Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളിയോയെ തോൽപ്പിച്ച റൂസ്‌വെൽറ്റ്

മോൻസി വർഗീസ്
franklin-d-roosevelt ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്

വ്യക്തിത്വം ആകർഷകമാക്കുന്നതിൽ ആശയവിനിമയശേഷിക്കു പ്രധാന പങ്കാണുള്ളത്. വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും ആശയവിനിമയം നടത്തുന്നവർ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും. അറിവുള്ളവർക്കുപോലും ശരിയായ രീതിയിൽ തന്റെ അറിവിനെ പ്രകടിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ വേണ്ടരീതിയിലുള്ള വിജയത്തിലെത്താൻ സാധിക്കാറില്ല. ഒരു വ്യക്തിയെ ശ്രദ്ധേയനാക്കുന്നത് അയാളുടെ പ്രകടനങ്ങളാണ്. ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്തുന്നതിൽ മികവു തെളിയിച്ച പല ലോക നേതാക്കളുമുണ്ട്. അവരിൽ പ്രമുഖനാണ് മുപ്പത്തിരണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്.

1933 മാർച്ച് നാലു മുതൽ 1945 ഏപ്രിൽ 12 വരെ അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയാണ് റൂസ്‍വെൽറ്റ്. അറുപത്തിമൂന്നാം വയസ്സിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് മരിക്കുംവരെ പദവിയിൽ തുടർന്ന അദ്ദേഹം നാലുതവണ തുടർച്ചയായി പ്രസിഡന്റ് പദവിയിൽ എത്തുന്ന ഏക വ്യക്തി എന്ന റെക്കാർഡിനുടമയാണ്. സാമ്പത്തികമാന്ദ്യവും ലോകമഹായുദ്ധവും കാരണം പ്രതിസന്ധികളിലൂടെ കടന്നുപോയ രാഷ്ട്രത്തിലെ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഒറ്റക്കെട്ടായി നിർത്താൻ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾക്കു കഴിഞ്ഞിരുന്നു. നിരന്തരം റേഡിയോ പ്രഭാഷണങ്ങളിലൂടെ  ജനങ്ങളുടെ ആത്മവീര്യം നിലനിർത്തി. 

ആശയവിനിമയ പാടവമാണ് നിർണായക ഘട്ടങ്ങളിൽ വിജയം വരിക്കാൻ റൂസ്‌വെൽറ്റിന് സഹായകമായത്. ‘ഗ്രേറ്റ് കമ്യൂണിക്കേറ്റർ’ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. മുപ്പത്തിയൊൻപതാമത്തെ  വയസ്സിൽ പോളിയോ ബാധിതനായി  കാലുകളുടെ ശേഷി നഷ്ടപ്പെട്ടെങ്കിലും ഒരു രാഷ്ട്രത്തലവനിലേക്കുള്ള വളർച്ചയ്ക്ക് അതു തടസ്സമായില്ല. മാനസികമായ കരുത്തുകൊണ്ട് ശാരീരിക വൈകല്യങ്ങളെ മറികടന്ന റൂസ്‌വെൽറ്റ് നിർഭയത്വമാണ് തന്റെ മുഖമുദ്രയെന്ന് പറയുമായിരുന്നു. ‘‘നാം ഭയപ്പെടേണ്ട ഒരേ ഒരു കാര്യം നമ്മുടെ ഭയം മാത്രമാണ്’’ എന്ന അദ്ദേഹത്തിന്റെ വാചകം പ്രസിദ്ധമാണ്. 

റൂസ്‌വെൽറ്റിന്റെ  പത്നി എലനോർ റൂസ്‌വെൽറ്റും പ്രസിദ്ധ പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ യുദ്ധത്തിൽ സജീവമല്ലാതിരുന്ന അമേരിക്കയ്ക്ക്  ജപ്പാന്റെ പേൾ ഹാർബർ  ആക്രമണത്തെ തുടർന്നു യുദ്ധമുന്നണിയിൽ എത്തേണ്ടതായി വന്നു. ഈ സന്ദർഭത്തിൽ അതിശക്തമായ നേതൃത്വപാടവം പ്രകടിപ്പിച്ച റൂസ്‌വെൽറ്റ്, സ്റ്റാലിനും ചർച്ചിലിനുമൊപ്പം സഖ്യകക്ഷികളെ  നയിച്ചു. അലസത വിട്ടു കർമ്മനിരതരാകാൻ അമേരിക്കയിലെ ജനങ്ങളെ പ്രചോദിപ്പിച്ചത് അദ്ദേഹത്തിന്റെ വാക്ചാതുര്യമായിരുന്നു. 

എക്കാലത്തെയും മികച്ച അമേരിക്കൻ പ്രസിഡന്റുമാരിൽ ഒരാളായി കണക്കാക്കുന്ന റൂസ്‌വെൽറ്റ് അമേരിക്കയെ ഒരു വൻ സാമ്പത്തികശക്തിയായി വളർത്താൻ അനിവാര്യമായ തീരുമാനങ്ങളും പദ്ധതികളും നടപ്പിലാക്കി. ആശയവിനിമയത്തിൽ  മികവു പുലർത്താൻ കഴിയുന്നവർക്കു നേതൃത്വത്തിലേക്കു വളരാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്. വാക്കുകളിലൂടെ മാത്രമല്ല, മുഖഭാവങ്ങളിലൂടെയും ആകർഷകമായ വ്യക്തിത്വം നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.