പിഎസ്‌സി പരീക്ഷ എങ്ങനെ വിജയിക്കാം?

പരീക്ഷയുടെ സിലബസ്, വിഷയങ്ങളുടെ പ്രത്യേകത, സമയക്രമം, മാര്‍ക്ക്, പരീക്ഷയുടെ മറ്റു സവിശേഷതകൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൊതുവിജ്ഞാനവും ഗണിതശേഷിയും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും, എൽഡിസി പരീക്ഷയ്ക്കാണെങ്കിൽ മലയാള ഭാഷയിലുള്ള അറിവുമാണു പരിശോധിക്കപ്പെടുക. ഗണിതത്തിന്റെയും ഇംഗ്ലീഷ് ഭാഷയുടെയും അടിസ്ഥാന പാഠങ്ങൾ സ്കൂൾ ക്ലാസ്സിൽ നന്നായി ഗ്രഹിച്ചിട്ടുള്ളവര്‍ക്ക് ഈ രണ്ടു വിഷയങ്ങളിലെയും ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. എന്നാല്‍ പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ അനുദിനം മാറിക്കൊണ്ടിരുന്ന ലോകത്തു കണ്ണും കാതും തുറന്നുവച്ചുള്ള അന്വേഷണവും  നിരീക്ഷണവും ജാഗ്രതയുള്ള ഉദ്യോഗാർഥിയാണോ നിങ്ങള്‍ എന്നണു റിക്രൂട്ട്മെന്റ് ഏജൻസി പരിശോധിക്കുക. മലയാള ഭാഷയിൽ അമിത ആത്മവിശ്വാസം കൊണ്ടാണു പലർക്കും മാർക്കു നഷ്ടപ്പെടുന്നത്. നമ്മുടെ മലയാളത്തിനു കാര്യമായ തയാറെടുപ്പിന്റെ ആവശ്യമില്ല എന്ന ചിന്ത യുക്തിപൂർ‌വം ചിന്തിക്കുന്ന മൽസരാർഥിക്കു ചേർന്നതല്ല. കാരണം മത്സര പരീക്ഷയിൽ ലഭിക്കുന്ന ഓരോ മാർക്കും മൂല്യമേറിയതാണ്. നെഗറ്റീവ് മാർക്കിന്റെ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ‌മെയ്‌വഴക്കവും ഇവിടെ നിർണായകമാണ്.‌‌

പിഎസ്‌സി പരീക്ഷയിലെ വിജയത്തിന് നിങ്ങൾ ചലിക്കുന്ന സർവവിജ്ഞാനകോശമൊന്നും ആകേണ്ട ‌കാര്യമില്ല. അധ്വാനശീലത്തോടുകൂടിയ സാമാന്യ ബുദ്ധിയും എങ്ങനെയും വിജയം കൈവരിച്ചേ തീരു എന്ന തീക്ഷ്ണമായ ആഗ്രഹവുമാണു നിങ്ങളെ വിജയത്തിൽ എത്തിക്കുന്നത്.

ഏതു മൽസര പരീക്ഷയിലെയും 70% മുതൽ 80% വരെ ചോദ്യങ്ങൾ ലളിതമായിരിക്കും. 20% മുതൽ 30% വരെ ചോദ്യങ്ങളായിരിക്കും വിജയപരാജയങ്ങൾ നിർണയിക്കുക. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ ഒരു മൽസര പരീക്ഷയിലെ അഞ്ചോ ആറോ ചോദ്യങ്ങളായിരിക്കും നിർണായകമാവുക. അപരിചിതമോ ‌ആശയക്കുഴപ്പമുണ്ടാക്കുന്നതോ പ്രതീക്ഷിക്കാത്ത അപ്രധാന ‌ചോദ്യങ്ങളോ ‌ആയിരിക്കും ഇങ്ങനെ വരുന്നത്.

ഇവിടെയാണ് മുന്‍ വർഷത്തിലെ ചോദ്യപേപ്പറുകൾ കൃത്യമായി വർക്കൗട്ട് ‌ചെയ്യുന്നതിന്റെ പ്രസക്തി. മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ചുള്ള പരിശീലനം ചോദ്യങ്ങളുടെ ട്രെന്റുകളും പാറ്റേണുകളും  മനസ്സിലാക്കുന്നതിനും പരീ‌ക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും അതുവഴി വിജയത്തിലെക്കുള്ള യാത്ര സംഗമമാക്കുന്നതിനും സഹായിക്കും.

വിവിധ വിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവുകൾ നൽകുന്ന പുസ്തകങ്ങള്‍ അല്ലെങ്കിൽ സ്റ്റഡിമെറ്റീരിയൽസ് വാങ്ങി പഠനം ആരംഭിക്കുകയാണു മൽസര പരീ‌ക്ഷകളുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്. അതിനുശേഷം കുറെക്കൂടി വിശദമായ പ്രതിപാദനങ്ങൾ ഉള്ള അഡ്വാന്‍സ്ഡായ പുസ്തകങ്ങൾ ‌പരിശീലനത്തിനായി തിരഞ്ഞെടുക്കാം. മൂന്നാമത്തെ ഘട്ടത്തിൽ വേറിട്ട ‌വിവരങ്ങളും അപൂർവമായ വിവരങ്ങളും സ്വായത്തമാക്കാം.

