Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്റ്റർ ബീൻ: മണ്ടൻ ബുദ്ധിയുടെ മഹാവിജയം

മോൻസി വർഗീസ്
66606781

റൊവാൻ ആറ്റ്കിൻസൺ (Rowan Atkinson) എന്ന പേര് ഏവർക്കും അത്ര സുപരിചിതം ആകണമെന്നില്ല. എന്നാൽ അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ മിസ്റ്റർ ബീൻ എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരിചിതമാണ്. നിഷ്കളങ്ക മുഖത്തോടെ മിസ്റ്റർ ബീൻ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾ ഒരിക്കലെങ്കിലും കണ്ടവർക്ക് മറക്കാൻ കഴിയില്ല. ഒരക്ഷരംപോലും ഉരിയാടാതെ സ്വന്തം ശരീരചലനങ്ങൾ മാത്രമുപയോഗിച്ച് കഥാപാത്രത്തെ സോജ്വലമാക്കിയ റൊവാൻ ആറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്.

തന്റെ കഥാപാത്രം മണ്ടത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്ന ആളാണെങ്കിലും റൊവാൻ ആറ്റ്കിൻസൺ എന്ന വ്യക്തി സ്വകാര്യ ജീവിതത്തിൽ എടുത്ത ബുദ്ധിപരമായ തീരുമാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. തന്റെ പരിമിതിയെ മറികടക്കാൻ അത്യധ്വാനം ചെയ്ത റൊവാൻ തനിക്ക് ഇണങ്ങുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. ചെറുപ്പംമുതൽ സംസാരത്തിൽ വികലത ഉണ്ടായിരുന്ന അദ്ദേഹം കലാരംഗത്തേക്ക് കടക്കുന്നതിനു മുമ്പ് അതിസമർഥനായ വിദ്യാർത്ഥികൂടി ആയിരുന്നു.

1955 ജനുവരി ആറിന് നാല് സഹോദരങ്ങളിൽ ഇളയവനായി ഇംഗ്ലണ്ടിൽ ജനിച്ച റൊവാന്റെ പിതാവ് എറിക് ആറ്റ്കിൻസൺ ഇടത്തരം കർഷകനായിരുന്നു. സ്വതവേ അന്തർമുഖനായിരുന്ന റൊവാൻ പഠനമികവിലൂടെ ന്യൂകാസിൽ സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്വീൻസ് കോളജിൽ നിന്നു മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഹോളിവുഡിലെ ഏറ്റവും വിദ്യാസമ്പന്നരായ താരങ്ങളിൽ ഒരാളാണ് റൊവാൻ ആറ്റ്കിൻസൺ. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായതോടെ കോമഡി കഥാപാത്രങ്ങളാണ് തനിക്ക് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ശരീരഭാഷ ഉപയോഗിച്ച് അഭിനയിക്കുന്നതിൽ വൈദഗ്ധ്യം നേടി. 1979 മുതൽ ബിബിസി ചാനലിൽ അവതരിപ്പിച്ച കോമഡി പരിപാടി ‘‘നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്’’ (Not the Nine'O Clock News) ജനശ്രദ്ധ ആകർഷിച്ചതോടെ എൻജിനീയറിങ് രംഗത്തുനിന്നും അഭിനയരംഗത്തേക്ക് ചുവട് മാറ്റി.

ടെലിവിഷൻ പരിപാടികളിൽ സജീവമായിരിക്കെ 1983ൽ ജയിംസ് ബോണ്ട് ചിത്രമായ ‘നെവർ സേ നെവർ എഗൈനി’ൽ അഭിനയിച്ചു. 1990 മുതൽ അവതരിപ്പിച്ചുതുടങ്ങിയ മിസ്റ്റർ ബീൻ എന്ന കഥാപാത്രം അദ്ദേഹത്തെ ജനമനസ്സുകളിൽ പ്രതിഷ്ഠിച്ചു. മിസ്റ്റർ ബീൻ കേന്ദ്ര കഥാപാത്രമായ സിനിമകളും കാർട്ടൂൺ സീരിയലുകളും ലോകം ആഘോഷിച്ചു. റൊവാൻ ജീവിതത്തിൽ ചെയ്ത ഒരു അതിസാഹസികതയും ശ്രദ്ധ നേടി. 2001ൽ ഒരു സ്വകാര്യ വിമാനത്തിൽ കെനിയയിലേക്കുള്ള അവധിക്കാല യാത്രയ്ക്കിടെ വിമാനത്തിന്റെ പൈലറ്റ് ബോധരഹിതനായി. ഒരിക്കൽപോലും വിമാനം പറത്തിയിട്ടില്ലാത്ത റൊവാൻ പൈലറ്റിന് ബോധം തെളിയുംവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി നൈറോബി വിൽസൺ എയർപോർട്ടിലിറക്കി.

കഥാപാത്രത്തെ മികവുറ്റതാക്കാൻ റൊവാൻ പ്രകടിപ്പിക്കുന്ന ആത്മസമർപ്പണവും സൂക്ഷ്മനിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ‘‘താൻ എന്ത് ചെയ്താലും അത് ആസ്വദിച്ച് ചെയ്യുന്നു’’ റൊവാൻ പറയുന്നു. ആഡംബര കാറുകളോടും റേസിങ്ങിനോടും കമ്പമുള്ള അദ്ദേഹം മികച്ച ഒരു ഡ്രൈവർകൂടിയാണ്. മണ്ടത്തരങ്ങളിൽ ആസ്വാദനം സൃഷ്ടിച്ചുകൊണ്ട് റൊവാൻ ആറ്റ്കിൻസൺ ഇന്നും അഭിനയരംഗത്ത് സജീവമായി മുന്നേറുന്നു.

Be Positive>>