കാഴ്ചയില്ലെങ്കിലും കുടുംബത്തിന്റെ ആശ്രയമാണ് വിഷ്ണുപ്രിയ

ഞാൻ വിഷ്ണുപ്രിയ. അമ്മുക്കുട്ടിയെന്നാണു വിളിപ്പേര്. എന്റെ പാട്ടു കേട്ട നിങ്ങളെ എനിക്കു കാണാനാവില്ല. എങ്കിലും നിങ്ങൾക്കെന്നോടുള്ള സ്നേഹത്തിന്റെ വെളിച്ചം ഞാനറിയുന്നുണ്ട്. കാഴ്ചയില്ലെങ്കിലും കുടുംബത്തിന്റെ പ്രയാസങ്ങൾ കാണാതിരിക്കാൻ എനിക്കാവില്ല. കലോത്സവം കഴിഞ്ഞാലുടൻ മടങ്ങണം. കച്ചേരിയും സംഗീത ക്ലാസും മുടക്കാനാവില്ല. നാലുപേരുള്ള കുടുംബത്തിന് അതാണു വരുമാനം.

കാസർകോട് ചെങ്കള പഞ്ചായത്തിലെ വൃന്ദാവനമെന്ന കൊച്ചു വീടുണ്ടെനിക്ക്. ഇത്ര ദൂരം വന്നു പാടി മടങ്ങുമ്പോൾ സന്തോഷിക്കാൻ എനിക്കേറെയുണ്ട്: ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും മത്സരിച്ചു, രണ്ടിലും എ ഗ്രേഡ് കിട്ടി. ഹൃദ്രോഗിയായ അച്ഛൻ വിശ്വനാഥൻ നായർക്കു ജോലിക്കു പോകാനാവില്ല. വീട്ടിൽ അമ്മ ആശാദേവിയും അനുജൻ അഭിജിത്തുമുണ്ട്.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

സ്പെഷൽ സ്കൂൾ കലോത്സവങ്ങളിലായിരുന്നു വർഷങ്ങളായി എന്റെ മത്സരം. ഒരുപാടു സമ്മാനങ്ങൾ കിട്ടി. കാറടുക്ക ജിവിഎച്എസ്എസിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പൊതുവിഭാഗത്തിൽ ആദ്യമത്സരം. കലോത്സവങ്ങളിൽ തുണയായി വരുന്നത് അധ്യാപരും നാട്ടുകാരുമാണ്. കാണുന്നില്ലെങ്കിലും അവരെല്ലാം എനിക്കു വെളിച്ചമാണ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ എന്നെ പാട്ടു പഠിപ്പിച്ച ടി.പി.ശ്രീനിവാസനാണു ഗുരു. എക്കാലവും ഈ ഗുരുവിന്റെ ശിഷ്യയാകണം.