കഠിനവഴികൾ താണ്ടിയ വിജയം

ലിപിൻ രാജിന്റെ 224–ാം റാങ്കിന് ഒന്നാം റാങ്കിന്റെ തിളക്കമുണ്ടെന്ന് പ്രശംസിച്ചത് കവി ഒ.എൻ.വി. കുറുപ്പാണ്. അതിനു മൂന്നു കാരണങ്ങളുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കോമ്പസുകൊണ്ട് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ട കുട്ടിയായിരുന്നു ലിപിൻ. രണ്ടാമത്തേത്, ഇല്ലായ്മകളോടും പ്രതിസന്ധികളോടും പോരാടിയാണ് ലിപിൻ സിവിൽ സർവീസിനു വേണ്ടി ശ്രമിച്ചത്. മൂന്നാമത്തേത്, മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷയെഴുതിയാണ് ലിപിൻ ഉയർന്ന റാങ്ക് വാങ്ങിയത്. മുഴുവൻ മലയാളികൾക്കും അഭിമാനിക്കാവുന്ന, മാതൃകയാക്കാവുന്ന നേട്ടം.

പത്തനംതിട്ടയിലെ നാരങ്ങാനം എന്ന ഗ്രാമത്തിൽ നിന്നാണ് അപരിചിതരായ ഏതാനും നല്ല മനുഷ്യരുടെ ഉപദേശപ്രകാരം ലിപിൻ തിരുവനന്തപുരത്തെത്തുന്നത്. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും അതൊരിക്കലും ലിപിന്റെ പഠനത്തിന് തടസമായില്ല. പ്രീഡിഗ്രിക്ക് മലയാളത്തിൽ നൂറിൽ നൂറു മാർക്കും വാങ്ങിയ വിദ്യാർഥിയെ നാട്ടുകാരിൽ ചിലർ തിരുവനന്തപുരത്തേക്ക് നിർബന്ധിച്ചു കയറ്റിവിടുകയായിരുന്നു. മാർ ഇവാനിയോസിലെ ബിരുദ ജീവിതമാണ് ലിപിനെ മാറ്റിയത്. ഹോസ്റ്റലില്‍ താമസിക്കാൻ പണമില്ലാത്തതിനാൽ കഴക്കൂട്ടത്ത് മാസം 350 രൂപ വാടകയ്ക്കു കിട്ടിയ ചെറിയ മുറിയിലായിരുന്നു താമസം. പഠനച്ചെലവുകൾ കണ്ടെത്താനായി ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനായി. കോളജിലെ പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയ മൽസരങ്ങളിലെ താരമായതോടെ അതു ജീവിതമാർഗമാക്കി. മൂന്നുവർഷം കൊണ്ട് ഒരു ലക്ഷം രൂപയോളം ലിപിനും സംഘവും മൽസരങ്ങളിൽ നിന്ന് സമ്മാനമായി നേടി. പട്ടിണി മാറ്റിയത് ഈ സമ്മാനത്തുകയാണെന്ന് ലിപിൻ അഭിമാനത്തോടെ പറയുന്നു. അക്കാലത്ത് യൂണിവേഴ്സിറ്റി കലോൽസവങ്ങളിൽ ഇവാനിയോസ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിക്കൊടുത്തിരുന്നതും ലിപിനും സംഘവുമായിരുന്നു.

ബിരുദം കഴിഞ്ഞതോടെ ജെ.എൻ.യു, ജാമിഅ മില്ലിഅ ഉൾപ്പെടെ പല ദേശീയ സർവകലാശാലകളിലും പ്രവേശനം ലഭിച്ചെങ്കിലും പണമില്ലാത്തതിനാൽ തുടർപഠനം ഉപേക്ഷിച്ചു. അതിനിടെ മലയാളമനോരമയിൽ ഇന്റേൺഷിപ്പ്. എസ്ബിടിയിൽ ക്ലർക്ക് ആയി ജോലി കിട്ടിയത് മറ്റു വഴിയില്ലാതെ സ്വീകരിച്ചു.  പിന്നീട് ഐഡിബിഐ ബാങ്കിലേക്കു മാറി. അവിടെയിരുന്ന് പിജി നേടുന്നതിനു മുൻപു തന്നെ നെറ്റും ജെആർഎഫും വിജയിച്ചു. തുടർന്ന് കേരള സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ മലയാളം എംഎ വിദ്യാര്‍ഥിയായി.

