സർ, യുഎന്നിൽ ഒരു ജോലി...

‘‘സർ, എങ്ങനെയാണ് ഐക്യരാഷ്ട്ര സംഘടനയിൽ ജോലി ലഭിക്കുന്നത് ?’’ – ആഴ്ചയിലൊരിക്കലെങ്കിലും ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ചോദിക്കുന്നവരിൽ പത്തിൽ പഠിക്കുന്ന കുട്ടികൾതൊട്ട് റിട്ട. ഉദ്യോഗസ്ഥർ വരെയുണ്ട്. 

യുഎൻ എന്നത് ഒറ്റ സ്ഥാപനമല്ല എന്നാണു നാം ആദ്യം മനസ്സിലാക്കേണ്ടത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനം മുതൽ ടോക്കിയോയിലെ യുഎൻ സർവകലാശാല വരെ അറുപതോളം സ്ഥാപനങ്ങളുണ്ട്. യുഎൻ സ്ഥാപിതമാകുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപു രൂപീകരിച്ച രാജ്യാന്തര തൊഴിൽ സംഘടന മുതൽ ഈ നൂറ്റാണ്ടിൽ നിലവിൽ വന്ന പീസ് ബിൽഡിങ് കമ്മിഷൻ വരെ ഇതിൽ ഉൾപ്പെടും. പലതിനും അവയുടെ ആസ്ഥാനത്തു മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഓഫിസുകളുണ്ട്, അവിടെയെല്ലാം തൊഴിലവസരങ്ങളുമുണ്ട്. ഇന്ത്യയ്ക്ക് യുപിഎസ്‌സി പോലെയോ കേരളത്തിനു പിഎസ്‌സി പോലെയോ ഉള്ള സംവിധാനം യുഎന്നിനില്ല. മിക്കവാറും സ്ഥാപനങ്ങളിലെ സ്റ്റാഫ് ജോലികളെല്ലാം പരസ്യം ചെയ്യും (https://careers.un.org/lbw/Home.aspx). അതു കഴിഞ്ഞാൽ ആവശ്യമുള്ള ആളുകളെ ഓരോ ഓഫിസും ഇന്റർവ്യൂ ചെയ്തു തിരഞ്ഞെടുക്കണം. 

ഒരുകാര്യം ഓർക്കുക; നമ്മെപ്പോലെതന്നെ ലോകത്തെ 193 അംഗരാജ്യങ്ങളിലെ ആളുകളും യുഎന്നിൽ ജോലിക്കു ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ മൽസരം അത്രത്തോളം കൂടുതലാണ്. എത്ര തവണ കിട്ടിയില്ലെങ്കിലും അപേക്ഷിച്ചു കൊണ്ടേയിരിക്കുക. 

കരാർ നിയമനം
നാട്ടിലെപോലെ സ്ഥിരജോലി സാധാരണമല്ല. 11 മാസം മുതൽ രണ്ടുവർഷം വരെയുള്ള കോൺട്രാക്ട് ആണു സാധാരണ ലഭിക്കുന്നത്. ഒരു കോൺട്രാക്ട് കഴിഞ്ഞാൽ വീണ്ടും കിട്ടിയേക്കാം. ഉറപ്പില്ല. നാട്ടിൽ സ്ഥിരം ജോലിയുള്ളവർ അതുപേക്ഷിച്ച് കോൺട്രാക്ട് ജോലിക്കു വരുന്നതിൽ അൽപം റിസ്‌കുണ്ട്. ദീർഘകാല അവധി കിട്ടുമെങ്കിൽ ഒരു കൈ നോക്കുകയും വേണം; പ്രത്യേകിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ. ഇന്ത്യപോലെയുള്ള രാജ്യങ്ങളിലെ അനുഭവപരിചയം ഏറെ വിലപ്പെട്ടതാണ്.

ജോലികൾ രണ്ടു തരം
ഐക്യരാഷ്ട്ര സംഘടനയിലെ ജോലികൾ പ്രഫഷനൽ (പി), ജനറൽ സർവീസ് (ജി) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ‘പി’ ജോലികൾക്കു ബിരുദമാണു യോഗ്യത. ഇപ്പോൾ ബിരുദം കഴിഞ്ഞവർക്കു ലഭിക്കാവുന്ന പി2 ജോലി മുതൽ 15 വർഷത്തെ തൊഴിൽപരിചയമുള്ളവർക്ക് അപേക്ഷിക്കാവുന്ന പി5 ജോലി വരെയുണ്ട്. ഇതിനു മുകളിൽ ഡയറക്ടർ, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ പദവികളിലേക്കു നേരിട്ട് അപേക്ഷിക്കാം. ‘ജി’ വിഭാഗം ജോലികൾക്കു ബിരുദം ആവശ്യമില്ല.

ഭാഷാപരിചയം, വിദേശപരിചയം
ഇംഗ്ലിഷിനു പുറമെ യുഎൻ ഔദ്യോഗിക ഭാഷകളായ സ്പാനിഷ്, അറബിക്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ എന്നിവയും അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. പഠനവുമായോ ജോലിയുമായോ ബന്ധപ്പെട്ട വിദേശപരിചയവും അഭികാമ്യം. പല രാജ്യക്കാരുള്ള പ്രസ്ഥാനങ്ങളിലെ തൊഴിൽപരിചയം, യുദ്ധ-ദുരന്ത മേഖലകളിലെ പരിചയം തുടങ്ങിയവ മുൻ‌തൂക്കം നൽകും. മൂന്നാം ലോകരാജ്യങ്ങളിലുള്ളവർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. ഗൾഫിൽ കോൺട്രാക്ടിങ്, ലോജിസ്റ്റിക്സ്, ഫിനാൻസ് മേഖലകളിലുള്ളവർ ശ്രമിച്ചാൽ കിട്ടാവുന്ന ജോലികളേറെ. 

