ഇരുപതാം വയസ്സിലെ ഒരാളുടെ കണ്ടുപിടിത്തം രണ്ടു നൂറ്റാണ്ടോടടുത്തിട്ടും ഇന്നും കോടിക്കണക്കിനാളുകൾ ലോകമെമ്പാടും പ്രയോജനപ്പെടുത്തുന്നു. കൃത്യമായിപ്പറഞ്ഞാൽ 1829ലാണ് ലൂയി ബ്രെയിൽ വിഖ്യാതമായ വിശേഷ ലിപിക്കു രൂപം നൽകിയത്. ലോകത്തിലെ നാലുകോടി അന്ധര്‍ക്ക് ഇന്നും ഇത് അനുഗ്രഹമായി തുടരുന്നു. നാലു കോടിയിൽ ഒന്നര കോടിയും ഇന്ത്യയിലാണെന്നതു നമ്മെ വ്യാകുലപ്പെടുത്തുന്നു. ഫ്രാൻസിലെ ചെറുപട്ടണത്തിൽ 1809ലാണ് ലൂയി ബ്രെയിൽ ജനിച്ചത്. അച്ഛന് കുതിരപ്പുറത്തെ തുകൽ ഇരിപ്പിടങ്ങളുണ്ടാക്കുന്ന ജോലി.
മൂന്നു വയസ്സുള്ളപ്പോൾ ലൂയി അച്ഛന്റെ വർക്‌ഷോപ്പിലെത്തി പണിക്കോപ്പുകളെടുത്തു കളിച്ചു. വലിയ സൂചിയെടുത്ത് അച്ഛനെപ്പോലെ തുകലിൽ തുളയിടാൻ ശ്രമിച്ചപ്പോൾ, സൂചി അബദ്ധത്തിൽ തെന്നി ഒരു കണ്ണിൽ കയറി. ചികിത്സിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടു. മറുകണ്ണിലേക്കും രോഗം പകർന്ന് ആറു വയസ്സിനകം തീർത്തും അന്ധനായി. പക്ഷേ ലൂയിയുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും സ്വജീവിതം വഴിതിരിച്ചുവിട്ടു. അവിടത്തെ അന്ധവിദ്യാലയത്തിൽ ചേർന്നു. പ്രാകൃതസമ്പ്രദായത്തിൽ അതൃപ്തി. പ്രാഥമികതലത്തിലുള്ള പുസ്തകങ്ങളു അവനു പോരാ. അവൻ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടേയിരുന്നു. കാഴ്ചയില്ലാത്തവർക്കും മറ്റുള്ളവരെപ്പോലെ വായിക്കണം.
അങ്ങനെയിരിക്കെ ഫ്രഞ്ച് പട്ടാളത്തിലെ ക്യാപ്റ്റൻ ചാൾസ് ബാർബിയർ യുദ്ധനിരയിലെ പട്ടാളക്കാർക്ക് ഇരുട്ടത്തു തപ്പി വായിക്കാനുള്ള ലിപിയുണ്ടാക്കിയതുമായി ലൂയി പരിചയപ്പെട്ടു. അതു വികസിപ്പിച്ച് ഇരുപതാം വയസ്സിൽ ലൂയി ബ്രെയിൽ ഉയർന്നു നിൽക്കുന്ന കുത്തുകളുടെ വിന്യാസംവഴി സൗകര്യപൂർവം വായിക്കാവുന്ന ലിപി രൂപപ്പെടുത്തി. അധ്യാപകനായി പ്രവർത്തിച്ച ലൂയി ബ്രെയിൽ 43–ാം വയസ്സിൽ കഥാവശേഷനായി. ഇന്ന് അസംഖ്യം പുസ്തകങ്ങളും മാസികകളും മറ്റും ബ്രെയിൽ രീതിയിൽ പ്രചാരത്തിലുണ്ട്. പുതുചിന്തയും നിശ്ചയദാർഢ്യവും പകർന്ന അസുലഭവിജയം.