ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് സൃഷ്ടിക്കപ്പെട്ടത്. നാം ഇന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങൾക്കും കാരണമായത് ഈ രംഗത്തെ നമ്മുടെ വളർച്ചയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രായോഗികതയിലൂടെ ഇന്ത്യയ്ക്ക് ഒരു സാമ്പത്തിക ശക്തിയായി വളരാന്‍ കഴിയും എന്ന് ദീർഘവീക്ഷണത്തോടെ ചിന്തിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇന്ത്യയിൽ ശാസ്ത്ര വിപ്ലവത്തിന് തുടക്കംകുറിച്ചു. അവരിൽ പ്രമുഖനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി.
വ്യവസായി ആയ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടെയും പുത്രനായി 1919 ഓഗസ്റ്റ് 12–ന് അഹമ്മദാബാദിൽ ജനിച്ച വിക്രം ചെറുപ്പം മുതൽ തന്നെ ശാസ്ത്രത്തോട് അഭിനിവേശം പുലർത്തി. മാതാപിതാക്കൾ ഒരുക്കിക്കൊടുത്ത സൗകര്യങ്ങളും സർ സി.വി. രാമനെപ്പോലെ മഹാരഥൻമാരായ ശാസ്ത്രജ്ഞരുമായി നേരിട്ട് ഇടപഴകാൻ ലഭിച്ച അവസരങ്ങളുമൊക്കെ ശാസ്ത്രാഭിരുചിയെ ത്വരിതപ്പെടുത്തി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ച വിക്രം സാരാഭായി തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്നു. 1945 ൽ കേംബ്രിഡ‍്ജ് സർവകലാശാലയിൽ നിന്നും കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
1947 ൽ വിക്രം സാരാഭായി തുടക്കംകുറിച്ച ഫിസിക്കൽ റിസർച് ലാബാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായി രൂപപ്പെടുന്നത്. അസാമാന്യ നേതൃപാടവവും ദീർഘവീക്ഷണവും പ്രകടിപ്പിച്ച സാരാഭായി പ്രമുഖമായ പത്തിലേറെ സ്ഥാപനങ്ങളുടെ സ്ഥാപകനും സാരഥിയുമായിരുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നെഹ്റു ഫൗണ്ടേഷൻ ഫോർ ഡവലപ്മെന്റ്, അഹമ്മദാബാദ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് റിസർച് അസോസിയേഷൻ, ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ്, കൽപ്പാക്കം ഫാസ്റ്റർ ബ്രീഡർ ടെസ്റ്റ് റിയാക്ടർ, കൽക്കട്ടയിലെ വേരിയബിൾ എനർജി, സൈക്ലോട്രോൺ പ്രൊജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, ജഡുഗുണ്ടയിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ... തുടങ്ങി അദ്ദേഹം തുടക്കംകുറിച്ച ഓരോ സ്ഥാപനങ്ങളും ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തി.
വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ 1963 നവംബർ 21–ന് തുമ്പയിൽ നിന്നും വിക്ഷേപിച്ച ‘നൈക്ക്–അപ്പാച്ചി’ എന്ന ചെറുറോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായി. പിന്നീട് ഉപഗ്രഹ വിക്ഷേപണങ്ങളിലൂടെ ടെലിവിഷൻ സംപ്രേഷണവും കാലാവസ്ഥാ പ്രവചനവുമൊക്കെ സുഗമമാക്കാൻ ഇന്ത്യയ്ക്കായി. തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഇന്ന് വിക്രം സാരാഭായിയുടെ പേരിൽ അറിയപ്പെടുന്നു. ‘‘ബഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ’’. സാരാഭായിയുടെ പ്രസിദ്ധമായ വാചകമാണിത്.
സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ടിരുന്ന നിരവധി വെല്ലുവിളികള്‍ക്കിടയിലും ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ പ്രതീക്ഷാ നിർഭരമായ ഭാവി സ്വപ്നം കാണാൻ സാരാഭായി അടങ്ങുന്ന ശാസ്ത്ര സമൂഹത്തിനും അന്നത്തെ ഭരണാധികാരികൾക്കും കഴിഞ്ഞു. പത്മഭൂഷണും പത്മവിഭൂഷണും അടക്കമുള്ള ബഹുമതികൾ നൽകി രാഷ്ട്രം സാരാഭായിയെ ആദരിച്ചു. ശാസ്ത്രവും ഗണിതവും പ്രചരിപ്പിക്കുന്നതിൽ ഉൽസാഹം കാണിച്ച സാരാഭായിയുടെ പ്രചോദനത്താൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം അടക്കം നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ നമുക്കു കഴിഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ പിന്നിലെ മാസ്റ്റർമൈൻഡ് സാരാഭായിയുടേതായിരുന്നു. 1975 ഏപ്രിൽ 19–ന് ആര്യഭട്ട വിജയകരമായി വിക്ഷേപിച്ചെങ്കിലും അത് കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. 1971 ഡിസംബർ 30 ന് മഹാപ്രതിഭ ആയിരുന്ന വിക്രം സാരാഭായി ഇഹലോകവാസം വെടിഞ്ഞു.