സ്റ്റാഫ്, നാഷനലും ഇന്റർനാഷനലും
യുഎസ് ആസ്ഥാനമായ ന്യൂയോർക്ക്, ജനീവ, വിയന്ന എന്നിവിടങ്ങൾക്കു പുറമെ ഓരോ രാജ്യത്തുമുള്ള ഓഫിസുകളിലും അവസരമുണ്ട്. അവിടെത്തന്നെ നാഷനൽ സ്റ്റാഫ്, ഇന്റർനാഷനൽ സ്റ്റാഫ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. നാഷനൽ സ്റ്റാഫ് ജോലികൾ തദ്ദേശീയർക്കു മാത്രം. ഇന്റർനാഷനൽ സ്റ്റാഫിനെ അപേക്ഷിച്ച് ശമ്പളവും ആനുകൂല്യങ്ങളും കുറവാണെങ്കിലും അപേക്ഷകർ ആ രാജ്യത്തുനിന്നു തന്നെയായതിനാൽ മൽസരം കുറയും. യുഎന്നിൽ എത്തിയശേഷം നാഷനലിൽനിന്ന് ഇന്റർനാഷനൽ ആകാനും അവസരമുണ്ട്. വലിയ കുഴപ്പമില്ലാത്ത ബാങ്കോക്ക്, പാരിസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അപേക്ഷകർ ഏറെയായിരിക്കും. അതേസമയം സംഘർഷ മേഖലകളിലേക്ക് അപേക്ഷകർ കുറവും. ഉദാ: കാബൂൾ, ദമാസ്കസ്... ഒരിക്കൽ സംഘർഷ മേഖലയിൽ ജോലിക്കു കയറിയാൽ പിന്നീട് എളുപ്പമുള്ള സ്ഥലങ്ങളിലേക്കു വരാനും അവസരമുണ്ട്. യുഎന്നിൽ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാർഗവും അതാണ്. 

കൺസൽറ്റൻസിയും വൊളന്റിയർ സേവനവും
കോൺട്രാക്ട് ജോലി കഴിഞ്ഞാൽ അടുത്തതു കൺസൽറ്റന്റ് ജോലിയാണ്. ഏഴുവർഷത്തെ പ്രവൃത്തിപരിചയം വേണം. ദൈർഘ്യം ഒരാഴ്ച മുതൽ നാലു വർഷം വരെയാകാം. യാത്രാബത്തയും മറ്റുമായി നല്ല തുക കിട്ടുമെങ്കിലും ജോലി വെല്ലുവിളി നിറഞ്ഞതാണ്. എല്ലാ കൺസൽറ്റൻസി ജോലികളും മുൻപ് പറഞ്ഞ കേന്ദ്രീകൃത വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യാറില്ലെങ്കിലും അവിടെയും ഒരു കണ്ണ് വേണം. ഓരോ രാജ്യത്തെയും യുഎൻ വെബ്‌സൈറ്റും നിങ്ങളുടെ താൽപര്യമുള്ള യുഎൻ പ്രസ്ഥാനത്തിന്റെ വെബ്സെറ്റും ശ്രദ്ധിക്കണം. 

ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യവും അത്യാവശ്യം പണവും യുഎൻ ആശയങ്ങളോട് ആഭിമുഖ്യവുമുണ്ടെങ്കിൽ വൊളന്റിയറായി അപേക്ഷിക്കാം. ഇപ്പോൾ ഈ വിഭാഗത്തിൽ പലതും ഓൺലൈനായി പോലും ചെയ്യാം. ഫീൽഡിൽ ജോലി ചെയ്താൽ ചെറിയ അലവൻസ് കിട്ടും. താൽപര്യമുള്ളവർ വെബ്‌സൈറ്റിൽ (https://www.unv.org/) റജിസ്റ്റർ ചെയ്യണം. 

ഇന്റേൺഷിപ്പുകളും
എല്ലാ യുഎൻ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പുകളുണ്ട്. ആ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച വിവരങ്ങൾ വരും. അങ്ങോട്ട് അപേക്ഷ അയച്ചും നോക്കാം. ശമ്പളമോ അലവൻസോ ഇല്ലെന്നും ഇന്റേൺഷിപ്പ് യുഎൻ ജോലിയിലേക്കുള്ള എളുപ്പവഴിയല്ലെന്നും ആദ്യമേ മനസ്സിലാക്കുക. 

ഓർക്കുക, ഇതും
ലോകത്ത് ഏറ്റവും ദുരിതബാധിതരെ സഹായിക്കാനുള്ള അവസരം, ലോകത്ത് എവിടെയും സഞ്ചരിക്കാനുള്ള സാധ്യത, ഉയർന്ന ശമ്പളം, എന്നിങ്ങനെ ഐക്യരാഷ്ട്ര സംഘടനയിലെ ജോലിക്കു ഗുണങ്ങൾ പലതുണ്ട്. പക്ഷേ, സ്ഥിരമായ സഞ്ചാരം, പ്ലാനിങ് അധികം സാധ്യമല്ലാത്ത ജീവിതം, സംഘർഷങ്ങളുമായുള്ള സഹവർത്തിത്വം ഇവയൊക്കെ കാരണം വ്യക്തിജീവിതത്തിലും സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യത ഏറെ.