പത്രങ്ങളും ആനുകാലികങ്ങളും പൊതുവിജ്ഞാനത്തിന്റെ വലിയൊരു സ്രോതസ്സാണ്.  പത്രങ്ങളും ആനുകാലികങ്ങളും വായിച്ചു കുറിപ്പുകള്‍ തയാറാക്കുന്ന നിലയിലേക്കു നിങ്ങളുടെ ശീലങ്ങളെ മാറ്റിയെടുത്താൽ വിജയത്തിലേക്കുള്ള യാത്ര പകുതി ദൂരം പിന്നിട്ടു എന്നു പറയാം. ഇന്നുതന്നെ 200 പേജിന്റെ നോട്ടുബുക്കു വാങ്ങി തീയതി ക്രമത്തിൽ സമകാലിക വിജ്ഞാനത്തെ അധികരിച്ചുള്ള കുറിപ്പുകൾ ‌തയാറാക്കി വിജ‌ഞാനത്തെ അധികരിച്ചുള്ള കുറിപ്പുകൾ തയാറാക്കി തുടങ്ങൂ. ആറു മാസം ‌പിന്നിടുമ്പോൾ ഫലം വിസ്മയാവഹമായിരിക്കും.

ഒരു ദിവസം 5 മണിക്കൂർ പഠിക്കാൻ ഒരു ഉദ്യോഗാര്‍ഥി തീരുമാനിച്ചപ്പോൾ പ്ര‌തിദിനം വിവിധ വിഷയങ്ങളിലെ 150നും 200 നും ഇടയ്ക്കു ചോദ്യങ്ങള്‍ പരി‌ശീലിക്കാൻ കഴി‌യും. ഒരാഴ്ച ഈ രീതിയിൽ പഠനം തുടര്‍ന്നാൽ 35 മണിക്കൂർ പരി‌ശീലനമാകും. 1000–1400 ചോദ്യങ്ങള്‍ ഹൃദയസ്ഥിതമാക്കുകയും ചെയ്യാം.

കഴിഞ്ഞ പരീക്ഷയില്‍ നിങ്ങൾ റാങ്ക് ലിസ്റ്റിലെ വന്നിട്ടില്ലായിരിക്കാം. ഇരുപതോ മുപ്പതോ ചോദ്യങ്ങള്‍ക്കായിരിക്കാം നിങ്ങൾക്ക് ഉത്തരമെഴുതാന്‍ കഴിഞ്ഞിട്ടുണ്ടാകുക. ഒട്ടും പേടിക്കണ്ട റാങ്ക് പട്ടികയിലെ മുൻനിരയിൽ എത്തിയ പലരും തുടക്കത്തില്‍ ‌നിങ്ങള്‍ക്കുള്ള അതേ പ്രശ്നം നേരിട്ടവരാണ്.

ഒരു കാര്യം ശ്രദ്ധിക്കുക. ക്ഷീണവും മടുപ്പുമില്ലാതെ പഠിക്കാൻ ഒറ്റയ്ക്കു പഠിക്കാനിരിക്കുന്നതാണു നല്ലത്. ഒന്നിലധികം പേർ ചേർന്നു പഠി‌ക്കുമ്പോള്‍ പങ്കുവയ്ക്കലിലൂടെ വിവരശേഖരണത്തിൽ നിങ്ങള്‍ക്ക് ഒരുപാടു മുന്നോട്ടു പോകാൻ കഴിയും.

നിങ്ങളുടെ മസ്തിഷ്കത്തിന്റെ ശേഷി ഏതു സൂപ്പർ കംപ്യൂട്ടറിനെയും വെല്ലുന്നതാണ്. ലക്ഷക്കണക്കിനു ഡേറ്റകൾ സംഭരിച്ചു വയ്ക്കാൻ ശേഷിയുള്ളതാണു ‌നിങ്ങളുടെ തലച്ചോർ. സമയത്തെ ചിട്ടപ്പെടുത്തി ലക്ഷ്യബോധത്തോടെ അതിനെ ‌ഉപയോഗിച്ചാൽ ഫലം വിസ്മയാവഹമായിരിക്കും. വിസ്മയകരമായ വിജയം ‌നേടാനുള്ള തീഷ്ണമായ ആഗ്രഹം നിങ്ങളുടെ മനസ്സിൽ ജ്വലിക്കട്ടെ. തീഷ്ണമായി ആഗ്രഹിക്കുന്നത് എന്തും നേടിത്തരാൻ പ്രപഞ്ചത്തിലെ മുഴുവൻ ശക്തിയും ‌നിങ്ങൾക്കൊപ്പം നിൽക്കും.