ഇതിനിടെ സിവിൽ സർവീസിനുള്ള ശ്രമങ്ങൾ തുടങ്ങി. കോച്ചിങ് സെന്ററുകളിലൊന്നും പോകാനുള്ള ത്രാണി ഇല്ലാത്തതിനാൽ ഒറ്റയ്ക്കു തന്നെയായിരുന്നു പഠനം. ഇന്റർനെറ്റ് ആയിരുന്നു ഗുരു. പരീക്ഷയെഴുതിയത് നല്ല പച്ച മലയാളത്തിൽ. മലയാളവും പബ്ലിക് അഡ്മിനിസ്ട്രേഷനുമായിരുന്നു. ഓപ്ഷനുകളായി എടുത്തത്. പ്രിലിമിനറിയും മെയിനും കടന്ന് ഇന്റർവ്യൂവിനെത്തിയപ്പോൾ മാത്രമാണ് ലിപിൻ ഇംഗ്ലീഷിനെ കൂട്ടുപിടിച്ചത്. അത് ഇംഗ്ലീഷിനോടുള്ള പ്രിയം കൊണ്ടായിരുന്നില്ല. മലയാളത്തിൽ ഇന്റർവ്യൂ നടന്നാൽ നമ്മൾ പറയുന്ന കാര്യങ്ങൾ അതേ ഗൗരവത്തിലൂടെ മൊഴിമാറ്റം ചെയ്യപ്പെട്ടില്ലെങ്കിലോ എന്ന പേടികൊണ്ടായിരുന്നുവെന്ന് ലിപിൻ പറയുന്നു. 

സ്മാർട്ട് വര്‍ക്ക്
സിനിമകളിലെ ഐഎഎസ് കലക്ടർമാരുടെ ഉശിരൻ ആർജവം കണ്ടു ഭ്രമിച്ചു ചെറുക്ലാസിലെവിടെയോ വച്ച് ഐഎഎസിൽ എത്തിച്ചേരണമെന്നു വെറുതെ ആഗ്രഹിച്ചപ്പോൾ അറിയില്ലായിരുന്നു, എങ്ങനെ പഠിക്കണമെന്നും എവിടെപ്പോയി പഠിക്കണമെന്നും എന്തു പഠിക്കണമെന്നും.

പിന്നെയും കുറെയേറെ വർഷങ്ങളെടുത്തു, ഐഎഎസ് കിട്ടണമെങ്കിൽ സിവിൽ സർവീസ് പരീക്ഷയെഴുതണമെന്ന് അറിയാൻ. കൃത്യമായി പറഞ്ഞാൽ പ്ലസ്ടുക്കാലത്തൊരിക്കൽ മനോരമയുടെ ബാലജനസഖ്യം പേജിൽ വന്ന സിവിൽ സർവീസ് പരിശീലന ക്യാംപിൽ കണ്ണുടക്കി. പിന്നെയും മൂന്നു വർഷം കഴിഞ്ഞു 2009ലാണ് ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ് എന്നിവ കൂടാതെ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്), ഇന്ത്യൻ പോസ്റ്റൽ സർവീസ് (ഇതുമൊരു ഐപിഎസ്)ആണ്, ജേണലിസം പഠിച്ചവർക്കു പ്രശോഭിക്കാവുന്ന ഇന്ത്യൻ ഇന്‍ഫർമേഷൻ സർവീസ് എന്നിവയും; എന്തിനേറെ പുതുച്ചേരി സിവിൽ സർവീസ് വരെ ഈ പരീക്ഷയുടെ ഭാഗമാണെന്നു കുറഞ്ഞ റാങ്ക് കിട്ടിയാൽ ഇവിടെ എവിടെയെങ്കിലും ജോലി കിട്ടുമെന്നും മനസ്സിലായത്. 

ഹാർഡ് വർക്ക് (കഠിനപ്രയത്നം) എന്നതിനൊപ്പം സ്മാർട്ട് വര്‍ക്കും മാറ്റുരയ്ക്കുകയും ഇംഗ്ലീഷ് മേധാവിത്വത്തെ പ്രാദേശിക ഭാഷകൾ വെല്ലുവിളിക്കുകയും ചെയ്തതാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ പരീക്ഷയിലുണ്ടായ പ്രധാന മാറ്റങ്ങൾ.

