പൊതുവിദ്യാലയങ്ങളിൽ പഠിച്ചാൽ രക്ഷപ്പെടുമോ എന്നു ചോദിച്ചാൽ അക്ഷയ് സർവേശ്വരന് എടുത്തുകാണിക്കാൻ രാഷ്ട്രപതിയുടെ സ്വർണമെഡലുണ്ട്. ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സിൽ ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വർണമെഡലും സ്വന്തമാക്കിയ അക്ഷയ് സമൂഹത്തിന്റെ മുൻവിധികളെ സ്വന്തം വിജയം കൊണ്ടു തിരുത്തിക്കുറിക്കുന്നു.
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി തെക്കേദേശം കുറ്റിപ്പള്ളത്തെ സ്റ്റാർ ഹൗസിൽ സർവേശ്വരന്റെയും ശ്രീജയുടെയും മകൻ അഞ്ചാം ക്ലാസ് വരെ പഠിച്ചതു ചിറ്റൂർ ഗോപാലപുരം അഞ്ചാം മൈൽ ശ്രീ അയ്യപ്പ സ്‌കൂളിൽ; തുടർന്ന് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലും ശ്രീകൃഷ്ണ എച്ച്എസ്എസിലും പാലക്കാട് ബിഇഎം എച്ച്എസ്എസിലും. 98 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ ശേഷമാണു നാഷനൽ ഡിഫൻസ് അക്കാദമി/ നേവൽ അക്കാദമി പ്രവേശനം തേടിയത്. ഏഴിമലയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 169 പേരുടെ ബാച്ചിൽ ആറു മലയാളികൾ. അവരിൽ നാലു പേരും തിരുവനന്തപുരം സൈനിക് സ്‌കൂളിൽ പഠിച്ചിറങ്ങിയവർ.
പഠനത്തിനു പുറമെ, കലാ, കായിക, വിജ്ഞാന മേഖലകളിലെയും മികവ് കണക്കാക്കിയാണ് കോഴ്സിനൊടുവിലെ ഓവറോൾ ഓർഡർ ഓഫ് മെറിറ്റ് നേട്ടം. ഇതിന് അക്ഷയ് നന്ദി പറയുന്നത് സ്‌കൂൾ കാലത്തു പ്രസംഗം, ക്വിസ്, ശാസ്ത്ര, കലാമൽസരങ്ങൾക്കു സ്വന്തം ചെലവിൽ പോലും കൊണ്ടുപോയിരുന്ന അധ്യാപകരോടാണ്.
അക്കാദമിയിൽ ഏറ്റവും മികവ് പുലർത്തിയ മൂന്നു പേരെ രാജ്യാന്തര കെഡറ്റ് എക്‌സ്‌ചേഞ്ച് പരിപാടി പ്രകാരം ഫ്രാൻസിലേക്കു കൊണ്ടുപോയപ്പോൾ അതിലൊരാൾ അക്ഷയ് ആയിരുന്നു. 10 ദിവസം ഫ്രഞ്ച് നാവികസേനയ്‌ക്കൊപ്പം പരിശീലനം. ഇന്ത്യൻ നാവികസേനയുടെ പരിശീലനക്രമത്തെ ഏറെ മതിപ്പോടെയാണു ഫ്രഞ്ച് സേന കാണുന്നതെന്നു മനസ്സിലായ സന്ദർഭം.
നാവിക അക്കാദമിയിൽനിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദമാണ് അക്ഷയ് പൂർത്തിയാക്കിയത്. ഈ മാസം 18നു ഗുജറാത്തിലെ വൽസുറയിൽ നാവികസേനയുടെ ഇലക്ട്രിക്കൽ ട്രെയിനിങ് വിഭാഗത്തിൽ കമ്മിഷൻഡ് ഓഫിസറായി ജോലിക്കു ചേരുന്നു, വന്ന വഴികൾ മറക്കാതെ, വഴികാട്ടികളായ അധ്യാപകരെ മനസ്സിലോർത്ത്...