ഇന്ത്യയില്‍ പണിയെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാപനം ഏതാണ് ? ഉത്തരം തപ്പാന്‍ ഗൂഗിള്‍ ചെയ്യേണ്ട. കാരണം എന്തു ചോദ്യത്തിനും നാം ഉത്തരം പരതുന്ന ഗൂഗിള്‍ തന്നെയാണ് ആ സ്ഥാപനം. എച്ച്ആര്‍ കണ്‍സല്‍ട്ടിങ് സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് നടത്തിയ സര്‍വേയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി ഗൂഗിള്‍ ഇന്ത്യയെ തിരഞ്ഞെടുത്തത്. കാര്‍ നിര്‍മ്മാതാക്കളായ മേര്‍സിഡസ് ബെന്‍സാണു രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം തവണയാണു ഗൂഗിള്‍ ഇന്ത്യ ഈ ബഹുമതിക്ക് അര്‍ഹമാകുന്നത്.
ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളം, ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ, ജോലിയും ജീവിതവുമായുള്ള ബാലന്‍സു നിലനിര്‍ത്താന്‍ ലഭിക്കുന്ന അവസരം തുടങ്ങിയ കാരണങ്ങളാണു ഗൂഗിളിനെ ഏവര്‍ക്കും പ്രിയപ്പെട്ട സ്ഥാപനമാക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയില്‍ ആമസോണ്‍ ഇന്ത്യയും എഫ്എംസിജി മേഖലയില്‍ ഐടിസി ലിമിറ്റഡും കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ഫിലിപ്‌സ് ഇന്ത്യയും ഒന്നാമതെത്തി. ഇന്ത്യക്കാര്‍ ഏറ്റവുമധികം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഐടി മേഖലയിലാണെന്നും പഠനം കണ്ടെത്തി. ഐടി കഴിഞ്ഞാല്‍ ബാങ്കിങ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയോടാണ് പ്രിയം. റീട്ടെയില്‍, എഫ്എംസിജി എന്നിവയാണ് പ്രിയപ്പെട്ട മറ്റു തൊഴില്‍ മേഖലകള്‍. എന്‍ജിനീയറിങ് മേഖലയിലുള്ളവര്‍ക്കു പൊതുമേഖലാ കമ്പനികളേക്കാൾ താത്പര്യം സ്റ്റാര്‍ട്ട് അപ്പുകളോടാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. 3500 ജീവനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണു സര്‍വേ ഫലങ്ങള്‍ തയ്യാറാക്കിയത്.