ഉറച്ച നിലപാടുകളുടെ പേരിൽ ജനങ്ങളുടെ മനസ്സിലിടം നേടിയ ഐഎഎസ് ഒാഫീസറാണ് ദേവികുളം മുൻ അസിസ്റ്റന്റ് കലക്ടറും എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ. കരിയർ കൺസൾട്ടന്റ് കൂടിയായ പ്രഫ. പി.ആർ. വെങ്കിട്ടരാമന്റെയും എസ്ബിഐ ഉദ്യോഗസ്ഥ ആർ. രാജത്തിന്റെയും മകനാണ്. എറണാകുളം സ്വദേശിയായ ശ്രീറാം 2012ലെ സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും കട്ടക്ക് സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ എംഡിയും കരസ്ഥമാക്കിയ ശേഷമാണ് സിവിൽ സർവിസിന്റെ വഴി ശ്രീരാം തിരഞ്ഞെടുത്തത്.
സിവിൽ സർവ്വീസ് എന്ന സ്വപ്നത്തിനായി പരിശ്രമിക്കുന്നവർക്കു വേണ്ടി ചില ടിപ്പ്സ് ശ്രീറാമിനു പങ്കുവെയ്ക്കാനുണ്ട്. അവ എന്താണെന്നു നോക്കാം.
∙സിവിൽ സർവീസ് ഗ്ലാമറസ് ആയ ജോലി ആയി കാണരുത്. സമൂഹത്തിനു നന്മ ചെയ്യാനുള്ള വലിയ അവസരമാണത്. ഒരു പാടു നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം. പണവും ഫൈവ് സ്റ്റാർ ജീവിതവും സ്വപ്നം കണ്ട് സിവിൽ സർവീസിലേക്കു പോകരുത്.
∙സിവിൽ സർവീസ് പരീക്ഷ പലരും പറയുന്നതുപോലെ അതീവദുഷ്കരമായ ഒന്നല്ല. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ആദ്യം സിവിൽ സർവീസ് നേടണമെന്ന് സ്വയം തീരുമാനിക്കണം. ലക്ഷ്യമുറപ്പിച്ചതിനുശേഷം മതി തയാറെടുപ്പ്.
∙ദിവസേന18 മണിക്കൂർ പഠിക്കണം, നാലു പത്രങ്ങൾ വായിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും ആവശ്യമില്ല. പക്ഷേ, നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മുടേതായ ഒരു വീക്ഷണം ഉണ്ടായിരിക്കണം. കുറഞ്ഞത് ഡിഗ്രി കാലത്തു തന്നെ പത്രങ്ങൾ കൃത്യമായി വായിച്ചു തുടങ്ങുക. ഒരു പത്രവും മാഗസിനും വായിച്ചാലും മതി. പക്ഷേ അതൊരു ശീലമായി മാറണം. ചെറിയ കുറിപ്പുകൾ എഴുതി സൂക്ഷിക്കുക. രാഷ്ട്രീയ സംഭവങ്ങൾക്ക് അപ്പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് വായിക്കണം. എല്ലാം വിഷയത്തിലും സ്വന്തമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കാൻ ഇതുവഴി സാധിക്കും. ഒരു പാട് വായിക്കുക. എന്നതിനേക്കാള്‍ കുറച്ചു പുസ്തകങ്ങൾ ഒന്നോ രണ്ടോ തവണ മനസ്സിരുത്തി വായിക്കുകയാണു വേണ്ടത്. വായിക്കുന്നത് ഓർത്തെടുക്കാന്‍ സാധിക്കണം.