എങ്കിലും ആദ്യമേ പറയട്ടെ, സൂര്യനു കീഴിലുള്ളതെല്ലാം പഠിച്ചാലേ സിവിൽ സർവീസ് കിട്ടൂ എന്നു പറയുന്നതു ശരിയല്ല. ഇതും ഏതു പരീക്ഷയെയും പോലെ കൃത്യമായ സിലബസുള്ള പരീക്ഷയാണ്. എന്നാൽ സിലബസ് വ്യക്തമായി പിടിതരില്ല. ലക്ഷ്യത്തിലേക്കുളള ചില ദിശാസൂചികൾ മാത്രമാണവ. എന്നാൽ ആ സിലബസിന് അതിര് നിശ്ചയിക്കുന്നതു നമ്മളാണെന്നു മാത്രം. ഉറക്കം കളഞ്ഞു കിടന്നു പഠിച്ച്, പരന്ന വായന പിൻബലമാക്കി, സകലതും മനഃപാഠമാക്കി വായിക്കേണ്ട പരീക്ഷയല്ലായിരുന്നു എനിക്കിത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മേധാവിത്വത്തെ തകർക്കാനുള്ള യുപിഎസ്‌സി നീക്കം നിരന്തരം മാറുന്ന പാറ്റേണും മാറി വരുന്ന ചോദ്യങ്ങളും തെളിവു നൽകുന്നു. 

ആരാധന
ഓരോ വർഷത്തെയും ഐഎഎസ് പരീക്ഷാഫലം വരുമ്പോൾ ആദ്യ റാങ്കുകാരുടെ ഫോട്ടോ വെട്ടി ഡയറിയിലൊട്ടിക്കുക മാത്രമായിരുന്നു ആദ്യ കാലത്തു ചെയ്തിരുന്ന ഏക അധ്വാനം. കിരൺബേദി ക്രെയിനുപയോഗിച്ച് അനധികൃത പാർക്കിങ് വാഹനങ്ങൾ നീക്കം ചെയ്തതും അൽഫോൻസ് കണ്ണന്താനത്തിന്റെ ആവേശം കൊള്ളിക്കുന്ന കഥകളും ഇപ്പോഴും എന്റെ ഡയറിത്താളുകളിലുണ്ട്. അക്കൂട്ടത്തിൽ ‘അൽഫോസ്’ എന്ന മാങ്ങയെങ്ങനെയുണ്ടെന്ന് അൽഫോൻസ് കണ്ണന്താനത്തോട് ഇന്റർവ്യൂവിൽ ചോദിച്ച ചോദ്യം വന്ന പത്രഭാഗം ഞാൻ ആസാദ് ലൈബ്രറിയിൽ നിന്നു കീറിയെടുത്തു കൊണ്ടുവന്നതായിരുന്നു. അങ്ങനെയാണു സിവിൽ സർവീസ് പരീക്ഷയ്ക്കു ഒരു ഇന്റർവ്യൂ ഉണ്ടെന്നു ഞാനറിഞ്ഞത്. പിന്നീടു കുറേക്കാലം കഴിഞ്ഞു പത്തനംതിട്ട അനുരാഗ് തിയറ്ററിലി രുന്നു കണ്ട ബ്ലെസിയുടെ ‘തൻമാത്ര’യുടെ അവസാന സീനിൽ രോമങ്ങൾ എഴുന്നേറ്റു നിന്നു. മോഹന്‍ലാലിന്റെ മകന്റെ  സിവില്‍ സർവീസ് ഇന്റർവ്യൂ  കണ്ടപ്പോൾ, ഉള്ളിലൊരു മോഹം മൊട്ടിട്ടു. അത് അതേപോലെ വാടിപ്പോയി, സിനിമ കണ്ടിറങ്ങിക്കഴിഞ്ഞപ്പോൾ.‌

അഭിമുഖം
പിന്നെ 2013 ഏപ്രിൽ 17 നു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ദോൽപൂർ ഭവനുള്ളിൽ ‘തന്മാത്ര’യിലേതു പോലെ മറ്റൊരു മൈക്കു പ്രതീക്ഷിച്ചിരിക്കെ, ഈശ്വരൻ എന്നെ ഒരു വട്ടമേശയ്ക്കു ചുറ്റും ഇരിക്കുന്നവർക്കിടയിലേക്കു തള്ളിവിട്ടു. തലേന്നു കേരള ഹൗസിലിരുന്നു കണ്ട ‘നരസിംഹം’ സിനിമ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. പിന്നെ ടെൻഷനും. മൊത്തം ശൂന്യമായിക്കൊണ്ടിരുന്ന ഒരു മനസ്സുമായി ഞാൻ രജനി രസ്ദാന്റെ (എന്റെ ഇന്റർവ്യൂ ബോർഡ് ചെയർപഴ്സൻ) അഞ്ചംഗ ഇന്റർവ്യൂ ബോർഡിനോടു സംസാരിച്ചപ്പോൾ അന്നു വരെ യുപിഎസ് സി ഇന്റർവ്യൂവിനെക്കുറിച്ചുണ്ടായിരുന്ന അബദ്ധധാരണകൾ ഒഴി‍ഞ്ഞുപോകാൻ തുടങ്ങി.

