Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും സംരംഭകനാകാന്‍ മോഹം

business

ജോലി കിട്ടിയിട്ടു വേണം ഒന്നു ലീവ് എടുക്കാന്‍ എന്നായിരുന്നു പണ്ടത്തെ തലമുറയുടെ സ്ഥിരം പല്ലവി. എന്നാല്‍ ഇന്നിപ്പോള്‍ അത് കയ്യിലുള്ള ജോലി രാജി വച്ച് സ്വന്തമായി ബിസിനസ് തുടങ്ങണം എന്നായിരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഇപ്പോള്‍ ചെയ്യുന്ന പണി വിട്ടു സംരംഭകരാകാന്‍ കൊതിക്കുന്നവരാണെന്നു സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

മാനവവിഭവശേഷി കണ്‍സല്‍റ്റിങ് സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് നടത്തിയ വര്‍ക്ക് മോണിട്ടര്‍ സര്‍വേ പ്രകാരം ഇന്ത്യക്കാരില്‍ 83 ശതമാനവും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരാണ്. ആഗോള ശരാശരിയായ 53 ശതമാനത്തേക്കാൾ വളരെ ഉയരത്തിലാണിത്. 33 രാജ്യങ്ങളിലാണ് റാന്‍ഡ്‌സ്റ്റാഡ് പഠനം നടത്തിയത്. 

ഇപ്പോഴത്തെ ജോലി വിട്ടു സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നു മോഹം പ്രകടിപ്പിച്ചവര്‍ 56 ശതമാനമാണ്. 25 മുതല്‍ 34 വയസ്സ് വരെ പ്രായമായവരിലാണു സംരംഭകത്വമോഹം കൂടുതല്- 72 ശതമാനം. 35 മുതല്‍ 44 വയസ്സ് വരെയുള്ളവരില്‍ 61 ശതമാനവും സ്വന്തം സ്ഥാപനം എന്ന സ്വപ്‌നം കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ ജോലിയില്‍നിന്നു വിരമിക്കാനൊരുങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ അത്ര സംരംഭകത്വ മോഹമില്ല. 45 മുതല്‍ 54 വയസ്സു വരെയുള്ളവരില്‍ 37 ശതമാനത്തിന് മാത്രമാണ് സംരംഭകത്വ മോഹമുള്ളത്. 

ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിന് അനുകൂല സമയമാണിതെന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനവും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഗവണ്‍മെന്റിനു പുതിയ സ്റ്റാര്‍ട്ട് അപ്പുകളോട് അനുകൂല സമീപനമാണുള്ളതെന്ന് കരുതുന്നവരാണ് 84 ശതമാനവും. 

സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭൂരിപക്ഷവും ജോലി ആഗ്രഹിക്കുന്നതു ബഹുരാഷ്ട്ര കമ്പനികളിലാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനവും ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി വേണമെന്ന് ആഗ്രഹിക്കുന്നു. 76 ശതമാനമാണു സ്റ്റാര്‍ട്ട് അപ്പില്‍ ജോലിക്കാരനാകണമെന്ന ആഗ്രഹം പങ്കുവച്ചത്. 69 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചു. 18നും 65നും ഇടയിൽ പ്രായമുള്ളവരില്‍ ഓണ്‍ലൈന്‍ വഴിയാണ് റാന്‍ഡ്സ്റ്റാഡ് സര്‍വേ നടത്തിയത്.