എച്ച്എസ്എസ് മിമിക്രിയിൽ കാഴ്ച പരിമിതിയുള്ള ഷിഫ്ന മറിയം നേടിയ എ ഗ്രേഡിനു തിളക്കമേറെ. തിരുവനന്തപുരം ചെങ്കോട്ടുകോണം മാധവവിലാസം എച്ച്എസ്എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണു ഷിഫ്ന. നാലു വർഷമായി സംസ്ഥാന കലോത്സവവേദിയിലെ താരം.
ഇത്തവണ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ടപ്പോൾ അപ്പീൽ നൽകി. ആദ്യ ദിവസം ഷിഫ്നയടക്കം 50 പേർക്ക് അപ്പീൽ അനുവദിച്ചു. എന്നാൽ ചില മത്സര ഫലങ്ങളുടെ കാര്യത്തിൽ പ്രതിഷേധമുയർന്നതോടെ ആദ്യ ലിസ്റ്റ് റദ്ദ് ചെയ്ത് 28 വിദ്യാർഥികളുടെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ ഷിഫ്നയുടെ പേരുണ്ടായിരുന്നില്ല.
കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ
അപ്പീൽ അനുവദിച്ചതറിഞ്ഞു പരിശീലനം തുടങ്ങിയ ഷിഫ്ന രണ്ടാമത്തെ ലിസ്റ്റ് വന്നതോടെ വിഷമത്തിലായി. ഇനി സ്കൂളിൽ പോവില്ലെന്നു പറഞ്ഞു കരഞ്ഞതോടെയാണു ലോകായുക്തയെ സമീപിക്കാൻ തീരുമാനിച്ചതെന്നു ഷിഫ്നയുടെ ഉമ്മ ഷാഹിന പറഞ്ഞു. ആ പോരാട്ടമാണ് ഇന്നലെ എ ഗ്രേഡ് നേടിയതിലൂടെ വിജയം കണ്ടത്.
ജനിച്ചു രണ്ടാമത്തെ ആഴ്ചയിൽ പിടിപെട്ട പനിയെ തുടർന്നാണു ഷിഫ്നയ്ക്കു കാഴ്ച നഷ്ടപ്പെട്ടത്. സ്ഥിരമായി രോഗങ്ങൾ കൂടെയുള്ളതിനാൽ ആശുപത്രിക്കിടക്കയിൽനിന്നാണു കലോത്സവ വേദിയിലെത്തിയത്. പാഠഭാഗങ്ങൾ റിക്കോർഡ് ചെയ്തു കേട്ടാണു ഷിഫ്ന പഠിക്കുന്നത്. മിമിക്രി സ്വന്തമായി പരിശീലിക്കുന്നു. ഷാഹിന തിരുവനന്തപുരം മെഡിക്കൽ കോളജിൽ എസ്എടി ആശുപത്രിയിലെ ജീവനക്കാരിയാണ്.