പതർച്ചയോടെ, ഒട്ടൊരു പേടിയോടെ, ആദ്യമായി പുതിയ ക്ലാസിലെത്തുന്ന കുട്ടിയോടു സഹകൂട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുന്നതുപോലെ. ചിലതൊക്കെ പ്രതീക്ഷിച്ച് അഞ്ചു പേർ. തനിക്കിതിലൊന്നും താൽപ്പര്യമില്ലെന്ന മട്ടിൽ രജനി രസ്ദാൻ കൈ ചാരിവച്ചു ചിലപ്പോൾ ഉറങ്ങുന്നു ഉണരുന്നു. കംപ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യുന്നു. നമ്മുടെ ശ്രദ്ധമാറ്റി, നമ്മുടെ താൽപ്പര്യവും മുഖത്തെ ഭാവമാറ്റങ്ങളും അറിയാനാണെന്നു വ്യക്തം.

പതറിയപ്പോൾ താങ്ങി നിർത്തിയും കുറെയൊക്കെ ഓർമിപ്പിച്ചു തന്നും ചിലപ്പോൾ കൂടുതൽ വാക്കുകൾക്കായി ശാന്തമായി പ്രതീക്ഷിച്ചും അഞ്ചു പേർ. ‘ചൂടുവെള്ളം തന്ന്, കുടിച്ചു കഴിയുമ്പോൾ മുഖത്തെ ഭാവവ്യത്യാസം അറിയാൻ ശ്രമിക്കും’, ‘ഡോർ കുറ്റിയിട്ടു നമ്മളെ പരീക്ഷിക്കും’, ‘ആനയെ ഫ്രിഡ്ജി ലെങ്ങനെ വയ്ക്കും’, ‘സച്ചിൻ എത്ര തവണ മൊഹാലി പിച്ചിൽ ക്ലീൻ ബൗൾഡായിട്ടുണ്ട്’ എന്നൊക്കെ ചോദിക്കുമെന്നു പറഞ്ഞ് ഇന്റർവ്യൂവിനു പേടിപ്പിച്ചു വിട്ടവരെ ഓടിച്ചിട്ടു തല്ലണം. ഉപദ്രവിക്കാനോ കെണിയിലാക്കാനോ ശ്രമിക്കാതെ, നമ്മെ കുറെ ചോദ്യങ്ങളിലൂടെ അറിയാന്‍ ശ്രമിക്കുന്ന നല്ല ശ്രമങ്ങളിലൊന്നുമാത്രമാണു സിവിൽ സർവീസ് ഇന്റർവ്യൂ. സിംഹമടയിലേക്കു കയറിച്ചെല്ലുന്ന മാന്‍പേടയല്ല, മറിച്ചു സഹവർത്തിത്വത്തോടെ നമുക്ക് അവർക്കൊപ്പം തുല്യബഹുമാനം നല്‍കുന്ന കുറെയാളുകൾ.

