Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിലൊരു ജോലി; പിന്തുടരാം മായാങ്കിനെ

Mayank-Bhura

ഒട്ടുമിക്ക എല്ലാ പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും ഇന്ന് ഇന്റേണ്‍ഷിപ്പുകള്‍ അഥവാ പരിശീലനകാലം നിര്‍ബന്ധമാണ്. ഒരു കോഴ്‌സു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അതുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലോ തൊഴിലിടത്തിലോ നിന്നു ലഭിക്കുന്ന പ്രവൃത്തിപരിചയമാണ് ഇന്റേണ്‍ഷിപ്പുകള്‍. ഇന്റേണ്‍ഷിപ്പുകളെ ചില വിദ്യാര്‍ത്ഥികള്‍ ഗൗരവമായ തൊഴില്‍ പരിചയത്തിനും നെറ്റു വര്‍ക്കിങ്ങിനുമുള്ള അവസരമായി എടുക്കും. എന്നാല്‍ മറ്റു ചിലര്‍ക്കു കോളജിനു പുറത്തു കൂട്ടുകാരുമായി ചേര്‍ന്നു നേരം കളയാനുള്ള കാലമാണിത്. ഇന്റേണ്‍ഷിപ്പിന്റെ ആദ്യ ദിവസം മാത്രം ചെന്നു തല കാണിച്ച ശേഷം പിന്നീടു നിശ്ചിത കാലാവധി കഴിഞ്ഞു സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ചെല്ലുന്നവരും നിരവധി. 

കരിയര്‍ വളര്‍ച്ചയില്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു മിടുക്കനെ പരിചയപ്പെടാം. ഇന്റേണ്‍ഷിപ്പു വിദഗ്ധമായി പ്രയോജനപ്പെടുത്തി ഗൂഗിള്‍ പോലൊരു വന്‍കിട കമ്പനിയില്‍ ജോലിക്കു കയറിപറ്റിയ മായാങ്ക് ബൂറ. കര്‍ണ്ണാടകത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു 2016 ല്‍ ബിടെക് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പാസ്സായ മായാങ്ക് ഇന്നു ഗൂഗിള്‍ ഹൈദരാബാദ് ഓഫീസിലെ എന്‍ജിനീയറാണ്. 

കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തിലാണു ബാംഗ്ലൂരിലെ ഗൂഗിള്‍ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിനായി മായാങ്ക് എത്തുന്നത്. 2015 മെയ് മുതല്‍ ജൂലൈ വരെയായിരുന്നു ഇന്റേണ്‍ഷിപ്പ് കാലാവധി. കമ്പനി ഇന്റേണുകള്‍ക്കായി അനുവദിച്ച പ്രോജക്ടില്‍ ജോലി ചെയ്യുന്നതിനൊപ്പം പ്രീ പ്ലെയ്‌സ്‌മെന്റ് ഓഫര്‍ ഇന്റര്‍വ്യൂവിനുളള തയ്യാറെടുപ്പുകളും മായാങ്ക് നടത്തി. പല ദിവസങ്ങളിലും 19 മണിക്കൂര്‍ വരെയൊക്കെ നീണ്ടു ഇന്റര്‍വ്യൂ തയ്യാറെടുപ്പ് അടക്കമുള്ള ജോലി സമയം. രാവേറെ ചെല്ലുമ്പോള്‍ ഓഫീസിലെ തന്നെ സ്ലീപ്പിങ് റൂമുകളില്‍ കിടന്നുറങ്ങി. ഇന്റര്‍വ്യൂബിറ്റ്, കോഡ്‌ഫോഴ്‌സസ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ കോഡിങ് പ്രാക്ടീസു ചെയ്തു. ഡേറ്റാ സ്ട്രക്ച്ചറുകളെ കുറിച്ചും അല്‍ഗോരിതങ്ങളെ കുറിച്ചും വിവിധ ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ നിന്നു കൂടുതല്‍ പഠിച്ചു. അവസരം ലഭിച്ചപ്പോഴൊക്കെ കമ്പനിയിലെ സീനിയേഴ്‌സുമായി സംസാരിച്ചു. കോഡിങ്ങിനെ പറ്റിയും പ്ലെയ്‌സ്‌മെന്റ് ഇന്റര്‍വ്യൂകളെ കുറിച്ചുമുള്ള അവരുടെ ടിപ്പുകള്‍ മായാങ്ക് പരമാവധി പ്രയോജനപ്പെടുത്തി. ഒടുവില്‍ ഇന്റേഷണ്‍ഷിപ്പിനു ശേഷമുള്ള പ്രീ പ്ലെയ്‌മെന്റ് ഓഫര്‍ ഇന്റര്‍വ്യൂവിലൂടെ താന്‍ എന്നും സ്വപ്നം കണ്ടിരുന്ന ഗൂഗിള്‍ ജോലി മായാങ്ക് നേടിയെടുത്തു. 

