പിഎസ്‌സി നടത്തുന്ന ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷകളിലെ ഒന്നാം റാങ്ക് ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് സി.വി. സ്മിത. തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ക്ലാർക്ക് ടൈപ്പിസ്റ്റ്, സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലെല്ലാം ഒന്നാം റാങ്ക് വെട്ടിപ്പിടിച്ച സ്മിത ഇപ്പോൾ പ്രസിദ്ധീകരിച്ച സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കും കൈവിട്ടിട്ടില്ല. 100 മാർക്കിന്റെ പരീക്ഷയിൽ 75 മാർക്കുമായാണ് ഇത്തവണ സ്മിത ഒന്നാമതെത്തിയത്.
തൃശൂർ വാടാനപ്പള്ളി മഞ്ചിപറമ്പിൽ ഹൗസിൽ സുഹിയുടെ ഭാര്യയായ സി.വി. സ്മിത കഴിഞ്ഞ മൂന്നു വർഷത്തോളമായി പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്ത് സജീവമാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നു പരീക്ഷാപരിശീലനം. തൊഴിൽവീഥി, കോംപറ്റീഷൻ വിന്നർ എന്നിവയുടെ സ്ഥിരം വായനക്കാരിയാണ്.
ടൈപ്പിസ്റ്റ് പരീക്ഷാവേളയിൽ തൊഴീൽവീഥിയിൽ പ്രസിദ്ധീകരിക്കാറുള്ള മാതൃകാ ചോദ്യങ്ങൾ പ്രയോജനപ്രദമായിരുന്നു. ഇതിൽനിന്നും ധാരാളം ചോദ്യങ്ങൾ പരീക്ഷയ്ക്ക് ചോദിച്ചിരുന്നു. കൊടുങ്ങല്ലൂർ ശ്രീലക്ഷ്മി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലും പരീക്ഷാപരിശീലനം നടത്തിയിട്ടുണ്ട്. ബിഎ ഇക്കണോമിക്സ് ബിരുദധാരിയായ സ്മിത ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഷെയർ മാർക്കറ്റ് എന്നീ യോഗ്യതകളും കരസ്ഥമാക്കിയിട്ടുണ്ട്.
സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു ലഭിച്ച നിയമനശുപാർശയുടെ അടിസ്ഥാനത്തിൽ 2016 നവംബർ മുതൽ കുസാറ്റിൽ ജോലി ചെയ്യുന്നു. സെക്രട്ടേറിയറ്റ്/പിഎസ്‌സി കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനശുപാർശ ലഭിച്ചാലും കുസാറ്റിൽ തന്നെ തുടരാനാണ് സ്മിതയുടെ തീരുമാനം. രണ്ടാം ക്ലാസിൽ പഠിക്കുന്ന ദേവികൃഷ്ണ ഏകമകളാണ്.