∙പൊതു വിജ്ഞാനത്തേക്കാൾ പൊതു അവബോധമാണ് ആവശ്യം ഒരു പാട് കാര്യങ്ങൾ എന്നതിനേക്കാള്‍ അടിസ്ഥാന കാര്യങ്ങളാണ് ആവശ്യമായത്. സിവില്‍ സർവീസ് മെയിൻ പരീക്ഷയിലെ ഏറ്റവും കൂടുതൽ മാര്‍ക്കുള്ള ജനറൽ സ്റ്റഡീസിന് എല്ലാ വിഷയങ്ങളും ഉൾപ്പെടുമെന്നതിനാൽ താൽപ്പര്യമില്ലാത്ത വിഷയങ്ങളും പഠിക്കേണ്ടി വരും. കാര്യങ്ങളും വാർത്തകളും അറിയുന്നതിനൊപ്പം അതു വിശകലനം ചെയ്യാനുള്ള മിടുക്കാണ് വളർത്തിയെടുക്കേണ്ടത്.
∙സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് കൂടുതൽ പേർ വിജയിക്കാനുള്ള കാരണം കേരളത്തിൽ പരിശീലന ത്തിനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങിയതാണ്. പണ്ട് ഡൽഹിയിൽ പരിശീലനത്തിനു പോയാൽ മാത്രമേ സവില്‍ സർവീസ് നേടാനാകൂ എന്നൊരു ധാരണയുണ്ടായിരുന്നു. അതു മാറി.
∙കുട്ടിക്കാലം തൊട്ടേ കുട്ടിയെ സിവിൽ സർവീസ് പരീക്ഷ ജയിക്കാൻ വേണ്ടി വളർത്തിയെടുക്കണമെന്ന് ഞാൻ കരുതുന്നില്ല. എംബിബിഎസ് കഴിയുന്നതുവരെ ഞാൻ സിവിൽ സർവീസിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. പിജിക്കു പഠിക്കുമ്പോഴാണ് ഒരു സുഹൃത്തിന്റെ പ്രേരണയിൽ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതുന്നത്.
∙ഇത്ര സമയം പഠിക്കണം, ഏതു സമയത്തു പഠിക്കണം എന്ന തെല്ലാം ഓരോരുത്തരുടെയും സൗകര്യവും രീതികളും അനുസരിച്ചാവാം. എന്തായാലും ഉറക്കവും മറ്റു വിനോദങ്ങളുമെല്ലാം ഉപേക്ഷിച്ചുള്ള പഠനം വേണ്ട. അത് പഠനത്തെ വിരസമാക്കുകയേയുള്ളൂ. പഠനം ആസ്വദിച്ചുള്ളതാവണം.
∙എനിക്ക് ഹൈസ്കൂളിൽ പഠിക്കുമ്പോൾ എന്‍ജിനീയറിങ്ങിനു പോകാനായിരുന്നു താൽപ്പര്യം. ബയോളജിയിൽ താൽപ്പര്യമില്ലായിരുന്നു അച്ഛനാണ് പ്ലസ്ടുവിന് ബയോളജി കൂടി പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. അതു കൊണ്ടാണ് എംബിബിഎസിനു ചേരാന്‍ കഴിഞ്ഞത്. എംബിബിഎസ് പഠനം എന്റെ സിവിൽ സർവീസ് തയാറെടുപ്പുകളെ കാര്യമായി സഹായിച്ചിട്ടുണ്ട്.
∙വിജയം നേടാൻ സിവിൽ സര്‍വീസ് പരിശീലനകേന്ദ്രങ്ങളിൽ പോയി പഠിക്കണമെന്നു നിർബന്ധമൊന്നുമില്ല. എന്നാല്‍ ഐച്ഛിക വിഷയത്തിൽ ആഴത്തിലുള്ള പഠനത്തിന് ഇത് നല്ലതാണ്. ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാവും ഇത്തരം അക്കാദമിയിൽ ഉണ്ടാവുക. അവരുമായി ചേർന്നുള്ള ചർച്ചകളും കൂട്ടായ പഠനവും വളരെ സഹായിക്കും. പ്രത്യേ കിച്ചും ജനറൽ സ്റ്റഡീസിൽ.
