അതിജീവന കലോത്സവം

എല്ലാ അർഥത്തിലും അതിജീവന കലോത്സവമാണ് ആലപ്പുഴയിലേക്ക്. പ്രളയജലം ഏറ്റവും കൂടുതൽ ദുരിതം തീർത്ത ജില്ലയിലാണ് പ്രളയാനന്തരം കലാകൗമാരം ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.മൽസര വിജയികളിൽ 90 ശതമാനവും അതിജീവനത്തിന്റെ പാതയിൽ എത്തിയവരാണെന്നതാണ് ഈ കലാമേളയുടെ സാന്ദര്യം. ചിലർ പ്രളയജലം വിതച്ച ദുരിതത്തെ നീന്തി തോൽപ്പിച്ചാണ് എത്തിയതെങ്കിൽ മറ്റു ചിലർ ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി വിജയം പിടിച്ചവരാണ്.

ചിലവു ചുരുക്കലിന്റെ ഭാഗമായി മൂന്നു ദിവസമായി ചുരുങ്ങിയ കലോത്സവത്തിൽ കല്ലുകടികളും എറെയുണ്ട്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇത്തവണത്തെ രീതികളോട് പൂർണമായും പൊരുത്തപ്പെടാൻ മൽസരാർഥികൾക്കും രക്ഷിതാക്കൾക്കും സാധിക്കുന്നില്ല.  ഏഴു ദിവസം ആഘോഷപൂർവ്വം കൊണ്ടാടിയ ചരിത്രമാണ് സമീപ ഭാവിയിലെല്ലാം സ്കൂൾ കലോത്സവത്തിനുണ്ടായിരുന്നത്. കഴിഞ്ഞ വർഷം തൃശൂരിൽ ഇത് അഞ്ചു ദിവസമാക്കി കുറച്ചതായിരുന്നു മാറ്റം. തൃശൂരിൽ ഇത് വിജയിക്കുകയും ചെയ്തു.  എന്നാൽ ആലപ്പുഴയിലെ ക്രമീകരണങ്ങളോട് പലപ്പോഴും വിദ്യാർഥികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് ആദ്യ ദിനം കണ്ടത്. 

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

നാടൻപാട്ട് വേദിയിൽ കർട്ടൺ കെട്ടാതിരുന്നതിനെച്ചൊല്ലിയായിരുന്നു ആദ്യ പ്രതിഷേധം. ചിലവു ചുരുക്കലെന്ന് സംഘാകർ പറയുമ്പോഴും അംഗീകരിക്കാൻ കുട്ടികൾ തയ്യാറല്ല. ഒടുവിൽ കർട്ടൺ കെട്ടി മത്സരം തുടങ്ങിയപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരുന്നു. 

ശുഷ്കമായ സദസായിരുന്നു മറ്റൊരു കാഴ്ച. അതിജീവനത്തിന്റെ പാതയിലുള്ള ആലപ്പുഴ പ്രേക്ഷകരുടെ റോൾ കാര്യമായി ഏറ്റെടുത്തിട്ടില്ല. പ്രധാന വേദിയിലുൾപ്പെടെ നൃത്ത ഇനങ്ങൾ ശുഷ്കമായ സദസിനു മുൻപിലാണ് ആടി തീർത്തത്. ഇതോടെ ഒന്നാം വേദിയിൽ പകുതിയോളം കസേരകൾ എടുത്തു മാറ്റി. എന്നാൽ നാടൻപാട്ട്, നാടകം തുടങ്ങിയ ഇനങ്ങൾക്ക് സ്ഥലപരിമിതികൾ മറി കടന്നും പ്രേക്ഷകരെത്തി.

" കിത്താബ് " ആയിരുന്നു നാടകവേദിയിൽ ഏവരും ഉറ്റുനോക്കിയത്. വിവാദത്തിൽ കോടതി കയറിയ നാടകം അവതരിപ്പിക്കാനുള്ള അനുമതി കോടതി നൽകാതിരുന്നതോടെ വേദിക്കു പുറത്ത് പ്രതിഷേധമായി നാടകം അവതരിപ്പിക്കാൻ കുട്ടികൾ തയ്യാറെടുത്തു. ഇതോടെ മഫ്തിയിൽ ഉൾപ്പെടെ പൊലീസ് സംഘത്തേയും വിന്യസിച്ചു. കാണികൾ പ്രതിഷേധിക്കാനുള്ള സാധ്യത മുൻനിർത്തിയായിരുന്നു നീക്കം. എന്നാൽ പ്രതിഷേധം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് കുട്ടികൾ എത്തിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്. ഇതോടെ സദസിലെത്തി കണ്ണീരോടെ മറ്റു മത്സരങ്ങൾ കാണുകയായിരുന്നു " കിത്താബ് നാടക " സംഘം.