വേദനയാകും അച്ഛൻ ഇന്നെന്റെ നാദമാകും

നാദമായി കൂടെയുണ്ടാകും: അച്ഛന്റെ വിയോഗദു:ഖത്തിലായിരുന്ന ആനന്ദിനെ ആശ്വസിപ്പിക്കാൻ, ചെണ്ടമേളമൽസരത്തിൽ പങ്കാളികളായ കൂട്ടുകാർ എത്തിയപ്പോൾ. വേദനക്കിടയിലും മൽസരത്തിൽ പങ്കെടുക്കാനെത്തുമെന്ന ഉറപ്പ് നൽകിയാണ് ആനന്ദ് കൂട്ടുകാരെ തിരിച്ചയച്ചത്. ചിത്രം: റിജോ ജോസഫ്∙മനോരമ

കോട്ടയം ∙ ആനന്ദമായിരിക്കില്ല, ഇന്ന് ആനന്ദിന്റെ കുഴലിൽ നിന്നുയരുക; പകരം അച്ഛൻ എന്ന വേദനയായിരിക്കും. കാരണം അച്ഛന്റെ ചിതയെരിഞ്ഞു മണിക്കൂറുകൾക്കകമായിരിക്കും, ആനന്ദ് കലോൽസവവേദിയിൽ എത്തുക. 

ഹയർസെക്കൻഡറി വിഭാഗം ചെണ്ടമേളത്തിൽ പാമ്പാടി ക്രോസ് റോഡ്സ് ഹയർസെക്കണ്ടറി സ്കൂൾ ടീമിനു വേണ്ടി ഞായറാഴ്ച കുറുംകുഴൽ വായിക്കേണ്ടത് ആനന്ദാണ്.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

ആനന്ദിന്റെ പിതാവ് കൂരോപ്പട സ്പെഷൽ വില്ലേജ് ഓഫിസർ പി.സി.ശശിധരൻ ചെട്ടിയാർ (54) വെള്ളിയാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംസ്കാരച്ചടങ്ങുകൾ. ചെണ്ടമേളത്തിൽ പങ്കെടുക്കേണ്ട സ്കൂളിലെ 5 വിദ്യാർഥികൾ ശനിയാഴ്ച പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. മൽസരശേഷം ആലപ്പുഴയിലെ കലോൽസവേദിയിൽനിന്നു അവർ ആനന്ദിന്റെ വീട്ടിലെത്തി. 

ഞായറാഴ്ചത്തെ മൽസരം ഉപേക്ഷിക്കാനായിരുന്നു കൂട്ടുകാരുടെ തീരുമാനം. എന്നാൽ തന്റെ കലാവാസനക്ക് സദാ പ്രോൽസാഹനമായിരുന്ന അച്ഛന് ആദരമായി മാറണം മേളമെന്നായിരുന്നു ആനന്ദിന്റെ തീരുമാനം. അങ്ങനെ ഞായറാഴ്ച
രാവിലെയുള്ള മരണാനന്തര കർമങ്ങൾക്കു ശേഷം ആനന്ദ് ആലപ്പുഴയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് 2 നാണു മൽസരം.

സ്കൂൾ കലോത്സവ ചിത്രങ്ങൾ കാണാം