സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞ ജോർജ് വാഷിങ്ടൻ കാർവെർ എന്ന മഹാ മനുഷ്യന്റെ ജീവിതം കോടാനുകോടി ജനങ്ങൾക്കാണു പ്രചോദനമായത്. അടിമകളുടെ മകനായി പിറന്ന കാർവെർ തന്റെ ജീവിതകാലമത്രയും സമൂഹത്തിനായാണ് വിനിയോഗിച്ചത്. ലോകോത്തര സസ്യശാസ്ത്രജ്ഞനായി അറിയപ്പെടുന്ന അദ്ദേഹം കലയിലും സാഹിത്യത്തിലും മികവ് പ്രകടിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ കൂടി ആയിരുന്നു. 1941–ൽ ടൈം മാഗസിന്റെ കവർ ചിത്രത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘കറുത്ത ലിയനാർഡോ’ എന്നായിരുന്നു.
വടക്കൻ അമേരിക്കയിലെ മിസ്സോറിയിൽ, ഡയമണ്ട് ഗ്രോവിലെ മോസസ്സിന്റെ കൃഷിയിടത്തെ അടിമകളായിരുന്നു കാർവെറിന്റെ മാതാപിതാക്കൾ. ആഭ്യന്തര യുദ്ധകാലത്താണ് ജനനം. യുദ്ധാനന്തരം അടിമകളെ തട്ടിക്കൊണ്ടു പോയി വിലപേശുന്നവരുടെ കൈകളിൽ അകപ്പെട്ടു കൈക്കുഞ്ഞായിരുന്ന കാർവെറും മാതാവും. മോചനദ്രവ്യം കൊടുത്ത് കാർവെറെയും സഹോദരനെയും മോചിപ്പിക്കാൻ മോസസിനായെങ്കിലും കാർവെറിന്റെ അമ്മയെ കണ്ടെത്താനായില്ല. മോസസിന്റെ മക്കളോടൊപ്പം വളർന്ന കാർവെർ ചെറുപ്പം മുതൽ സസ്യങ്ങളിലും വൃക്ഷങ്ങളിലും ശ്രദ്ധ പുലർത്തി. പന്ത്രണ്ടാമത്തെ വയസ്സിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും കറുത്ത വര്‍ഗ്ഗക്കാരെ പഠിപ്പിക്കുന്ന സ്കൂൾ അന്നാട്ടിൽ ഉണ്ടായിരുന്നില്ല. 16 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ചേർന്നു പഠിച്ചു. പഠനത്തിൽ മികവ് കാട്ടിയ കാർവെർ1894ൽ ബിരുദവും 1896ൽ മാസ്റ്റർ ബിരുദവും നേടി. സസ്യശാസ്ത്രത്തിൽ ബിരുദം നേടുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ നിരവധി അവഗണനകളെയും തിരസ്കാരങ്ങളെയും അതിജീവിച്ചാണീ നേട്ടം കരസ്ഥമാക്കിയത്. സ്വായത്തമാക്കിയ അറിവുകൾ സ്വന്തം നേട്ടങ്ങൾക്കായി വിനിയോഗിക്കാതെ സാമൂഹിക പരിഷ്കരണത്തിനായി അദ്ദേഹം വിനിയോഗിച്ചു.
ബുക്കർ ടി. വാഷിങ്ടൻ നേതൃത്വം നൽകിയിയിരുന്ന ടസ്കഗീ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ചേർന്ന കാർവെർ തന്റെ അന്ത്യം വരെയുള്ള നീണ്ട 47 വർഷക്കാലം അധ്യാപനവും ശാസ്ത്ര ഗവേഷണവും തുടർന്നു. അക്കാലത്ത് കർഷകരുടെ പ്രധാന വരുമാനം പരുത്തി, പുകയില കൃഷികളിൽ നിന്നുമായിരുന്നു. നിരന്തരം പരുത്തി കൃഷി ചെയ്യുന്ന മണ്ണിന്റെ പോഷകഗുണം നഷ്ടമാകുന്നു എന്ന് കണ്ടെത്തിയ കാർവെർ പുതിയ കൃഷിരീതികൾ ആവിഷ്കരിച്ചു. ഓരോ വർഷം ഇടവിട്ട് നിലക്കടല, മധുരക്കിഴങ്ങ് തുടങ്ങിയവ കൂടി കൃഷി ചെയ്യുന്ന പുതിയ കൃഷിരീതി വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. നിലക്കടലയുടെ ഉൽപാദനം ഗണ്യമായി വർധിച്ചതോടെ അവയുപയോഗിച്ച് ഉണ്ടാക്കാവുന്ന 325 വ്യാവസായിക ഉൽപന്നങ്ങളാണ് കാർവെർ തന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്. മധുരക്കിഴങ്ങ് ഉപയോഗിച്ചുള്ള ഇരുപതോളം ഉൽപന്നങ്ങളും സോയാബീൻ ഉപയോഗിച്ചുള്ള നൂറുകണക്കിന് വ്യാവസായിക ഉൽപന്നങ്ങളും അദ്ദേഹം കണ്ടുപിടിച്ചു. തന്റെ കണ്ടെത്തലുകളുടെ പേറ്റന്റുകൾ നേടാനോ അതിലൂടെ സമ്പന്നനാകാനോ അദ്ദേഹം മെനക്കെട്ടിരുന്നില്ല.
ലാളിത്യവും വിനയവും മുഖമുദ്ര ആയിരുന്ന കാർവെറിന്റെ കൃഷിരീതികൾ നേരിൽ കാണാനും പ്രശംസിക്കാനും മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരാണ് അദ്ദേഹത്തിന്റെ അടുത്ത് എത്തിയത്. നിലക്കടല ഭക്ഷണത്തിന്റെ ഭാഗമാക്കാൻ മഹാത്മാ ഗാന്ധിക്ക് പ്രചോദനമായത് കാർവെറുമായുണ്ടായിരുന്ന സൗഹൃദമാണ്. ‘‘സാധാരണ കാര്യങ്ങളെ അസാധാരണ രീതിയിൽ ചെയ്താൽ ലോകം നിങ്ങളെ ശ്രദ്ധിക്കും’’ എന്ന അദ്ദേഹത്തിന്റെ വാചകങ്ങൾ അർഥവത്താക്കുന്നതായിരുന്നു ജോർജ് വാഷിങ്ടൻ കാർവെറിന്റെ ജീവിതവും. അവിവാഹിതനായിരുന്ന ശ്രേഷ്ഠനായ അധ്യാപകനെ വിദ്യാർഥികൾ തങ്ങളുടെ സ്വന്തം പിതാവിനെപ്പോലെ സ്നേഹിച്ചിരുന്നു. വിദ്യാർഥികൾ അദ്ദേഹത്തിനയച്ച കത്തുകളിലൊക്കെ ‘പ്രിയ പിതാവേ... എന്നായിരുന്നു സംബോധന. ‘‘99 ശതമാനം പരാജയങ്ങൾക്കും കാരണം തന്നെക്കൊണ്ടതിനു കഴിയില്ല എന്ന ഒഴിവുകഴിവ് പറയുന്ന മനുഷ്യരുടെ ശീലമാണ്’’ എന്ന പ്രസിദ്ധമായ ഉദ്ധരണി അദ്ദേഹത്തിന്റേതാണ്.