Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യവിമുക്തിയിൽ സംതൃപ്തി

ടി.ജെ.ജെ.
alcohol

ഒരു യുവാവിന്റെ അനുഭവം വായിക്കയുണ്ടായി. അയാൾ നഗരത്തിലൂടെ പോവുകയായിരുന്നു. ഒരു മധ്യവയസ്കനുമായി പരിചയപ്പെട്ടു. അയാളുടെ നിർബന്ധത്തിനു വഴങ്ങി യുവാവ് ആ രാത്രി ആ മനുഷ്യന്റെ താമസസ്ഥലത്തെത്തി. അന്ന് അവിടെ പലരും വന്നിട്ടുണ്ടായിരുന്നു. അത്താഴവിരുന്നിൽ വിലയേറിയ മദ്യക്കുപ്പികൾ തുറന്നു. മദ്യത്തിന്റെ ഗന്ധം വീട്ടിലെങ്ങും നിറഞ്ഞു. യുവാവിന്റെ മനസ്സ് അസ്വസ്ഥമായി. ജീവിതത്തിൽ ഒരിക്കൽപോലും അയാൾ മദ്യം രുചിച്ചിട്ടില്ല. 

ആതിഥേയൻ വിടാൻ ഭാവമില്ല. അയാൾ മദ്യം കുടിക്കാൻ പലപ്രാവശ്യം യുവാവിനെ നിർബന്ധിച്ചു: ‘‘ഇന്നൊരു ദിവസം കുടിക്കുന്നതുകൊണ്ട് ഒന്നും വരാനില്ല.’’ യുവാവ് സമ്മതിക്കുന്നില്ല എന്നു കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘‘എന്റെ അതിഥികളുടെ മുമ്പിൽവച്ച് എന്നെ മോശക്കാരനാക്കരുത്.’’ താൻ മദ്യം കഴിക്കാതിരുന്നാൽ അതു തന്നെ ക്ഷണിച്ച സുഹൃത്തിന് അപമാനകരമാവുമോ എന്നു ഭയപ്പെട്ട്, വൈമനസ്യത്തോടെയെങ്കിലും അയാൾ മദ്യം കഴിച്ചു. ആ യുവാവിന്റെ ജീവിതത്തിലെ ആദ്യത്തെ മദ്യപാനം! 

വീണ്ടും പലപ്പോഴും മേൽപറഞ്ഞ സുഹൃത്തിന്റെ സൽക്കാരം ആ യുവാവ് സ്വീകരിക്കാനിടയായി. ക്രമേണ അയാൾ ഒരു സ്ഥിരം മദ്യപാനിയായി. അതോടുകൂടി മറ്റുപല ദുശ്ശീലങ്ങൾക്കും അടിമയായി. ചീത്ത കൂട്ടുകെട്ടിൽപെട്ടു. അക്രമത്തിന്റെ പാതയിൽ മുന്നേറി. മദ്യത്തിനടിമയായിത്തീർന്ന ആ യുവാവ് കൊടിയ തെറ്റുകളുടെ പേരിൽ ജയിൽവാസിയായി. കുറെനാളത്തെ തടവുശിക്ഷയ്ക്കുശേഷം വിമുക്തനായ യുവാവ് നേരെ പോയത് ലഹരിപദാർഥങ്ങളും മദ്യവും നുകരുവാൻ ഒരു ഹോട്ടലിലേക്കാണ്, കൂട്ടുകാരോടൊപ്പം. 

ഗ്ലാസിൽ മദ്യം നുരഞ്ഞുപൊന്തിനിന്നു. അതു തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി അയാൾക്കു തോന്നി. ചുരുങ്ങിയ വർഷങ്ങൾക്കുമുൻപ് എത്ര നിഷ്കളങ്കമായ ജീവിതമായിരുന്നു തന്റേത്. പക്ഷേ, മദ്യം എന്റെ ജീവിതത്തെ അഗാധഗർത്തത്തിലേക്കു തള്ളിവിട്ടു. വീണ്ടും അതിന്റെ കരാളഹസ്തത്തിനടിപ്പെടുവാൻ പോവുകയാണ്. ഇതിൽനിന്നു തനിക്കു മോചനമില്ലേ? അന്ന് ഉറച്ച തീരുമാനമെടുത്തുകൊണ്ടാണ് അയാൾ പുറത്തേക്കിറങ്ങിയത്. ‘മരിക്കേണ്ടിവന്നാലും മദ്യം ഉപയോഗിക്കില്ല’ എന്നായിരുന്നു തീരുമാനം. അയാൾ അങ്ങനെ ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ മറ്റുള്ളവർ പൊട്ടിച്ചിരിച്ചു. 

