവി എന്ന നിലയ്ക്ക് ജീവിതത്തിൽ ഒരിക്കലും നാം ഒറ്റയ്ക്കാവാൻ പാടില്ല. സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്ന, നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവുന്ന, നമ്മുടെ നോവുകൾക്കും നൊമ്പരങ്ങൾക്കും ആശ്വാസം പകരുന്ന ഒരു സുഹൃത്തെങ്കിലും നമുക്കുണ്ടെങ്കിൽ അതാണ് യഥാർഥ സമ്പത്ത്. എഡ് ഡൈനറുടെ അഭിപ്രായത്തിൽ സൗഹൃദം ഒരു വൈകാരിക സമ്പത്താണ്. വൈകാരികമായ സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നവർക്കേ ഭൗതികമായ സമ്പത്ത് നേടാൻ കഴിയൂ. മറ്റുള്ളവർക്ക് സ്നേഹവും സന്തോഷവും പ്രചോദനവും കൊടുക്കാൻ നമുക്ക് കഴിഞ്ഞാൽ ഇവയൊക്കെ തിരികെ നൽകുന്ന ആരെങ്കിലുമൊക്കെ നമുക്കും ഉണ്ടാവും.

Be Positive>>