സ്വപ്നം
പ്ലസ്ടുവിനു ഞാൻ സയൻസെടുത്തു ഫിസിയോതെറപ്പിസ്റ്റാകണമെന്ന് എന്റെ ക്ലാസ് ടീച്ചർ ആഗ്രഹിച്ചിരുന്നുവെങ്കിൽ എന്റെ ഉള്ളിലൊളിഞ്ഞുകിടന്ന ആഗ്രഹം ഒരു പത്രപ്രവർത്തകന്റേതായിരുന്നു. സിവിൽ സർവീസ് നഗരങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കും ഡൽഹിയിലെ കോച്ചിങ് ഇൻ സ്റ്റിറ്റ്യൂട്ടുകളിൽ പോയി പഠിച്ചവർക്കും മാത്രം തീറെഴുതിക്കൊടുത്തിരുന്നപ്പോൾ സിവിൽ സർവീസിലെത്തണമെന്നുള്ള ആഗ്രഹം ഒരു നാട്ടിൻ പുറത്തുകാരന്റെ ബാലിശമായ ചിന്തയാണോ എന്നു പലപ്പോഴും ഞാൻ ഭയപ്പെട്ടിരുന്നു. ഡിഗ്രി പഠിച്ചിരുന്ന തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജ് ക്യാംപസിൽ സിവില്‍ സർവീസ് കരിയർ സ്വപ്നം കണ്ടു നടന്നവരുടെ തിരക്കുകൊണ്ടു വഴിമുട്ടി നടക്കാൻ കൂടി വയ്യായിരുന്നു. സകലരും സിവിൽ സർവീസ് സ്വപ്നം കണ്ടു നടന്നിരുന്ന ആ ക്യാംപസിൽ നിന്നു ഞങ്ങൾ കുറെപ്പേർ ചേർന്നൊരു സിവിൽ സർവീസ് പഠനഗ്രൂപ്പുണ്ടാക്കി. ലൈബ്രറിയിലിരുന്ന് ആണവക്കരാറും മാധ്യമനൈതികതയും ജിഡിപിയും ഞങ്ങൾ ചർച്ച ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രറിയിലും പബ്ലിക് ലൈബ്രറിയിലും പുസ്തകങ്ങൾക്ക് ഇരിക്കപ്പൊറുതി കൊടുത്തിട്ടില്ല. യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റഫറൻസ് സെക്ഷനിലെ പുസ്തകങ്ങൾക്കു നിരന്തരം സ്ഥാനചലനം ലഭിച്ചുകൊണ്ടേയിരുന്നു. അവയുടെ പേജുകൾ മിക്കതും മുഷിഞ്ഞു. അവിടെ നിന്നു പേന അടിവരകളില്ലാത്ത മാസികകൾ കിട്ടാനില്ലായിരുന്നു. ആ ലൈബ്രറിയില്‍ സൂര്യനു കീഴിലുള്ളതെല്ലാം വായിച്ചു, വിഴുങ്ങി അകത്താക്കാനുള്ള ആർത്തി. പക്ഷേ, അതൊരു തരം ലക്ഷ്യബോധമില്ലാത്ത ആർത്തിയായിരുന്നു. ആ ആർത്തിക്ക് ഒരിക്കൽ സഡൻബ്രേക്ക് വീണു. എസ്ബിടിയിൽ ക്ലാർക്കാ കുമ്പോൾ സകലതും തീർന്നു വായനയില്ല. ലൈബ്രറികളിലേക്കു പോവാറില്ല. സിവിൽ സർവീസ് മോഹം എരിഞ്ഞടങ്ങുമെ ന്നായപ്പോൾ ഐഡിബിഐയിലേക്ക്. ഇന്റർനെറ്റായി മുഖ്യ പഠന ഉപാധി ഇക്കാലത്ത്.

പഠനവഴികൾ
വലിയ ആഗ്രഹങ്ങളിലൊന്നു ഡൽഹിയിൽപ്പോയി റാവൂസ് ഐഎഎസിലോ എഎൽഎസിലോ ചാണക്യ സിവിൽ സർവീസ് അക്കാദമിയിലോ പഠിക്കണമെന്നായിരുന്നു. കാലം വീണ്ടുമെന്നെ ബാങ്കിലെ കാഷ് കൗണ്ടറിൽ പൂട്ടിയിട്ടു. മറ്റൊന്ന്, പാലായില്‍പ്പോയി സിവിൽ സർവീസ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നു മലയാളം പഠിക്കണമെന്നായിരുന്നു. അതും നടന്നില്ല. എന്നെങ്കിലും സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ അതു മലയാളത്തിലായിരിക്കുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ഐ‍‍ഡിബിഐയിൽ വന്നപ്പോൾ പതുക്കെ മോഹം ഉള്ളിൽക്കിടന്നു പിടയ്ക്കാൻ തുടങ്ങി. മലയാളത്തിൽ നല്ല പദസമ്പത്തുണ്ടെങ്കിൽ എത്ര കഠിന ഉത്തരത്തെയും ഒരു പരിധിവരെ തളയ്ക്കാനാവും. ദ് ഹിന്ദുവും ഇക്കണോമിസ്റ്റും അരിച്ചു പെറുക്കി വായിച്ചു. ഞാൻ മുന്നോട്ടുവയ്ക്കുന്ന മാസികകൾ ഇവയാണ്. നിങ്ങള്‍ക്കിവ പരിഗണിക്കാം, തള്ളിക്കളയാം.

