വിശ്വവിഖ്യാതരായ നിരവധി പ്രതിഭകളെ വാർത്തെടുത്ത സർവകലാശാലയാണ് സ്റ്റാൻഫോർഡ്. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കറുകളിലായി സ്ഥിതി െചയ്യുന്ന സ്റ്റാൻഫോർഡ് സർവകലാശാല 1891 ഒക്ടോബർ 1 ന് പ്രവർത്തനം ആരംഭിച്ചതാണ്. 16,430 വിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. 2219 പേർ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്ത് അത്യുന്നത പാരമ്പര്യമാണ് സ്റ്റാൻഫോർഡിനുള്ളത്. ലോകമെമ്പാടുനിന്നുമുള്ള പഠിതാക്കൾ ഇവിടെ പഠനത്തിനും ഗവേഷണത്തിനുമായി എത്തുന്നു.
അമേരിക്കൻ സെനറ്റ് അംഗവും കാലിഫോർണിയ ഗവർണ്ണറുമായിരുന്ന ലിലാന്റ് സ്റ്റാൻഫോർഡാണ് ഈ വിഖ്യാത സലർവകലാശാലയുടെ സ്ഥാപകൻ. 1824 മാർച്ച് 9ന് ഒരു ദരിദ്ര കർഷകന്റെ എട്ട് മക്കളിൽ ഒരാളായി പിറന്ന സ്റ്റാൻഫോർഡ് സ്വന്തം അധ്വാനത്താൽ അമേരിക്കയിലെ ഏറ്റവും സമ്പന്നന്മാരിൽ ഒരാളായ വ്യക്തിയാണ്. റെയിൽ റോഡ് നിർമ്മാണ മേഖലയിൽ നിന്നുമാണ് സ്റ്റാൻഫോർഡ് അളവറ്റ സമ്പത്തിന് ഉടമയായത്.
1850ൽ വിവാഹിതനായ സ്റ്റാൻഫോർഡിന്റെയും പത്നി ജെയിൻ എലിസബെത്തിന്റെയും പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. സ്റ്റാൻഫോർഡ് ജൂണിയർ എന്നറിയപ്പെട്ട ലിലാന്റ് ഡിവിറ്റ് സ്റ്റാൻഫോർഡ് സർവ്വ സൗഭാഗ്യത്തിലും വളർന്നു. പഠനത്തിൽ മിടുക്കനായിരുന്നു ഡിവിറ്റ്. 1884ൽ ഒരു യൂറോപ്യൻ പര്യടനത്തിനിടെ ഡിവിറ്റിന് ടൈഫോയിഡ് പിടിപെട്ടു. ലോകത്തെ ഏതൊരു ചികിൽസയും നൽകാൻ ലിലാന്റിന് പ്രാപ്തി ഉണ്ടായിരുന്നിട്ടും മകന്റെ ജീവൻ രോഗം കവർന്നെടുത്തു. പതിനാറ് വയസ്സ് തികയാൻ രണ്ട് മാസങ്ങൾ ശേഷിക്കുമ്പോഴാണ് ഡിവിറ്റ് മരിച്ചത്.
മകന്റെ മരണം സ്റ്റാൻഫോർഡ് ദമ്പതികൾക്ക് വലിയ ആഘാതമായി. മകന്റെ ഓർമ്മ നിലനിർത്താൻ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നുമാണ് സർവകലാശാല രൂപമെടുക്കുന്നത്. 8180 ഏക്കർ സ്ഥലവും 40 മില്യൺ ഡോളറും അതിനായി വിനിയോഗിച്ചു. 130 വനിതകളടക്കം 550 വിദ്യാർഥികളുമായി തുടക്കംകുറിച്ച സ്ഥാപനത്തിനാവശ്യമായ മുഴുവൻ ഫണ്ടും നൽകയിരുന്നത് ലിലാന്റ് സ്റ്റാൻഫോർഡായിരുന്നു. സാധാരണക്കാരുടെ കുട്ടികൾ സ്കോളർഷിപ്പോടെ ആയിരുന്നു പഠിച്ചിരുന്നത്. ആദ്യ ബാച്ചിലെ വിദ്യാർഥി ആയിരുന്ന ഹെർബെർട്ട് ഹൂവർ പിന്നീട് അമേരിക്കയുടെ മുപ്പത്തി ഒന്നാമത്തെ പ്രസിഡന്റായി.
1893ൽ ലിലാന്റ് സ്റ്റാൻഫോർഡ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പത്നി ജെയിൻ ആയിരുന്നു സർവകലാശാലയ്ക്ക് നേതൃത്വം നൽകിയിരുന്നത്. 1906ൽ ഉണ്ടായ ഭൂകമ്പത്തിൽ സർവകലാശാലാ കെട്ടിടങ്ങൾ തകരുകയും രണ്ടാളുകൾ മരിക്കുകയും ചെയ്തു. ഇക്കാലത്ത് ജെയിൻ സ്റ്റാൻഫോർഡിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് സ്ഥാപനം പുനഃസ്ഥാപിച്ചത്. സ്വന്തം ആഭരണങ്ങളും അവശേഷിച്ചിരുന്ന വസ്തുവകകളൊക്കെയും വിറ്റാണ് ഈ സ്ഥാപനം നിലനിർത്താനുള്ള പണം കണ്ടെത്തിയത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിൾ അടക്കമുള്ള നിരവധി സംരംഭങ്ങൾ രൂപംകൊണ്ടത് സ്റ്റാൻഫോർഡ് സർവകലാശാലയുടെ കാമ്പസിനുള്ളിൽ നിന്നുമാണ്. മകന്റെ ഓർമ്മ നിലനിർത്താൻ ആരംഭിച്ച സ്ഥാപനത്തിന്റെ ഔദ്യോഗിക നാമം ‘ലിലാന്റ് സ്റ്റാൻഫോർഡ് ജൂനിയർ യൂണിവേഴ്സിറ്റി’ എന്നാണ്.
Be Positive>>