ഈ ലോകത്തിൽ സ്വതന്ത്രമായി ജീവിക്കാൻ സാധ്യമല്ലെന്നും ലഹരിപദാർഥങ്ങളുടെയും തെറ്റുകളുടെയും ലോകം തന്നെ മാടിവിളിക്കുന്നു എന്നും അയാൾക്കു തോന്നി. എന്നാൽ അവയുടെ പിടിയിൽ അമർന്നാൽ ജീവിതം തകരും. വ്യസനാക്രാന്തനായി അലഞ്ഞുനടന്നശേഷം ആ യുവാവ് ജയിലിലേക്കുതന്നെ തിരിച്ചുപോയി. ​അയാൾ ജയിൽ സൂപ്രണ്ടിനോട് അപേക്ഷിച്ചു: ‘‘സാർ, എന്നെ ജയിലിൽതന്നെ സുക്ഷിച്ചുകൊൾക. പുറംലോകത്ത് എനിക്കു സ്വാതന്ത്ര്യമില്ല. എവിടെയും തിന്മയുടെ കൂരിരുളാണ്. ദയവുണ്ടായി എന്നെ ഇവിടെത്തന്നെ തുടരുവാൻ അനുവദിക്കണം.’’ 

ഇതുകേട്ട് ജയിലധികാരി വിസ്മയിച്ചു. യുവാവ് സ്വന്തം കഥ വിശദമായി ആ ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. മദ്യാസക്തിയിൽനിന്നും തെറ്റായ ജീവിതചര്യയിൽനിന്നും മോചിതനായി ഒരു ഉത്തമ ജീവിതം നയിക്കണമെന്നുള്ള യുവാവിന്റെ ആത്മാർഥമായ ആഗ്രഹം ജയിൽ അധികാരി മനസ്സിലാക്കി. അദ്ദേഹം യുവാവിന് ശ്രദ്ധേയമായ ഒരു ഉപദേശം നൽകി: ‘‘താങ്കൾ പോയി മക്കൗലി മിഷനിൽ ചേർന്ന് യേശുവിന്റെ സന്ദേശം എങ്ങും അറിയിക്കാൻ ശ്രമിക്കുക. അതു മാത്രമാണ് താങ്കൾക്കു ദുഃഖങ്ങളിൽനിന്നും പ്രലോഭനത്തിൽനിന്നും മോചിതനാകാനുള്ള വഴി.’’ അന്നു രാത്രി മുഴുവൻ ആ യുവാവ് പ്രാർഥനയിൽ കഴിഞ്ഞു. തിരുവചനം വായിച്ചു ധ്യാനിക്കുന്നതിനും സമയമെടുത്തു. ആശ്വാസത്തിന്റെയും പ്രചോദനത്തിന്റേതുമായ സന്ദേശം അവിടെ കണ്ടെത്തി. 

യേശുവിന്റെ സന്ദേശത്തെക്കുറിച്ചു പഠിക്കുന്നതും അതു ജീവിതത്തിൽ ​അനുഭവമാക്കി മാറ്റുന്നതുമാണ് യഥാർഥ സ്വാതന്ത്ര്യത്തിനുള്ള വഴി എന്ന് അയാൾ അറിഞ്ഞു. പിന്നീട് യേശുവിന്റെ സന്ദേശവാഹകരിൽ സമുന്നതനായ വ്യക്തിയായി ആ യുവാവ് അമേരിക്കയിലെങ്ങും അറിയപ്പെട്ടു. അദ്ദേഹമാണ് പ്രസിദ്ധനായ സാം ഹാഡ്‌ലി. മക്കൗലി മിഷന്റെ പ്രധാന കാര്യദർശിയായി അദ്ദേഹം അറിയപ്പെട്ടു. മദ്യത്തിന് അടിമപ്പെടുകയും അക്രമമാർഗങ്ങളിൽ ചരിക്കയും ചെയ്ത പതിനായിരങ്ങളെ യേശുവിന്റെ സന്ദേശത്തിലൂടെ രക്ഷാമാർഗത്തിലേക്കു തിരിക്കാൻ കഴിഞ്ഞു. 

അദ്ദേഹത്തിന്റെ ജീവിതാനുഭവം പല സന്ദേശങ്ങളും നമുക്കു നൽകുന്നു; പ്രത്യേകിച്ച് യുവലോകത്തിന്. 

(1) അരുതാത്ത വേഴ്ചകളും കൂട്ടുകെട്ടുമാണ് പലരെയും മദ്യപാനശീലത്തിലേക്കു നയിച്ചിട്ടുള്ളത്. സൗഹൃദ സമ്മേളനങ്ങൾക്കു മദ്യം ഒരു അവിഭാജ്യ ഘടകമാണ്. അതില്ലെങ്കിൽ എന്തോ വലിയ പോരായ്മ എന്ന ഭാവമാണുണ്ടായിരിക്കുന്നത്. 

