പതിനേഴുകാരി നിരക്ഷരബാലിക നയിച്ച പട്ടാളം ഇംഗ്ലിഷ് പടയെ തോൽപ്പിച്ച സംഭവം.1337 - 1453 കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവത്സരയുദ്ധം നടന്നു. ഇംഗ്ലണ്ടിലെ ഹെൻറി അഞ്ചാമൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തിരുന്നെങ്കിലും 1422–ൽ അദ്ദേഹം മരിച്ചതോടെ ഫ്രാൻസിലെ ചാൾസ് ഏഴാമന് രാജാവാകാനുള്ള സാധ്യത തെളിഞ്ഞു. പക്ഷേ ഇംഗ്ലിഷുകാർ ഇതിനെ കഠിനമായി എതിർത്തു. 1412-ൽ ജനിച്ച ജോൻ ഓഫ് ആർക്ക് എന്ന ഫ്രഞ്ച് ബാലികയ്ക്ക് വെളിപാടുണ്ടായി; അവൾ ഇംഗ്ലിഷുകാരെ തോൽപ്പിക്കണം.
വീട്ടുജോലിയും തയ്യലും മാത്രം അറിയാവുന്ന നാടൻപെൺകുട്ടിയുടെ ഈ മോഹം ബാലിശമെന്ന് ഏവർക്കും തോന്നി. പക്ഷേ 1428–ൽ പട്ടാള കമാൻഡർവഴി അവൾ ചാൾസ് ഏഴാമനെക്കണ്ടു. തലമുടി ക്രോപ് ചെയ്ത് പുരുഷവേഷം ധരിച്ച് പട്ടാളത്തിന്റെ അകമ്പടിയോടെ വെള്ളക്കുതിരയിൽ പാഞ്ഞ് അവളെത്തി.
അദ്ദേഹത്തിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ പറഞ്ഞ അവളുടെ സത്യസന്ധതയും അത്ഭുതശക്തിയും വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചു ബോധ്യപ്പെട്ടു.
പതിനേഴുകാരി ജോനിന്റെ കീഴിൽ ഫ്രഞ്ചുസൈന്യം മുന്നേറി. ഇംഗ്ലിഷുകാർ കൈയടക്കി വച്ച ഫ്രഞ്ച് പ്രദേശമായ ഓർലിയൻസിൽ 1429ലെ യുദ്ധത്തിൽ ഇംഗ്ലിഷ് പട അടിയറവു പറഞ്ഞു. ജോനിന്റെ കീർത്തി വ്യാപിച്ചു. ജൂലൈയിൽ ചാൾസ് രാജാവായി.
അടുത്ത വർഷം ബുർഗാൻഡിയിൽ ഇംഗ്ലിഷുകാരോടു പടവെട്ടുന്നതിനിടെ ജോൻ കുതിരപ്പുറത്തു നിന്നു വീണു. ചതിയന്മാരായ ബുർഗാൻഡികൾ അവളെ പതിനായിരം ഫ്രാങ്കിനു ഇംഗ്ലിഷുകാർക്കു വിറ്റു. അവളെ രക്ഷിക്കാൻ ചാൾസ് ശ്രമിച്ചില്ല.
ആ ദേശാഭിമാനിയുടെ പേരിൽ ഇംഗ്ലിഷുകാർ അസംഖ്യം കുറ്റങ്ങൾ ചാർത്തി. പത്തൊൻപതാം വയസ്സിൽ പതിനായിരം പേരെ സാക്ഷിനിർത്തി നിഷ്കരുണം ചുട്ടുകൊന്നു. 1431 മേയ് 30 യൂറോപ്യൻ ചരിത്രത്തിലെ കരിദിനമായി. 1920 മേയ് 16ന് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു നാടിനുവേണ്ടി നിർഭയമായി പോരാടിയ ബാലികയുടെ അസാമാന്യധീരതയുടെ കഥ.
Career Guru>>