Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടിതട്ടിയെടുത്ത സർട്ടിഫിക്കറ്റിൽ തെളിയുന്നു ആദ്യ യുവജനോത്സവ നേട്ടത്തിന്റെ ആഹ്ലാദം

certificate എറണാകുളത്ത് 1957ൽ നടന്ന ആദ്യ യുവജനോത്സവത്തിൽ ക്ലാസിക്കൽ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സുരേന്ദ്രനാഥ വർമയ്ക്ക് ലഭിച്ച സർട്ടിഫിക്കറ്റ്.

എറണാകുളത്ത് 1957ൽ നടന്ന ആദ്യ യുവജനോത്സവത്തിൽ ക്ലാസിക്കൽ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സുരേന്ദ്രനാഥ വർമയ്ക്ക് ലഭിച്ച സർട്ടിഫിക്കറ്റ്. ആദ്യ സ്കൂൾ കലോത്സവ വിജയി പ്രഫ.കെ.എൻ.സുരേന്ദ്രനാഥ വർമ.

ഭരതനാട്യവും കഥക്കും കുച്ചിപ്പുടിയും കഥകളിയുമെല്ലാം ഒറ്റ ഇനമായിരുന്ന യുവജനോത്സവം. എറണാകുളത്ത് 1957 ജനുവരി 26, 27 തീയതികളിൽ നടന്ന ആദ്യ യുവജനോത്സവത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് അന്നത്തെ വിജയി ചേർത്തല ത്രിവേണി വീട്ടിൽ പ്രഫ. കെ.എൻ.സുരേന്ദ്രനാഥ വർമ (75).  ഓർമകളുടെ പൊടി തട്ടിയെടുത്ത സർട്ടിഫിക്കറ്റിൽ ഇന്റർ–സ്കൂൾ യൂത്ത് ഫെസ്റ്റിവൽ, കേരളം–1957 എന്ന തലക്കെട്ടിൽ ക്ലാസിക്കൽ നൃത്തം ഒന്നാം സ്ഥാനം സുരേന്ദ്രനാഥ വർമ, ചേർത്തല ഹൈസ്കൂൾ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പബ്ലിക്ക് ഇൻസ്ട്രക്​ഷൻ ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. 

surendranada-varma ആദ്യ സ്കൂൾ കലോത്സവ വിജയി പ്രഫ.കെ.എൻ.സുരേന്ദ്രനാഥ വർമ.

ചേർത്തലയിലെ സർക്കാർ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ യുവജനോത്സവം. 11 വയസ് മുതൽ കഥകളി പഠിക്കുന്ന വർമയെ അധ്യാപകരും സുഹൃത്തുക്കളും ചേർന്നാണ് മത്സരത്തിനു കൊണ്ടുപോയത്. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. സ്കൂളിൽനിന്ന് നേരിട്ട് സംസ്ഥാനതല മത്സരത്തിലേക്ക്. കഥകളി ഉൾപ്പെടെ നൃത്തയിനങ്ങളെല്ലാം ഒറ്റ മത്സരമായാണ് നടത്തിയത്. ആദ്യമായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ ആവേശമായി. പിന്നീട് പ്രീ യൂണിവേഴ്സിറ്റിയിലും കേരള യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും വിജയം തുടർന്നു. 

കോളജ് അധ്യാപകനായി ജോലി കിട്ടിയെങ്കിലും കലയോടുള്ള താൽപര്യത്തിന് കുറവില്ലായിരുന്നു. സഹോദരനും നടനുമായ അന്തരിച്ച  ജഗന്നാഥ വർമയോടൊപ്പമാണ് ചെറുപ്പത്തിൽ കഥകളി പഠിച്ചത്. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം കാണണമെന്ന് വിചാരിക്കുന്നതായും സുരേന്ദ്രനാഥ വർമ പറഞ്ഞു. സഹപാഠിയും ആദ്യ യുവജനോത്സവത്തിൽ മൃദംഗ ജേതാവുമായ ചേർത്തല എ.കെ.രാമചന്ദ്രനും എത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. ഏറെക്കാലമായി തിരുവനന്തപുരത്തുള്ള സുഹൃത്തിനെ കാണുവാനും ആഗ്രഹമുണ്ട്.