എൻജിനീയറിങ് കഴിഞ്ഞു വിദേശത്ത് പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സിനു പോകുന്ന പിള്ളാരുടെയൊക്കെ ഇഷ്ടവിഷയമാകുന്നു ഡേറ്റ അനലിറ്റിക്സ്. ആ വിഷയത്തിനോടുള്ള പ്രേമം കൊണ്ടൊന്നുമല്ല, അതിലാകുന്നു ഏറ്റവും കൂടുതൽ ‘സ്കോപ്’ എന്നു കേട്ടിട്ടുള്ളതാണു കാരണം. സംഗതി ശരിയുമാണ്, ലോകമാകെ ഹോട്ട് ടോപിക് ആകുന്നു അനലിറ്റിക്സ്. അതിലൊരു ഡിഗ്രിയുണ്ടെങ്കിൽ ബഹുരാഷ്ട്ര കമ്പനികൾ കൊത്തിക്കൊണ്ടു പോകും. അനലിറ്റിക്സിന്റെ കളി അപാരമാകുന്നു. ജനം ഫെയ്സ്ബുക്കിൽ വേണ്ടതും വേണ്ടാത്തതും തിന്നതും കുടിച്ചതും എഴുതുമല്ലോ. കഞ്ഞിക്കു മുട്ടാണെങ്കിലും ഒലിവ് ഓയിൽ ഒഴിച്ചുണ്ടാക്കുന്ന ആൽമണ്ട്സ് കേക്കിന്റെ റെസിപ്പി ഫെയ്സ്ബുക്കിൽ പോസ്റ്റിടും. ഇതൊക്കെ ബിഗ് ഡേറ്റയായി മാറുന്ന കാര്യം അവർ അറിയുന്നില്ലല്ലോ.
പുതിയ ബൈക്ക് വാങ്ങണമെന്നോ മറ്റോ ഒരു പോസ്റ്റ് ഇട്ടാട്ടെ, ഉടൻ വരും ബൈക്ക് പരസ്യങ്ങൾ. ശ്ശെടാ, ഇവരെങ്ങനെ ഇതറിഞ്ഞു എന്ന് അത്ഭുതപ്പെട്ടു പോകും. അനലിറ്റിക്സ് വികസിച്ച് അതിർത്തി കടന്ന് ഏതു ഭീകരൻ ഏതു ദിവസം എത്ര മണിക്ക് അതിർത്തി കടന്നു വരും എന്നു വരെ കണ്ടുപിടിക്കാമെന്നായിട്ടുണ്ട്. ലോകമാകെ പട്ടാളങ്ങൾ ഡേറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നു. കുറച്ച് ആട്ടിടയർ അതിർത്തിക്കടുത്ത് ആടുകളെ മേയ്ക്കുന്നതായി കാണപ്പെട്ട് പന്ത്രണ്ടു ദിവസം കഴിഞ്ഞ് വെളുപ്പിനെ രണ്ടു മണിക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം നടക്കും എന്നു കൃത്യമായി പറയും. ഇതെന്താ ജ്യോൽസ്യമോ എന്നു ചോദിക്കാം. അല്ല അനലിറ്റിക്സാണ്. വർഷങ്ങളോളം ശേഖരിച്ചിട്ടുള്ള ഡേറ്റ വിശകലനം ചെയ്യുന്നു. പട്ടാള ഔട്ട് പോസ്റ്റുകളുടെ ലോഗ്ബുക്കിൽ ആട്ടിടയരെ കണ്ട കാര്യം രേഖപ്പെടുത്തിയിരിക്കും. 10,12 ദിവസം കഴിഞ്ഞ് നുഴഞ്ഞു കയറിയ കാര്യവും ലോഗ്ബുക്കിൽ കാണും. നുഴഞ്ഞുകയറാനുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാകുന്നു ആട്ടിടയരുടെ വേഷമിട്ടവരെ രംഗനിരീക്ഷണത്തിന് ശത്രു അയയ്ക്കുന്നത്. ജ്യോൽസ്യമല്ലെന്ന് മനസിലായില്ലേ?
ഉത്തരകൊറിയുടെ ഭീഷണികളെ ലോകം മൈൻഡ് ചെയ്യാതിരിക്കുന്നതിനു കാരണവും ഇതാണ്. കിം ജോങ് ഉൻ മിസൈലുകൾ വിടുമായിരിക്കും പക്ഷേ ഉമ്മാക്കി കാണിക്കുന്നതിനപ്പുറമൊന്നുമില്ലെന്ന് ഉന്നിന്റെ മുൻഗാമികൾ കാണിച്ചിട്ടുള്ള ഉമ്മാക്കികളുടെ വിശകലനം നടത്തി കംപ്യൂട്ടർ പറയുന്നു. സ്ഥിരം ഉമ്മാക്കിയിലൊരു നേരിയ വ്യത്യാസം വന്നാൽ, കളി കാര്യമാകാൻ പോവുകയാണെന്നും അനലിറ്റിക്സ് സോഫ്റ്റ്‌വെയർ മുന്നറിയിപ്പു നൽകും സൈനിക രംഗത്തെ അനലിറ്റിക്സ് ബിസിനസ് ലോകമാകെ 200 കോടി ഡോളറിന്റേതായി വളർന്നിട്ടുണ്ട്. ഇന്ത്യയിൽ 200ലേറെ ഐടി കമ്പനികൾ അനലിറ്റിക്സിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ബുദ്ധിയുള്ളവരുടെ മേഖലയാണിത്. അധികം സ്പെഷലിസ്റ്റുകളെ കിട്ടാനുമില്ല. ഉള്ളരെ വൻകിടക്കാർ വൻ ശമ്പളത്തിൽ കൊത്തിക്കൊണ്ടുപോകുന്നതും അതുകൊണ്ടാണ്.
ഒടുവിലാൻ∙ സർവ വൻകിട സൂപ്പർമാർക്കറ്റിലും തുണിക്കടയിലും സ്വർണക്കടയിലും ബില്ലടിക്കുന്ന കംപ്യൂട്ടറിൽ അനലിറ്റിക്സ് സോഫ്റ്റ്‌വെയറുണ്ട്. ഏത് ഐറ്റം ഏതു വിലയ്ക്കുള്ളതിനാണു ഡിമാൻഡ് എന്ന് അവർക്കു ട്രെൻഡ് അറിയാം. അതനുസരിച്ചു സ്റ്റോക്ക് ചെയ്യുന്നു. ഡിമാൻഡ് കുറഞ്ഞതിനെ ഒഴിവാക്കുന്നു.