1 പ്രതിയോഗിതാ ദർപ്പൺ

2 ഡൗൺ ടു എര്‍ത്ത്

3 ദി ഇക്കണോമിസ്റ്റ്

4 ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലി

5യോജന/കുരുക്ഷേത്ര

6 വേൾഡ് ഫോക്കസ്

7 സിവിൽ സർവീസ് ക്രോണിക്കിൾ(ഇതു തിരഞ്ഞെടുക്കുന്നതിനു മുൻപേ ഒത്തിരി കാര്യങ്ങൾ ശ്രദ്ധയോടെ ഒഴിവാക്കേണ്ടതുണ്ട്. 25% ഇതിലുള്ളത് അനാവശ്യമായിരിക്കും. പത്തു ശതമാനം പരസ്യങ്ങൾ. ഇതിന്റെ ഉപദേശം കേട്ടാണു ‍ഞാൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ എടുത്തതും ഒടുവിൽ പണി പാളിപ്പോയതും. മെയിൻ പരീക്ഷയിൽ ഞാനെടുത്ത തെറ്റായ തീരുമാനങ്ങളിലൊന്ന് എനിക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്ന ഇന്റർനാഷനൽ റിലേഷൻസ് തള്ളിക്കളഞ്ഞു മറ്റുള്ളവർ പറഞ്ഞ മാർക്ക് സ്കോറിങ് ആകുമെന്നു പ്രതീക്ഷിച്ച പബ്ളിക് അഡ്മിനിസ്ട്രേഷന്‍ ഓപ്ഷണലാക്കിയതായിരുന്നു.)

ഇന്റർനെറ്റ് വെബ്സൈറ്റുകളില്‍ മൂന്നെണ്ണം ഞാന്‍ മുന്നോട്ടു വയ്ക്കുന്നു. 

1 ദ് ഹിന്ദുവിന്റെ വെബ് പേജ്

2 www.സിവിൽ സർവീസ് ഇന്ത്യ.ഇൻ

3 പ്രസ് ഇന്‍ഫർമേഷൻ ബ്യൂറോ ഹോം പേജ്

തുടക്കക്കാർക്ക് ഏതെങ്കിലും നല്ല കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നാൽ പരീക്ഷയെപ്പറ്റി ഒരു ഏകദേശ അറിവ് കിട്ടും. എന്നാല്‍ ഒരു വർഷത്തിനുള്ളിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നു ബൈ പറഞ്ഞു സ്വന്തം പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകാത്തതു കൊണ്ട് എവിടെയാണു നല്ല കോച്ചിങ് എന്നു പറയാൻ എനിക്കറിയില്ലെന്നതാണു സത്യം. ജോലിയുപേക്ഷിച്ച് ഈ പരീക്ഷയ്ക്കു പഠിക്കേണ്ട ആവശ്യമില്ലെന്നാണു മറ്റൊരു തോന്നൽ. ഞാൻ 2009ല്‍ ഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോൾ മുതൽ ജോലിക്കൊപ്പം തന്നെയാണിതു പഠിച്ചത്. ജോലി വിട്ടു പഠിച്ച് ഒടുവിൽ മറ്റുള്ളവരോട് അസൂയയും നിരാശയും വരാനുള്ള സാധ്യത ഉള്ളതിനാൽ ജോലി ഉണ്ടെന്ന തോന്നൽ ആത്മവിശ്വാസം പകരാനും പുസ്തകങ്ങളും നോട്സും വാങ്ങാനും കോച്ചിങ് നടത്താനുള്ള സാമ്പത്തികമാർഗം ആവുകയും ചെയ്യും.

ഇംഗ്ലീഷ്
തുടക്കം മുതൽ ഒടുക്കം വരെ ഇംഗ്ലീഷ് ഭാഷയ്ക്കു കൃത്യമായ മേധാവിത്വമില്ലാത്ത പരീക്ഷയാണിത്. എന്തിനേറെ, ഇന്റർവ്യൂ വിൽ പോലും ഇംഗ്ലീഷിനെക്കാൾ പ്രാദേശികഭാഷകൾക്കാണു മേൽക്കൈ. പക്ഷേ ‍ട്രാൻസ്ലേറ്റർ നിങ്ങൾ പറയുന്നതപ്പാടെ അതേ രീതിയിൽ മൊഴിമാറ്റം നടത്തി ഇന്റർവ്യൂ ബോർഡിനു കൊടുത്തില്ലെങ്കിൽ പണി പാളും. 20 പേജാണു ഞാനെഴുതിയ ഉപന്യാസം പേപ്പർ. ആശയങ്ങൾ ആദ്യം മുതൽക്കേ ക്രോഡീകരിച്ചെഴുതുക. ജനറൽ സ്റ്റഡീസിൽ‌ ഉത്തരമെഴുതിയപ്പോൾ ഞാൻ സ്വീകരിച്ച ഉപായം അവസാന വരിയിൽ ആ ചോദ്യത്തിന്റെ ഉത്തരത്തിനൊപ്പം വിഷയത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം കൂടി ചേർത്തെഴുതുകയെന്നതായിരുന്നു. അതു വിജയിച്ചോ പരാജയമടഞ്ഞോ എന്ന് ഇപ്പോഴും അറിയില്ല. ഇഗ്നോയുടെ നോട്ടുകൾ ഡല്‍ഹിയിൽ നിന്നയച്ചു തന്ന സുഹൃത്ത് അർജുന് നന്ദി പറയണം. ജനറൽ സ്റ്റഡീസിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം, ധനതത്വ ശാസ്ത്രം, ഭൂമിശാസ്ത്രം, ഭരണഘടന, സംസ്കാരം എന്നിവ യിൽ ഞാന്‍ പഠിച്ച പുസ്തകങ്ങൾ ചിലതുണ്ട്. ഇവ നിങ്ങൾ ക്കു പരിഗണിക്കാം. തള്ളിക്കളയുകയുമാവാം.

