മിടുക്കരായ ജീവനക്കാര്‍ എവിടേക്കും ചാടിപ്പോകാതെ നോക്കുകയെന്നതാണ് ഒരു കമ്പനി നേരിടുന്ന വലിയ വെല്ലുവിളി. ജോലി വൃത്തിയായും കാര്യക്ഷമമായും ചെയ്യുന്നവരെ ചാക്കിട്ടു പിടിക്കാന്‍ നിരവധി കമ്പനികള്‍ ചുറ്റിനും ഉള്ളപ്പോള്‍ പ്രത്യേകിച്ചും. കമ്പനിയുടെ മുതല്‍ക്കൂട്ടായ നല്ല ജീവനക്കാരെ പിടിച്ചു നിര്‍ത്താന്‍ എന്താണു ചെയ്യേണ്ടതെന്നു ടെക് വമ്പനായ ഗൂഗിളിന്റെ മുന്‍ എച്ച്ആര്‍ ഡയറക്ടര്‍ ലാസ്ലോ ബോക്കു വെളിപ്പെടുത്തുന്നു.
വിഭവസമൃദ്ധവും ആരോഗ്യകരവുമായ സൗജന്യ ഭക്ഷണം, മസാജ് റൂമുകള്‍, ഉച്ചമയക്കത്തിനു നാപ് പോഡുകള്‍, ഡോക്ടര്‍ സേവനം, ജിംനേഷ്യം എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളുമായി ഗൂഗിളിന്റെ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചയാളാണ് ബോക്ക്. പക്ഷേ, ഈ സൗകര്യങ്ങളൊന്നുമല്ല ജീവനക്കാരെ ഗൂഗിളില്‍ പിടിച്ചു നിര്‍ത്തുന്നതെന്നു ബോക്ക് പറയുന്നു. തീര്‍ച്ചയായും ഈ സൗകര്യങ്ങള്‍ ഉദ്യോഗാര്‍ഥികളെ ഗൂഗിളിലേക്കു ആകര്‍ഷിക്കുന്ന ഘടങ്ങളാണ്. പക്ഷേ, കമ്പനി വിട്ടു പോകാന്‍ ആലോചിക്കുന്ന ഒരാളെ പിടിച്ചു നിര്‍ത്തുന്ന കാരണങ്ങളല്ല ഇവയൊന്നും.
പിന്നെയെന്താ പണമാണോ? അല്ലേയല്ല. താഴെപ്പറയുന്ന രണ്ടു കാരണങ്ങളാണ് ഏതൊരു ജീവനക്കാരെയും ഒരു കമ്പനിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നു ബോക്ക് അഭിപ്രായപ്പെടുന്നു.
1. ഒപ്പം ജോലി ചെയ്യുന്നവരുടെ നിലവാരം
നാം ചെയ്യുന്നത് എത്ര വലിയ ജോലിയാണെങ്കിലും, എത്ര ശമ്പളം ലഭിച്ചാലും, സഹപ്രവര്‍ത്തകര്‍ ശരിയല്ലെങ്കില്‍ ഓഫിസ് ഒരു നരകമായി പലര്‍ക്കും അനുഭവപ്പെടും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ചവരെത്തന്നെ ജോലിക്കു നിയമിക്കാന്‍ ഗൂഗിള്‍ ശ്രമിക്കാറുണ്ടെന്നു ബോക്ക് പറയുന്നു. ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റോ സീനിയര്‍ എന്‍ജിനീയറോ ആയാലും എല്ലാ ഉദ്യോഗാര്‍ഥികളെയും അവരുടെ ഭാവി മേലധികാരിയും ഭാവി സഹപ്രവര്‍ത്തകരും നിയമന സമിതിയും ഒടുവിൽ ഗൂഗിള്‍ സിഇഒയും ഇന്റര്‍വ്യൂ ചെയ്യും. പല ഘട്ടങ്ങളിലൂടെ കടന്നു വരുന്നവര്‍ മാത്രമേ ഗൂഗിളിന്റെ പടി കടക്കൂ. ഇത്തരത്തില്‍ കടന്നു വരുന്ന ജീവനക്കാരന് ഒരു ടീമിന്റെ ഭാഗമായി ഒത്തിണക്കത്തോടെ ജോലി ചെയ്യാന്‍ സാധിക്കും.
2. ചെയ്യുന്ന ജോലി അർഥവത്താണെന്ന ചിന്ത
വെറുതേ പണമുണ്ടാക്കുന്നതില്‍ ഉപരിയായി എന്തെങ്കിലും അർഥവത്തായതു ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണു മനുഷ്യര്‍. അർഥവത്തായ ജോലി ചെയ്യുമ്പോള്‍ തൊഴില്‍ ഉത്പാദനക്ഷമത അഞ്ചിരട്ടി വര്‍ധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചെയ്യുന്ന ജോലി അർഥവത്താണെന്ന ചിന്ത ഓരോ ജീവനക്കാരനും ഉണ്ടാകാന്‍ ഗൂഗിള്‍ നിരന്തരം ശ്രമിക്കാറുണ്ട്.
10 വര്‍ഷത്തെ സേവനത്തിനു ശേഷം ഗൂഗിള്‍ പീപ്പിള്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ബോക്ക്, നിലവില്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ഉപദേശകനാണ്. ഹൗ ഗൂഗിള്‍ വര്‍ക്ക്‌സ് എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. ഗൂഗിളിലെ എന്‍ജിനീയറിങ് ഡയറക്ടറായ വെയ്ന്‍ ക്രോസ്ബിയുമായി ചേര്‍ന്ന് ഹുമു എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി രൂപീകരിച്ചിരിക്കുകയാണ് ബോക്ക് ഇപ്പോള്‍.