തിരഞ്ഞെടുപ്പുവേളയിൽ നഖത്തിൽ പുരട്ടുന്ന മഷി പിറന്നതിവിടെ !

തിരഞ്ഞെടുപ്പുവേളയിൽ നഖത്തിൽ പുരട്ടുന്ന മഷി, രാജ്യത്തെ ആദ്യ ട്രാക്ടർ, ആദ്യ സൂപ്പർ കംപ്യൂട്ടർ – ഇവയുടെയൊക്കെ പിന്നിൽ ഒരേ മികവിന്റെ ഗവേഷണമുദ്രയുണ്ട്. അതാണു സിഎസ്ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്). ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണസ്ഥാപനം. രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികവിദ്യാ വളർച്ച ലക്ഷ്യമിട്ട് 1942 സെപ്റ്റംബർ 26നു തുടക്കമിട്ട സ്ഥാപനം ഇപ്പോൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. സമീപകാലത്തെ ഒരു രാജ്യാന്തര സർവേ പ്രകാരം ലോകത്തു ഗവേഷണരംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒൻപതാം സ്ഥാനത്താണു സിഎസ്ഐആർ. 

രാജ്യമെങ്ങുമായി 38 കേന്ദ്രങ്ങൾ. സിഎസ്‌ഐആർ അക്കാദമിയുടെ (എസിഎസ്ഐആർ) നിയന്ത്രണത്തിലാണു പ്രവർത്തനം. ശാസ്ത്രസാങ്കേതിക മേഖലയിൽ കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഇവയെ അടുത്തറിയണം.

ഉപരിപഠനത്തിൽ മികവിന്റെ കളരി

ശാസ്ത്രസാങ്കേതികരംഗത്തു ഗവേഷണം ലക്ഷ്യമിട്ടുള്ള കോഴ്‌സുകളാണ് സിഎസ്‌ഐആർ സ്ഥാപനങ്ങളിലുള്ളത്. എൻജിനീയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണിവിടെ. വ്യത്യസ്തമായ എൻജിനീയറിങ് ട്രേഡുകൾക്കായി പ്രത്യേക  സ്ഥാപനങ്ങൾ തന്നെ സിഎസ്‌ഐആറിനു കീഴിലുണ്ട്. ഗവേഷണത്തിൽ മികവു തെളിയിച്ച അധ്യാപകരുടെ ശിക്ഷണം, രാജ്യാന്തര തലത്തിൽ സ്ഥാപനം പുലർത്തുന്ന മികച്ച സ്ഥാനം എന്നിവ ഇവിടെ ഉപരിപഠനം നടത്തുന്നവരുടെ ഭാവി വളർച്ചയ്ക്കും ഗവേഷണ സാധ്യതകൾക്കും സഹായകരമാകും. നാഷനൽ ഏയ്‌റോസ്‌പേസ് ലിമിറ്റഡ് പോലെയുള്ള വിഖ്യാത സ്ഥാപനങ്ങൾ സിഎസ്‌ഐആറിനു കീഴിലുണ്ട്. ഇവിടെയുള്ള ട്രേഡ് ട്രെയിനിങ് പ്രോഗ്രാമുകളും പ്രോജക്ട് അസിസ്റ്റന്റ് പ്രോഗ്രാമുകളും വൈദഗ്ധ്യം കൂട്ടാനും തൊഴിൽ ലഭ്യത ഉറപ്പുവരുത്താനും എൻജിനീയറിങ് ബിരുദധാരികൾക്കു സഹായകരമാണ്. 

സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് ഉത്തരാഖണ്ഡിലെ സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡിയിലേക്കു നയിക്കുന്ന ഇന്റഗ്രേറ്റഡ് എംടെക്കുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനത്തിനു ചെന്നൈയിൽ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്ററുണ്ട്. ദുർഗാപുരിലെ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ധൻബാദിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവ മെക്കാനിക്കൽ എൻജിനീയറിങ്ങോ അനുബന്ധ ബിരുദങ്ങളോ ഉള്ളവർക്കു പരിഗണിക്കാവുന്ന ഉപരിപഠന കേന്ദ്രങ്ങളാണ്.

പിലാനിയിലെ സെൻട്രൽ ഇലക്ട്രോണിക്‌സ് റിസർച് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള സ്ഥാപനങ്ങളിൽ വൈവിധ്യമേറിയ കോഴ്‌സുകളുണ്ട്.

പഠിക്കാം, ബിടെക്കും

തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ കെമിക്കൽ ആൻഡ് ഇലക്ട്രോകെമിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കുണ്ട്; ചെന്നൈ സെൻട്രൽ ലെതർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലെതർ ടെക്‌നോളജിയിൽ ബിടെക് പഠിക്കാം. അണ്ണാ സർവകലാശാലയാണു ബിരുദങ്ങൾ നൽകുന്നത്.

ശാസ്ത്ര ഗവേഷണം

വിഖ്യാതമായ നാഷനൽ ഫിസിക്കൽ ലബോറട്ടറി (ന്യൂഡൽഹി), നാഷനൽ കെമിക്കൽ ലബോറട്ടറി (പുണെ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്നിവ അടിസ്ഥാന ശാസ്ത്ര മേഖലയിൽ സിഎസ്‌ഐആറിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ചിലതു മാത്രം. ഓഷ്യനോഗ്രഫി, ടോക്‌സിക്കോളജി, ബയോറിസോഴ്‌സ് ടെക്‌നോളജി, ഡ്രഗ് റിസർച് തുടങ്ങി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ മേഖലകളിൽ സിഎസ്‌ഐആറിനു ഗവേഷണ ദൗത്യങ്ങളുണ്ട്.

കേരളത്തിൽ എൻഐഐഎസ്ടി

തിരുവനന്തപുരത്തുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി ഇന്റർഡിസിപ്ലനറി വിഷയങ്ങളിലെ ഗവേഷണത്തിനു വഴി തുറക്കുന്നു. അഗ്രോപ്രോസസിങ്, മൈക്രോബിയൽ പ്രോസസ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ ടെക്‌നോളജി തുടങ്ങിയവ പ്രമുഖ വിഭാഗങ്ങൾ.  എംഎസ്‌സി, എംടെക്, പിഎച്ച്ഡി തുടങ്ങിയവ ലഭ്യം.

പുതുമുഖമായി പാറ്റിൻഫർമാറ്റിക്‌സ്

പുണെ സിഐഎസ്ആറിൽ (യൂണിറ്റ് ഫോർ റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓഫ് ഇൻഫർമേഷൻ – പ്രോഡക്ട്‌സ്) പാറ്റിൻഫർമാറ്റിക്സ്  എന്ന കോഴ്‌സ് വിദ്യാർഥികൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. പേറ്റന്റുകളുടെ വിലയിരുത്തൽ, മാപ്പിങ് തുടങ്ങിയ പ്രക്രിയകളിൽ പരിശീലനം നൽകുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സാണുള്ളത്.ബൗദ്ധിക സ്വത്തവകാശ മേഖലയിലുള്ള കുതിപ്പിനനുസൃതമായ കോഴ്‌സുകൾ ഇന്ത്യയിലെ പലസ്ഥാപനങ്ങളിലും  നൽകിത്തുടങ്ങിയിട്ടില്ല. ഇവിടെയാണ് പേറ്റിൻഫർമാറ്റിക്‌സ് വ്യത്യസ്തമാകുന്നത്.