1 ലക്ഷ്മികാന്തിന്റെ ഇന്ത്യൻ പൊളിറ്റി

2 കൃഷ്ണ റെഡ്ഡിയുടെ ഇന്ത്യൻ ഹിസ്റ്ററി (1900 മുതൽ ഉള്ള ഭാഗം പ്രത്യേകം നോക്കണം)

3 ഗസ്റ്റിയർ ഓഫ് ഇന്ത്യ– ഇന്ത്യൻ സംസ്കാരം പബ്ലിക്കേഷൻ ഡിവിഷൻ

4 ഇന്ത്യൻ ഇക്കോണമി–ദത്ത് ആൻഡ് സുന്ദരം (ഇതൽപം കടുകട്ടി പുസ്തകമാണ്. സൂക്ഷിച്ച് ആവശ്യമുള്ളതു മാത്രം വായിക്കാനപേക്ഷ)

5ഇന്ത്യൻ ജ്യോഗ്രഫി–ഹുസൈൻ

എൻസിആർടി പുസ്തകങ്ങളുണ്ടെങ്കിൽ അതുമാത്രം മതി. ടാറ്റ മക്ഗ്രൗവിലിന്റെ  സിവിൽ സര്‍വീസ് സീരീസ് വാങ്ങുന്നതു നല്ലതാണ്. പക്ഷേ വിലയൽപം കൂടുതലാണ്. നല്ലൊരു ലൈബ്രറി അടുത്തുണ്ടെങ്കിൽ ഇതും ഒഴിവാക്കാം.

മെയിൻസ്
2010 മുതലുള്ള പഴയ ചോദ്യപേപ്പറുകളും നോട്ടുകളുമാണ് ഈ പരീക്ഷയിലെ മുഖ്യ ചുരികകളിലൊന്ന്. പലരും കരുതുന്ന തുപോലെ പ്രിലിമിനറി പരീക്ഷയിലല്ല, സിവിൽ സർവീസിന്റെ ജീവൻ ഇരിക്കുന്നത്. മെയിൻ പരീക്ഷയെ ഉന്നംവച്ചു പഠിച്ചാൽ ഉറപ്പായും പ്രിലിമിനറി പിടിയിൽ വീഴും. കണക്കിൽ അടിസ്ഥാനമുണ്ടാക്കാൻ അഗർവാളിന്റെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡോ ക്വിക്കർ മാത്സോ, ബാങ്കിങ് സർവീസ് ക്രോണിക്കിൾ തുടങ്ങിയവയോ ഏതാനും ബാങ്ക് പിഒ മോക്ക് ടെസ്റ്റുകളും ചെയ്തു തുടങ്ങാം.

മെയിൻ പരീക്ഷയ്ക്ക് എഴുതി തന്നെ പഠിക്കണം. തീരെ പിശുക്കൻമാർക്കു പറ്റിയ പരീക്ഷയല്ലിത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ പ്രത്യക്ഷ നിക്ഷേപം വേണ്ട പരീക്ഷയാണിത്. പുസ്തകങ്ങൾക്കായി ലൈബ്രറിയെയും കോച്ചിങ്ങിനായി സ്വന്തം തലയെയും ആശ്രയിക്കുന്നവർക്ക് ഈ ചെലവ് ഒഴിവാക്കാം. പക്ഷേ പുസ്തകങ്ങൾ കൈവശമിരിക്കുന്നത് എപ്പോഴും റഫർ ചെയ്യാന്‍ സഹായിക്കും. ഇന്റർനെറ്റിലെ വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ഇന്റർവ്യൂവിൽ ടൈ ധരിക്കണോ ഓവർകോട്ടിടണോ എന്നതല്ല. നിങ്ങളുടെ വ്യക്തിത്വം എങ്ങനെ സത്യസന്ധമായി അവർക്കു മുന്നിൽ അവതരിപ്പിക്കുന്നു എന്നും അതിനെക്കാളുപരി നിങ്ങളുടെ തലയ്ക്കകത്ത് എന്തുണ്ടെന്നുമാണു ബോർഡ് നോക്കുക.