(2) മദ്യത്തിന്റെ ഭവിഷ്യത്തുകളും വരുത്തുന്ന അപകടങ്ങളും എല്ലാം അറിയാമെങ്കിലും സൗഹൃദ സമ്മർദത്തിൽ വീണുപോകുന്നു. ഒന്നു വീണുപോയാൽ പിന്നീട് പിന്തിരിയുക എളുപ്പമല്ല. ഇച്ഛാശക്തി പൂർണമായി പ്രയോഗിച്ച് ആദ്യത്തെ പ്രലോഭനത്തിൽതന്നെ ‘‘നോ’’ പറയാൻ കഴിയണം. അങ്ങനെയെങ്കിൽ പിന്നീട് കൂടുതൽ കരുത്തും അതുവഴി വിജയവും നേടാം. 

(3) അനുദിന ജീവിതത്തിലെ ക്ലേശങ്ങളും വിഷമതകളും മാറ്റുവാൻ ലഹരിവസ്തുക്കൾ ശരിയായ മാർഗമല്ല. ആണെന്നു ധരിച്ചാണു പലരും അതിലേക്കു തിരിയുന്നത്. ചണനൂൽ കൊണ്ടുള്ള കെട്ട് അഴിച്ചുകളയുമ്പോൾ ഇരുമ്പുചങ്ങലയാണു നമ്മുടെ കരങ്ങളിൽ വീഴുന്നതെങ്കിൽ എന്തു ലാഭമാണുള്ളത്. പ്രയാസങ്ങളും പ്രതിസന്ധികളും ഏതു ജീവിതത്തിലും കടന്നുവരുന്നതാണ്. അതിനു പരിഹാരം ബുദ്ധിയെയും വിവേകത്തെയും കെടുത്തുന്ന ലഹരിപദാർഥമല്ല. അതു നമ്മെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുക മാത്രമേയുള്ളൂ. 

(4) യഥാർഥ സ്വാതന്ത്ര്യവും സന്തോഷവും ഭൗതികവസ്തുക്കളിലല്ല കുടികൊള്ളുന്നത്. ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നവനു മാത്രമേ ശാശ്വതമായ സമാധാനവും ആനന്ദവും ഉണ്ടാവുകയുള്ളൂ. ഒരിക്കലും നശിച്ചുപോകാത്ത ശാന്തിയും സ്വസ്ഥതയും നമ്മുടെ ഹൃദയത്തിൽ നിറയ്ക്കുന്നതു ദൈവമാണ്. (5) ആ സമാധാനം നിലനിർത്താനും ശക്തിപ്പെടുത്താനും ക്രിയാത്മകമായ കാര്യങ്ങളിൽ വ്യാപൃതരാകണം. അല്ലാത്തപക്ഷം പ്രലോഭനം കടന്നുവരും. വീണ്ടും അടിമത്തത്തിലേക്കു വീഴുകയും ചെയ്യും. മുകളിൽ പരാമർശിച്ച സാം ഹാ‍ഡ്‌ലി ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായി. അതിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്തി. 

സൃഷ്ടവസ്തുക്കളെ മാറ്റിനിർത്തി നമ്മുടെ ഹൃദയം സ്രഷ്ടാവിനെക്കൊണ്ടു നിറയ്ക്കുക. സൃഷ്ടവസ്തുക്കളിലുള്ള നമ്മുടെ ആശ്രയം കണ്ണീരും ദുഃഖവുമാണ് നമുക്കു സമ്മാനിക്കുന്നതെങ്കിൽ സ്രഷ്ടാവായ ദൈവത്തിലുള്ള ആശ്രയം നമുക്കു ശാശ്വതമായ ശാന്തി പകരുന്നു. 

മദ്യം വാസ്തവത്തിൽ വിലയ്ക്കു വാങ്ങുന്ന നരകമാണ്. മദ്യപൻ സുബുദ്ധി നഷ്ടപ്പെടുത്തുന്നു. തന്നോടു മറ്റുള്ളവർക്കുള്ള ബഹുമാനവും പരിഗണനയും നഷ്ടപ്പെടുത്തുന്നു. കുടുംബത്തിന് അപമാനവും ധനനഷ്ടവും വരുത്തുന്നു. ആയുസ്സും ആരോഗ്യവും പണയപ്പെടുത്തുന്നു. മദ്യം വരുത്തുന്ന ദുരന്തങ്ങൾക്ക് അറുതിയില്ല. കൊള്ള, കവർച്ച, ഭവനഭേദനം, കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, കുടുംബത്തകർച്ച, മാരകമായ രോഗത്തിന്റെ കടന്നാക്രമണം – ​ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങൾക്കെല്ലാം വഴിതെളിക്കുന്ന മദ്യത്തെ അകറ്റുവാൻ എന്തുചെയ്യണമെന്നു സ്വാനുഭവത്തിൽകൂടി സാം ഹാഡ്‌ലി നമ്മെ ഓർമപ്പെടുത്തുന്നു.