10,000 കോടിയോളം രൂപ വിറ്റുവരവുള്ള ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ നേതൃത്വം ഇനി മുപ്പത്തൊൻപതുകാരിയായ നിസബ ആദി ഗോദ്റെജിന്. ഗോദ്റെജ് ഗ്രൂപ്പിലെ ഏറ്റവും പ്രധാന കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൾക്കു കൈമാറി, നിലവിലെ ആദി ഗോദ്റെജ് ദൈനംദിന ഭരണത്തിൽനിന്നു മാറുകയാണ്. എഴുപത്തിയഞ്ചുകാരനായ ആദി ഗോദ്റെജ് 17 വർഷമായി കമ്പനിയെ നയിക്കുന്നു. ഇനി ചെയർമാൻ ഇമെരിറ്റസ് ആയി ബോർഡിൽ തുടരും. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ നിസബ ഇന്ന് എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കും. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 9608 കോടി രൂപയാണ് വിറ്റുവരവ്. 2015 – 16 ൽ 8753 കോടി രൂപയായിരുന്നു. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി വിവേക് ഗംഭീർ തുടരും. സോപ്പ്, വീട്ടുപയോഗത്തിനുള്ള കീടനാശിനി, എയർ ഫ്രെഷ്നർ, ഡിയോഡറന്റ്, ഹെയർ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ പ്രമുഖ സ്ഥാനമുണ്ട് കമ്പനിക്ക്.
നിസബ ആദി ഗോദ്റെജ് (39)
∙ഇന്ത്യയിലെ വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ
∙നിസ എന്നു വിളിപ്പേര്. ആദി ഗോദ്റെജിന്റെ രണ്ടാമത്തെ മകൾ. സഹോദരി ടാനിയ ഗോദ്റെജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ. സഹോദരൻ പിറോജ്ഷാ ഗോദ്റെജ് പ്രോപ്പർട്ടീസ് എക്സിക്യൂട്ടീവ് ചെയർമാൻ.
∙ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിൽ(ജിസിപിഎൽ) 17 വർഷത്തെ പ്രവൃത്തി പരിചയം
∙ജിസിപിഎല്ലിൽ എത്തുന്നത് 2000 ൽ, 2007 ൽ ജിസിപിഎല്ലിന്റെ പ്രോജക്ട് ലീപ്ഫ്രോഗിന്റെ തലപ്പത്തെത്തി. ഇതുവരെ ഹ്യൂമൻ റിസോഴ്സ്, ഇന്നവേഷൻ വിഭാഗങ്ങളിലും ഗോദ്റെജ് അഗ്രോവെറ്റിലും പ്രവർത്തിച്ചു. 2013 ൽ എക്സിക്യൂട്ടീവ് ഡയറക്റായി.
∙വിദ്യാഭ്യാസം– പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം, ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ.
∙കുടുംബം– റിയൽ എസ്റ്റേറ്റ് മേഖലയിൽ സംരംഭകനായ കൽപേഷ് മേത്ത ഭർത്താവ്. ഒരു മകൻ.
നേട്ടങ്ങൾ
∙ജിസിപിഎല്ലിൽ നിസ വന്ന വർഷം കമ്പനിയുടെ വിപണി മൂല്യത്തിലുണ്ടായത് 20 ഇരട്ടി വളർച്ച. വിപണി മൂല്യം 3,000 കോടിയിൽ നിന്ന് 64,000 കോടിയായി ഉയർന്നു.
∙ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും വലിയ നേട്ടങ്ങൾ സൃഷ്ടിച്ച ലീപ്ഫ്രോഗ് പ്രോജക്ടിന്റെ തലച്ചോറും, നേതൃത്വവും.
∙ 2009 മുതൽ 2011 വരെ ജിസിപിഎൽ ഏറ്റെടുത്തത് എട്ടു കമ്പനികളെ. ഇതിൽ റാപിഡോൾ ഉൾപ്പെടെ ആറ് ആഫ്രിക്കൻ കമ്പനികൾ.
∙ലാറ്റിൻ അമേരിക്കയിലും ഇന്തൊനീഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിവും ആധിപത്യമുറപ്പിച്ചു. ഇപ്പോൾ വരുമാനത്തിന്റെ പകുതിയോളം വിദേശത്തുനിന്ന്.