പ്രിലിമിനറി മുതൽ ഇന്റർവ്യൂവരെ റെഡി റഫറൻസായി വയ്ക്കാവുന്ന ഒരു ബുക്ക് പബ്ലിക്കേഷൻ ഡിവിഷൻ പുറത്തിറക്കുന്നുണ്ട്. ഇന്ത്യ ഇയർ ബുക്ക് ഒന്ന് വായിച്ചിരിക്കുന്നതു നല്ലതാണ്. ഓരോ വിഷയങ്ങളെയും കുറിച്ചും അപഗ്രഥനാത്മകമായി ഉത്തരം എഴുതണം എന്നു പറയാൻ ഞാനാളല്ല. കാരണം എന്തടിസ്ഥാനത്തിലാണ് അവർ എനിക്കു മാർക്കിട്ടതെന്ന് എനിക്കറിയില്ല. മണ്ടത്തരം എഴുതാതെ അടിസ്ഥാന ആശയത്തോടു സത്യസന്ധത കാട്ടുക. ഒന്നുമറിയില്ലെങ്കിലും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതാൻ നിങ്ങൾക്കു കഴിയണം. ഇതും ശരിയാണോ എന്നറിയില്ല. കാരണം യൂണിയൻ പബ്ലിക്ക് സർവീസ് കമ്മിഷൻ എന്നത് അൺപ്രെഡിക്ടബിൾ പബ്ലിക് സർവീസ് കമ്മിഷൻ കൂടിയാണ്. 

ഒരേയൊരു ലക്ഷ്യം
അഞ്ചു ലക്ഷം പേരെഴുതുന്ന പ്രിലിമിനറി പരീക്ഷയിൽ നിന്നു 13,000 പേർ മാത്രമാണു മെയിൻ പരീക്ഷയിലേക്ക് എത്തുക, ഒഴിവനുസരിച്ച് ഈ സ്കെയിൽ ചില ഘട്ടത്തിൽ യുപിഎസ്‌സി ഉയർത്തും. ഇന്റർവ്യൂവിനു പോകുന്ന മൂന്നി ലൊരാൾ എന്ന കണക്കിലാണ് എലിമിനേഷൻ. അതുകൊണ്ടു തന്നെ ഇതിലേക്കു മാറ്റുരയ്ക്കാനിറങ്ങുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ലക്ഷ്യത്തിനു വേണ്ടി മാത്രം നിൽക്കുക. ഒരു ഘട്ടത്തിലും പിന്തിരിഞ്ഞു പോവരുത്, മനസ്സിലേക്ക് സ്വയം ഊർജം ഇരച്ചുകയറ്റിവിടണം. തളരുമ്പോൾ പിന്തിരിപ്പിക്കാൻ ആയിരും ആളുകൾ കാണും. ശമ്പളത്തിന്റെ മറ്റു ജോലികൾ തരുന്ന സാമ്പത്തിക ലാഭം ഒരു പക്ഷേ ഇതിലുണ്ടാവാൻ സാധ്യതയില്ല. പക്ഷേ, ഈ പരീക്ഷ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കും.

കണ്ണിന് അൽപം മാത്രം കാഴ്ചയുള്ള നാട്ടിൻപുറത്തൊരു സാധാരണ സർക്കാർ സ്കൂളിൽ പഠിച്ചു റേഷനരിയും മണ്ണെണ്ണയുമടക്കമുള്ള എല്ലാ സർക്കാർ ആനുകൂല്യങ്ങളും നുകര്‍ന്ന് മലയാളം ഒരു ഓപ്ഷനായെടുത്ത്, ഒരിടത്തും കോച്ചിങ്ങിനു പോകാതെ ജോലിയിലിരുന്നു പഠിച്ച് എല്ലാ വിഷയങ്ങളും മലയാളത്തിലെഴുതിയ എന്റെ 224–ാം റാങ്ക് മറ്റൊന്നുകൂടി ഓർമിപ്പിക്കുന്നു: ‘അഥവാ സിവിൽ സർവീസ് കിട്ടിയില്ലെങ്കിലും മറ്റേതെങ്കിലുമൊരു ഉയർന്ന ഗവ. സർവീസ് നിങ്ങൾക്കു കിട്ടും’.

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>