നൂറ്റി ഇരുപത് കോടിയിൽപരം ആളുകളാണ് ദിനംപ്രതി വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ കൈമാറുന്നത്. ദിവസേന ആറായിരം കോടിയോളം സന്ദേശങ്ങൾ കൈമാറുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. വാട്സ്ആപ് എന്ന ആശയം പ്രായോഗികമാക്കിയ ജാൻ കോം (Jan Koum) പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഇത്തരത്തിലൊരു മഹാവിജയം കൈവരിച്ചത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ 1976 ൽ ജനിച്ച ജാൻ കോമിന്റെ ബാല്യകാലം ദുരിതം നിറഞ്ഞതായിരുന്നു. വൈദ്യുതിപോലുമില്ലാത്ത ഭവനത്തിൽ അതിശൈത്യത്തെ അതിജീവിച്ച് വളർന്ന ജാനും, അമ്മയും, മുത്തശ്ശിയും 1992 ൽ അമേരിക്കയിലേക്ക് കുടിയേറി. അച്ഛന് അവരോടൊപ്പം പോകാൻ കഴിഞ്ഞില്ല. അമേരിക്കയിലെ സാമൂഹിക സഹായ പദ്ധതിയുടെ ഭാഗമായി കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ അവർക്ക് ഒരു ചെറിയ പാർപ്പിടം ലഭ്യമായി. കുടുംബം പുലർത്താനായി മാതാവ് ഒരു ബേബി സിറ്ററിന്റെ ജോലി തേടി. ജാൻ കോമിന് ഒരു പലവ്യഞ്ജന കടയിൽ തറ വൃത്തിയാക്കുന്ന പണിയും ലഭ്യമായി.
പതിനെട്ടാമത്തെ വയസ്സിൽ കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ താൽപര്യം ജനിച്ച ജാൻ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടകളെ ആശ്രയിച്ച് സ്വയം പഠിച്ചു. പിന്നീട് സാൻജോസ് സ്റ്റേറ്റ് സർവകലാശാലയിൽ ചേർന്നു. പഠനത്തിനിടയിൽ ഏണസ്റ്റ് ആൻഡ് യങ് എന്ന കമ്പനിയിൽ സെക്യൂരിറ്റി ടെസ്റ്ററുടെ ജോലി ചെയ്തു. ആറുമാസത്തിനുശേഷം 1997 ൽ യാഹുവിൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറായ ജാൻ ഒൻപതു വർഷം അവിടെ തുടർന്നു. ഇതിനിടെ പഠനം ഉപേക്ഷിച്ചു, എന്നാൽ യാഹുവിൽ സഹപ്രവർത്തകനായിരുന്ന ബ്രയാൻ ആക്ടനുമായുണ്ടായ സൗഹൃദം സോഫ്റ്റ്‌വെയർ സംബന്ധമായ പുതിയ കാര്യങ്ങൾ പഠിക്കാനും ചർച്ചചെയ്യാനും വഴിയൊരുക്കി.
കാൻസർ ബാധിച്ച് മാതാവ് മരിച്ചതിനെ തുടർന്നുണ്ടായ മനഃസംഘർഷത്തിൽ നിന്നും മോചിതമാകാൻ ബ്രയാനുമായുള്ള സൗഹൃദം സഹായകമായി. യാഹുവിലെ ജോലി ഉപേക്ഷിച്ചതിനുശേഷം ഫേസ് ബുക്കിൽ ഒരു ജോലിക്കായി അപേക്ഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. 2009 ജനുവരിയിൽ ജാൻ വാങ്ങിയ ഐഫോണാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഐഫോണിലൂടെ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ സൃഷ്ടിച്ച് വിപണനം ചെയ്യുന്നതിന്റെ സാധ്യത മനസ്സിലാക്കി.
മനസ്സിലൂടെ മിന്നിമറഞ്ഞ വാട്സ് ആപ് എന്ന ആശയം തന്റെ ജന്മദിനമായ ഫെബ്രുവരി 24ന് ഒരു സംരംഭമായി തുടക്കം കുറിച്ചു. 2009 ഓഗസ്റ്റ് മാസം വരെ വൻ പ്രതിസന്ധിയിലും കടക്കെണിയിലുമായ സംരംഭത്തിന് ഉണർത്തെണീൽപ്പു നൽകിക്കൊണ്ട് സുഹൃത്ത് ബ്രയാനും കൂടെ ചേർന്നു. പിന്നീട് വച്ചടിവച്ചടി കയറ്റമായിരുന്നു. 2012ൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർ ബർഗുമായി സൗഹൃദത്തിലായി. 2014 ഫെബ്രുവരിയിൽ ടെക്നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കൽ ഫേസ്ബുക്ക് നടത്തി. പത്തൊൻപത് ബില്യൺ അമേരിക്കൻ ഡോളറിനാണ് വാട്സ് ആപ് ഫേസ്ബുക്കിന് കൈമാറിയത്. ജാൻ കോം ഫേസ്ബുക്കിൽ ഒരു ഡയറക്ടർ സ്ഥാനത്തേക്കുമുയർന്നു. അതിസമ്പന്നനായി മാറിയ ജാൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈ അയച്ച് സംഭാവനകൾ നൽകി.
ഒരിക്കൽ തന്നെ തിരസ്കരിച്ച ഫേസ്ബുക്കിന്റെ അമരത്തേക്ക് ജാൻ കോമിന് എത്താനായത് സ്വപ്രയത്നവും ബ്രയാൻ ആക്ടൺ എന്ന സൗഹൃദം നൽകിയ പിന്തുണയുമാണ്. ഒരിക്കൽ സ്വന്തമായി ഫോണോ കംപ്യൂട്ടറോ മറ്റ് ആശയവിനിമയ ഉപാധികളോ സ്വന്തമായി ഇല്ലാതിരുന്ന ജാൻ കോം പിന്നീട് കോടാനുകോടി ആളുകൾക്ക് ദിവസേന ലളിതമായി ആശയവിനിമയം നടത്താൻ കാരണക്കാരനായി.
Be Positive>>