∙സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർ ആദ്യം ആ പരീക്ഷയുടെ സിലബസും രീതികളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. യുപിഎസ് സിയുടെ വെബ്സൈറ്റിൽ ഇതുണ്ട്. സിലബസിനു പുറത്തു നിന്നു ചോദ്യങ്ങളുണ്ടാവുമെങ്കിലും സിലബസ് കൃത്യമായി പഠിച്ചിരിക്കണം. പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുങ്ങാൻ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ എൻസിആർടി സിലബസ് പുസ്തകം സഹായിക്കും. ജ്യോഗ്രഫി, എക്കോളജി തുടങ്ങിയ വിഷയങ്ങളിൽ ഈ പുസ്തകം പഠിച്ചാൽ മതിയാകും. ബിപിൻ ചന്ദ്രയുടെ ഇന്ത്യാ ചരിത്രം (ഇന്ത്യാസ് സ്ട്രഗിള്‍ ഫോർ ഇൻഡിപ്പെൻഡൻസ്), ലക്ഷ്മി കാന്തിന്റെ ഇന്ത്യൻ പോളിറ്റി തുടങ്ങിയ പുസ്തകങ്ങൾ ചരിത്രം, പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ മികച്ച അറിവുണ്ടാകാൻ സഹായിക്കുന്നവയാണ്.
∙നല്ല വായനയ്ക്കൊപ്പം ഇപ്പോൾ പഠനത്തിന് ഏറ്റവും സഹായിക്കുന്ന കാര്യമാണ് ഇന്റർനെറ്റ്. പഠനത്തിൽ സഹായകമാകുന്ന വിവിധ സൈറ്റുകളുണ്ട്. ഇതെല്ലാം ഉപയോഗിക്കാം. എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. ആവശ്യത്തിലേറെ സൈറ്റുകളും ലിങ്കുകളുമായി ഒട്ടേറെ വിവര ങ്ങളാണ് മുന്നിലെത്തുക. ഇതിൽ നിന്ന് ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാൻ ശീലിക്കുകയും ശ്രമിക്കുകയും വേണം.
പ്രസ് ഇന്‍ഫർമേഷൻ ബ്യൂറോയുടെ (പിഐബി)വെബ്സൈറ്റിൽ സർക്കാരിന്റെ പോളിസികൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ഇതു വായിക്കുന്നത് ആനുകാലിക വിഷയങ്ങളിൽ കൃത്യമായ വീക്ഷണം രൂപീകരിക്കാൻ സഹായിക്കും. mrunal.org ഇക്കണോമിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ഉപ കാരപ്രദമാണ്. ന്യൂസ് ഓൺ എയർ എന്ന വെബ്സൈറ്റും മികച്ചതാണ്. ഓൾ ഇന്ത്യാ റേഡിയോയുടെ ഈ വെബ്സൈറ്റും മികച്ചതാണ്. ഓൾ ഇന്ത്യാ റേഡിയോയുടെ ഈ വെബ്സൈറ്റ് വാർത്തകൾ കൂടുതലായി അറിയാൻ സഹായിക്കുന്നവയാണ്. ഇംഗ്ലീഷും മെച്ചപ്പെടുത്താൻ സഹായിക്കും.
∙ഒരിക്കലും സിവിൽ സർവീസ് പരീക്ഷ എഴുതുക എന്ന ലക്ഷ്യത്തോടെ ഡിഗ്രിക്കു വിഷയങ്ങൾ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്. ആ പഠനത്തെ സിവിൽ സർവീസിലേക്കു വളർത്തിയെടുക്കുകയാണ് വേണ്ടത്. കണക്ക് ഇഷ്ടമുള്ള ഒരാൾ കണക്ക് ഡിഗ്രിക്ക് പഠിച്ച ശേഷം സിവിൽ സർവീസിനു ശ്രമിക്കാം. പരീക്ഷ എഴുതാൻ അത് ഐച്ഛിക വിഷയമായി സ്വീകരിക്കാം. ഡിഗ്രിക്ക് പഠിച്ച വിഷയമേ സിവിൽ സർവീസിന് ഐച്ഛിക വിഷയമായി എടുക്കാനാവൂ എന്നില്ല. ഇഷ്ടമുള്ള ഏതു വിഷയവും തിരഞ്ഞെടുക്കാം. ഞാൻ ഓപ്ഷനൽ ആയി എടുത്തത് മെഡിസിനും സുവോളജിയുമാണ്.
