Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിബന്ധങ്ങൾക്കു തളർത്താനാവാത്ത ധിഷണാശാലി

ബി.എസ്. വാരിയർ
jagadishchandrabose

‘‘ഞാൻ നേരിടുന്ന ക്ലേശങ്ങളെപ്പറ്റി അങ്ങയ്ക്കു സങ്കൽപിക്കാൻ പോല‌ുമാവില്ല. സസ്യപ്രതികരണത്തെക്കുറിച്ച് ഞാൻ മേയ് മാസത്തിൽ റോയൽ സൊസൈറ്റിക്ക് അയച്ച പ്രബന്ധത്തിന്റെ പ്രസിദ്ധീകരണം രണ്ടു ശാസ്ത്രജ്ഞർ തടഞ്ഞു. അവരിലൊരാൾ അത് സ്വന്തം പേരിൽ മറ്റൊരു ജേണലിൽ പ്രസിദ്ധപ്പെടുത്തി. എനിക്ക് ഭാരതത്തിന്റെ മണ്ണിലേക്കു മടങ്ങിയാൽ മതി.’’ രബീന്ദ്രനാഥ ടഗോറിന് 1902–ൽ ലണ്ടനിൽ‌ നിന്നു കിട്ടിയ കത്തിലെ വരികൾ. എഴുതിയത് ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസ് എന്ന ‌ജെ‌. സി. ബോസ് (1858 – 1937). 

സ്വന്തം ബുദ്ധി ഉപയോഗിച്ച് തനതായ ഗവേഷണം നടത്തി പാശ്ചാത്യരെപ്പോലും കണ്ടെത്തലുകൾവഴി ഞെട്ടിച്ച പ്രതിഭാശാലിയാണ് ജെ. സി. ബോസ്. ആദ്യബിരുദം  ഫിസിക്സിലായിരുന്നെങ്കിലും സസ്യശാസ്ത്രവും ഉൾക്കാഴ്ചയോടെ പഠിച്ച് പല മേഖലകളിലും  ഒറിജിനൽ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും. അവയിൽ ചിലതിങ്ങനെ:

∙ വേദന, സ്നേഹം മുതലായവ ജന്തുക്കൾക്കെന്നപോലെ സസ്യങ്ങൾക്കുമുണ്ട്

∙ റേഡിയോ കമ്യൂണിക്കേഷനിൽ മാർക്കോണിക്കു സമാന്തരമായി പരീക്ഷണങ്ങൾ 

∙ആദ്യകാല സയൻസ് ഫിക്‌ഷൻ പുസ്തകം 

∙ശാസ്ത്രപരീക്ഷണങ്ങൾ വഴിയുള്ള ഇന്ത്യൻ ഗവേഷണത്തിന് അടിത്തറ പാകി

∙ഫെലോ ഓഫ് റോയൽ സൊസൈറ്റി, ഓർഡർ ഓഫ് ബ്രിട്ടിഷ് എമ്പയർ തുടങ്ങിയ അംഗീകാരങ്ങൾ

പരിമിതമായ ലബോറട്ടറി സൗകര്യങ്ങൾ, സാമ്രാജ്യത്വ മേൽക്കോയ്മയുടെ കടുത്ത അവഗണന തുടങ്ങിയ വൻപ്രതിബന്ധങ്ങളെ തരണം ചെയ്ത്, വ്യത്യസ്ത മേഖലകളിൽ അസാധാരണവിജയം വരിച്ച ധിഷണാശാലി.