സോഫ്ട്‌വെയര്‍ എന്‍ജിനീയറായി തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മായാങ്കിന്റെ ഉപദേശങ്ങള്‍:

അല്‍ഗോരിതങ്ങള്‍, ഡേറ്റാ സ്ട്രക്ച്ചറുകള്‍, ഒഒപി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: എല്ലാ അഭിമുഖ പരീക്ഷകളും ഇവയില്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നതിനാല്‍ അവയില്‍ ആഴമേറിയ അറിവു നേടിയെടുക്കുക. മത്സരാത്മക പ്രോഗ്രാമിങ് ഇതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. 

തൊഴില്‍ പരിചയം പ്രധാനം: ജോലി കിട്ടായാല്‍ എന്തു തരത്തിലുള്ള പണിയാണു ചെയ്യേണ്ടതെന്ന കാര്യം പഠിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പുകള്‍ക്കു കഴിയും. എങ്ങനെ കോഡ് എഴുതണം, എങ്ങനെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ്(എപിഐ) എഴുതുകയും ഉപയോഗിക്കുകയും ചെയ്യാം, ഡോക്യുമെന്റേഷന്റെ പ്രാധാന്യം, ഡിസൈന്‍ പ്രക്രിയ എങ്ങനെയാണ് തുടങ്ങിയ കാര്യമെല്ലാം ഇന്റേണ്‍ഷിപ്പുകളിലൂടെ പഠിക്കാം. 

ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടാന്‍ മടി വേണ്ട: ഒരു തൊഴിലിടത്തില്‍ ചെന്നാല്‍ അവിടുത്തെ സീനിയേഴ്‌സിന്റെ അനുഭവ പരിചയം ഉപയോഗപ്പെടുത്തണം. അതിനായി അവരോടു ചോദ്യങ്ങള്‍ ചോദിക്കാം, തുറന്നു സംസാരിക്കാം. അവര്‍ നല്‍കുന്ന ടിപ്‌സു പ്രയോജനപ്പെടും. അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാല്‍ ചിലര്‍ നിങ്ങളെ മെന്റര്‍ ചെയ്‌തെന്നുമിരിക്കും. ഭാവിയില്‍ റഫറന്‍സായും തൊഴിലവസരങ്ങളെ കുറിച്ചുള്ള അറിയിപ്പുകളായും ഇവര്‍ ജീവിതത്തില്‍ ഉപകാരപ്പെടും. ‌

നല്ലൊരു റെസ്യൂമേ തയ്യാറാക്കി വയ്ക്കാം: പ്രഫഷണലായി ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ തയ്യാര്‍ ചെയ്ത ഒരു റെസ്യൂമേ സൂക്ഷിക്കണം. ഓണ്‍ലൈനിലും മറ്റും തിരഞ്ഞ് നല്ല ഫോര്‍മാറ്റുകള്‍ ഇതിനായി കണ്ടു പിടിക്കാം. റെസ്യൂമേയില്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ ഇന്റേണ്‍ഷിപ്പുകളും പ്രോജക്ടുകളും ചെയ്യാം. 

പ്ലെയ്‌സ്‌മെന്റ് കാലത്തേക്ക് തയ്യാറെടുക്കാം: പല കമ്പനികളും അവരുടെ ഇന്റര്‍വ്യൂ, സ്‌ക്രീനിങ് റൗണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യത്യസ്ത മേഖലകളുണ്ടാകാം. ഗീക്ക്‌സ്‌ഫോര്‍ഗീക്ക്‌സ്, കരിയര്‍കപ്പ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നോക്കി മുന്‍കാല ചോദ്യങ്ങള്‍ കണ്ടെത്തി കമ്പനികള്‍ ഊന്നല്‍ നല്‍കുന്ന മേഖലകള്‍ അറിയാം. 

നല്ല ഗ്രേഡ് പ്രധാനം: നല്ല ജോലി കിട്ടാന്‍ എല്ലായിടത്തും ടോപ്പര്‍ ആകണമെന്നൊന്നും നിര്‍ബന്ധമില്ല. പക്ഷേ കണ്ടാല്‍ മോശമല്ലാത്ത ഗ്രേഡ് പോയിന്റ് ആവറേജ് നിലനിര്‍ത്തണം. പല പ്ലെയ്‌മെന്റുകള്‍ക്കും കട്ടോഫുകള്‍ ഉണ്ടെന്നതിനാല്‍ ജിപിഎയും പ്രധാനമാണ്. അസൈന്‍മെന്റുകളും പ്രോജക്ടുകളും ഒക്കെ അതു കൊണ്ട് തന്നെ ഉഴപ്പരുത്.