∙ഒരു പ്രഫഷനൽ കോഴ്സ് പഠിച്ച ശേഷം സിവിൽ സർവീസിലേക്കു കടക്കുന്നതു നല്ലതാണ്. കാരണം സിവിൽ സർവീസിൽ പരാജയപ്പെട്ടാലും ജോലിസാധ്യതയുള്ള മറ്റൊരു രംഗം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷയെ പേടിയുമുണ്ടാവില്ല. മെഡിസിൻ പഠനശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കായി എഴുതാൻ തയാറെടുത്ത കാരണം അൽപ്പം ടെൻഷൻ കുറവുണ്ടായിരുന്നു. പരീക്ഷയെ പ്രൊഫഷനൽ രീതിയിൽ സമീപിക്കാനുള്ള ഒരു മിടുക്കും ലഭിക്കും.
പക്ഷേ എൻജിനീയറിങ് വിഷയങ്ങളും കണക്കുമെല്ലാം ഐച്ഛിക വിഷയമായിട്ടെടുക്കുന്നവർ മൽസരിക്കേണ്ടത് ഐഐടികളിൽ പഠിക്കുന്ന അതിമിടുക്കരോടായിരിക്കും. പരീക്ഷാ പേപ്പർ നോക്കുമ്പോൾ ആ ഒരു താരതമ്യം ഉണ്ടാവും. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കേണ്ടി വരും.
∙ഇന്റർവ്യൂവിനെക്കുറിച്ച് നമ്മുടെ മനസ്സിൽ ഒരു പേടി കയറി ക്കൂടിയിട്ടുണ്ട്. സത്യത്തിൽ ഒട്ടും പേടി വേണ്ടാത്ത ഒന്നാണ് ഇന്റർവ്യൂ. വളരെ സൗഹാർദപരമായിരിക്കും അത്. ശരാശരി ബുദ്ധിയും സാമാന്യബോധവും ഉള്ള, അത്യാവശ്യം നിരീക്ഷണ പാടവമുള്ള ഒരാൾക്കു സുഖമായി കടന്നുകയറാൻ സാധിക്കുന്ന കടമ്പയാണിത്. അത്യാവശ്യം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഇംഗ്ലീഷ് മാത്രമാണ് ആവശ്യാമായുള്ളത്. മലയാളത്തിലും ഇന്റർവ്യൂ അഭിമുഖീകരിക്കാം. അപ്പോൾ ഒരു ദ്വിഭാഷി നമ്മൾക്കൊപ്പമുണ്ടാകും. നമ്മുടെ ആശയങ്ങൾ തന്നെയാണോ അയാൾ ബോർഡിനു മുന്നിൽ അവതരിപ്പിക്കുക എന്നതു പ്രശ്നമാകാം. പൊതുവിജ്ഞാന ചോദ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കുന്ന ഇന്റർവ്യൂ ബോർഡൊക്കെ മാറി. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ തുടങ്ങി നാടിനെയും ജീവിത പശ്ചാത്തലത്തെയും കുറിച്ചടക്കമുള്ള ചോദ്യങ്ങളിലൂടെ നമ്മുടെ നിലപാടുകൾ അവർ മനസ്സിലാക്കും. നമ്മുടെ വ്യക്തിത്വം അളക്കുകയാണ് ഇവർ ചെയ്യുക. വിവാദമായ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ട.
