മനംനിറയെ സ്വപ്നങ്ങളുമായിട്ടാവും നാം ജോലിക്ക് വിദേശത്ത് എത്തുക. ആദ്യത്തെ കാഴ്ചകൾ മിക്കവരെയും വിസ്മയിപ്പിക്കും. മുറിയിലും വാഹനത്തിലും ജോലിസ്ഥലത്തും എപ്പോഴും എ.സി., ചിട്ടയൊപ്പിച്ച ജീവിതം, മേലാവിനെ അനുസരിക്കുന്ന ജീവനക്കാർ, അമ്പരപ്പിക്കുന്ന കെട്ടിടങ്ങളും നിരത്തുകളും, പരിചിതമല്ലാത്ത ഭാഷ സംസാരിക്കുന്നവർ, പുതിയ ഭക്ഷണക്രമം അങ്ങനെ പലതും.
പ്രതീക്ഷിച്ചതിലും മോശമായ താമസസ്ഥലം, അസൗകര്യങ്ങൾ, പരാതി കേൾക്കാത്ത മേലധികാരികൾ മുതലായവ മൂലം ചിലർക്ക് നിരാശ തോന്നാം. അവിടുത്തെ സാഹചര്യങ്ങളുമായി നാം പൊരുത്തപ്പെട്ടേ മതിയാകൂ.ഇവിടെ കണ്ടുപരിചയിച്ച പ്രതിഷേധം, ധർണ, ഘെരാവോ, പ്രകടനം, സമരം, ജാഥ, മെല്ലെപ്പോക്ക്, പണിമുടക്ക്, ഹർത്താൽ മുതലായവയൊന്നും ഗൾഫ് രാജ്യങ്ങളിൽ അനുവദിക്കില്ല. നമുക്ക് അവിടുത്തെ രീതികൾ മാറ്റാനുമാവില്ല. മിക്കവർക്കും തുടക്കത്തിൽ സാംസ്കാരിക ഷോക്ക് അനുഭവപ്പെടാം.
ഉറ്റവരിൽ നിന്ന് ദീർഘകാലം അകന്നു കഴിഞ്ഞേ മതിയാവൂ, അത്യാവശ്യത്തിനുപോലും നാട്ടിലേക്കു മടങ്ങാൻ കഴിയാത്ത അവസ്ഥ എന്നതും കൂടെയാകുമ്പോൾ മനസ്സിന്റെ പിരിമുറുക്കം വർധിച്ച് തിരികെ പോന്നാൽ മതിയെന്നു ചിലർ ചിന്തിച്ചേക്കാം. അവിടെച്ചെന്നതിന്റെ ലക്ഷ്യമോർത്ത് പിടിച്ചുനിൽക്കുന്നതാവും വിവേകം. നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതു പ്രധാനം. അവിടുത്തെ നിയമങ്ങൾ പാലിക്കാതെ മറ്റൊരു കമ്പനിയിലേക്കു മാറാൻ ശ്രമിക്കരുത്. നമ്മെക്കാൾ മോശമെന്നു തോന്നുന്നവർ കൂടുതൽ ശമ്പളം വാങ്ങുന്നതുകണ്ട് വിഷമിക്കേണ്ട.
ക്രമേണ ചുറ്റുപാടുമായി നാം സമരസപ്പെടും. യാഥാർത്ഥ്യങ്ങൾ അംഗീകരിച്ച് കുറെക്കഴിയുമ്പോൾ, അവിടെത്തന്നെ ജീവിച്ചാൽ മതി, ഉടനൊന്നും തിരികെപ്പോരേണ്ട എന്നു ചിന്തിക്കുന്ന ഘട്ടത്തിൽ മിക്കവരും എത്താറുണ്ട്. വിദേശത്തേക്കു പുറപ്പെടുന്നതിനു മുൻപ് ആ രാജ്യത്തെപ്പറ്റിയും നമ്മുടെ ജോലിയെപ്പറ്റിയും മനസ്സിലാക്കിയിരിക്കുന്നതു നന്ന്.