മുംബൈയിലെ ഫില്‍റ്റര്‍പാഡ ചേരിയിലെ ചെറിയ വീട്ടില്‍ അന്തിയുറങ്ങുന്ന ഇന്ദു എന്ന 46 കാരി ഐഎസ്ആര്‍ഒയെക്കുറിച്ച് കേട്ടിട്ടു കൂടിയില്ല. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ വീട്ടമ്മയുടെ അറിവിനും അപ്പുറത്തായിരുന്നു നക്ഷത്രവ്യൂഹവും ബഹിരാകാശവിക്ഷേപണവുമെല്ലാം. എന്നാല്‍ ഈ അമ്മയുടെ മകന്‍ പ്രതമേഷ് ഹിര്‍വേ ഐഎസ്ആര്‍ഒയുടെ പടി കയറുമ്പോള്‍ ഇവരുടെ കണ്ണില്‍ നിറയുന്ന സന്തോഷക്കണ്ണീരിന് ഒരു നക്ഷത്രത്തേക്കാൾ തിളക്കമുണ്ട്.
പരാധീനതകള്‍ നിറഞ്ഞ ചേരിയിലെ ജീവിതത്തില് നിന്നു നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ചാണു പ്രതമേഷ് ഐഎസ്ആര്‍ഒയിലേക്ക് ഇലക്ട്രിക്കല്‍ സയന്റിസ്റ്റായി എത്തുന്നത്. കുട്ടിക്കാലത്തു മാതാപിതാക്കളും ബന്ധുവായ ആന്റിയും ചേര്‍ന്നു പ്രതമേഷിനെ ഒരു കരിയര്‍ കൗണ്‍സിലറുടെ അടുത്തു കൊണ്ടു പോയി. പയ്യന്‍സ് എന്‍ജിനീയറിങ്ങിനു പോകണ്ട, ആര്‍ട്‌സ് വിഷയങ്ങള്‍ ഏതെങ്കിലും പഠിച്ചാല്‍ മതിയെന്നായിരുന്നു കൗണ്‍സിലറുടെ തീര്‍പ്പ്. പക്ഷേ, എന്‍ജിനീയറിങ് പഠിക്കണമെന്ന തീരുമാനത്തില്‍ മകന്‍ ഉറച്ചു നിന്നപ്പോള്‍ അമ്മയും പ്രൈമറി സ്‌കൂള്‍ അധ്യാപകനായ പിതാവ് സോമയും എതിരു നിന്നില്ല. 10 വര്‍ഷത്തിനിപ്പുറം കൗണ്‍സിലറുടെ തീര്‍പ്പും മാതാപിതാക്കളുടെ സംശയങ്ങളും തെറ്റായിരുന്നു എന്നു പ്രതമേഷ് എന്ന 25 കാരന്‍ തെളിയിച്ചു.
2007ല്‍ ഭാഗുഭായ് മഫത്‌ലാല്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയ്ക്ക് പ്രതമേഷ് ചേര്‍ന്നു. അതു പ്രതമേഷിന്റെ കഷ്ടപ്പാടുകളുടെ തുടക്കം മാത്രമായിരുന്നു. 10-ാം ക്ലാസ് വരെ മറാത്തി മീഡിയത്തില്‍ പഠിച്ച പ്രതമേഷിനു ഡിപ്ലോമ കോഴ്‌സിലെ ഇംഗ്ലിഷ് പഠനമാധ്യമവും സാങ്കേതിക പദങ്ങളും കടുകട്ടിയായി. അധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഇംഗ്ലിഷില്‍ മറുപടി പറയേണ്ടി വരുമെന്നു പേടിച്ച് ക്ലാസിലെ പിന്‍ബഞ്ചില്‍ സ്ഥിരമായി ഇരുന്ന ദിവസങ്ങള്‍. രണ്ടാം വര്‍ഷമെത്തിയപ്പോള്‍ പ്രതമേഷ് തന്റെ ഭാഷാപ്രശ്‌നത്തെ പറ്റി അധ്യാപകനോടു സംസാരിച്ചു. നന്നായി വായിക്കാനും ഡിക്‌ഷണറി ഉപയോഗിക്കാനുമുള്ള അധ്യാപകന്റെ നിര്‍ദേശം അനുസരിച്ചു ഭാഷാപ്രശ്‌നം ഒരുവിധം മറികടന്നു.
എല്‍& ടിയിലും ടാറ്റാ പവറിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വേളയിലാണ് അവിടുത്തെ മെന്റര്‍മാരുടെ നിര്‍ദേശ പ്രകാരം ബിടെക് ചെയ്യാന്‍ തീരുമാനിക്കുന്നത്. നവി മുംബൈയിലെ ഇന്ദിരാ ഗാന്ധി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രവേശനം നേടി. ഡിഗ്രി പഠനത്തിനു ശേഷം 2014ല്‍ യുപിഎസ്‌സി പരീക്ഷയ്ക്ക് ഒരു കൈ നോക്കിയെങ്കിലും വിജയിക്കാനായില്ല. പിന്നീടാണു നക്ഷത്രങ്ങളെ ഉന്നമിട്ട് 2016ല്‍ ഐഎസ്ആര്‍ഒയില്‍ അപേക്ഷ അയച്ചത്.
പക്ഷേ ഫലം വന്നപ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ മാത്രമേ പേരുണ്ടായുള്ളൂ. തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യാന്‍ തുടങ്ങി. 2017 ല്‍ വീണ്ടും അപേക്ഷിച്ചു. ഇത്തവണ പ്രതമേഷിന്റെ ഭാഗ്യനക്ഷത്രം ഉദിച്ചു. 16000 ഓളം അപേക്ഷകളില്‍നിന്ന് 9 പേര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിലൊരാളായി ഈ മുംബൈക്കാരന്‍.
Job Tips >>