∙കോച്ചിങ് സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നതു നല്ലതാണ്. ചില വിഷയങ്ങളിൽ കൃത്യമായ പഠനം നടത്താൻ സഹായിക്കും. ലൈബ്രറി ഉപയോഗപ്പെടുത്താം. എന്നാൽ വലിയ കരുത്താവുന്നത് ഇവിടുത്തെ ലക്ഷ്യബോധമുള്ളവരുടെ കൂട്ടാണ്. നമ്മൾക്ക് ഏറെ കരുത്തേകുന്ന ഒട്ടേറെ സുഹൃത്തുക്കളെ ലഭിക്കും. പത്രവായനയിൽ വിട്ടു പോകുന്ന പല കാര്യങ്ങളും വീണ്ടും ഓർത്തെടുത്തത് ഇവർ വഴിയാണ്. ഒപ്പമുള്ളവരുടെ ഐച്ഛിക വിഷയം നമ്മുടേതിൽ നിന്നു വ്യത്യസ്തമായിരിക്കും. ഈ വിഷയങ്ങളിൽ കൂടുതൽ അറിവു ലഭിക്കാൻ ഇവരുമായുള്ള ഗ്രൂപ്പ് ചർച്ചകൾ വഴി സാധിക്കും. അറിവ് പങ്കു വച്ചു പഠിക്കുമ്പോഴാണ് കൂടുതൽ അറിവുള്ളവരായി നമ്മൾ മാറുക. വീടെന്ന കംഫർട്ട് സോണിൽ നിന്നു മാറി നിൽക്കുന്നതാണ് ഈ പഠനകാലത്ത് ഏറ്റവും നല്ലത്.
∙ സിവിൽ സർവീസിൽ മലയാളം ഐച്ഛിക വിഷമായി എടുക്കുന്നത് വളരെ നല്ലതാണ്. നല്ല മാർക്കു കിട്ടാൻ സഹായിക്കും. മലയാള ഭാഷാ ചരിത്രം മുഴുവനായി പഠിക്കേണ്ട. മലയാളത്തിലെ ഉത്തരാധുനിക സാഹിത്യം വരെയുള്ള ചരിത്രമാണ് പ്രധാനം. ഒപ്പം ഗദ്യവും പദ്യവുമുൾപ്പെടെയുള്ള പാഠഭാഗങ്ങളും സിലബസിലുണ്ട്. രണ്ടു മാസത്തെ പരിശ്രമം കൊണ്ട് ഇതെല്ലാം പഠിച്ചെടുക്കാം. ഇംഗ്ലീഷിനെക്കുറിച്ച് ഒട്ടും പേടിക്കേണ്ട ആവശ്യമില്ല. അത്യാവശ്യം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവാണ് ആവശ്യം. ഫ്ളൂവൻസിയോ, മികച്ച പദപ്രയോഗങ്ങളോ ഒന്നും നോക്കാറില്ല. കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാനുള്ള ഭാഷ എല്ലാവരിലുമുണ്ട്. അതിനെ പ്രയോഗിക്കാൻ പേടിക്കുന്നതാണ് പ്രശ്നം. ഒരു ഇംഗ്ലീഷ് പത്രമോ മാഗസിനോ സ്ഥിരമായി വായിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഇന്റർവ്യൂവിന് ഇംഗ്ലീഷ് തന്നെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
∙സിവിൽ സർവീസിൽ പഠിപ്പിസ്റ്റുകൾക്ക് സ്ഥാനമുണ്ടെന്ന് ഞാൻ കരുതുന്നില്ല. 24 മണിക്കൂറും കുത്തിയിരുന്നു പഠിക്കുകയല്ല സിവിൽ സർവീസ് നേടാൻ വേണ്ടത്. മറിച്ച് വ്യത്യസ്തമായ, നിലവാരമുള്ള പഠനമാണ്.
കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്