കൂണിലൂടെ ലക്ഷങ്ങൾ നേടുന്ന എംബിഎക്കാരൻ

കുറഞ്ഞ സ്ഥലത്തു കൂടുതല്‍ വരുമാനം ജൈവകൃഷിയിലൂടെ എങ്ങനെയുണ്ടാക്കാം? ഇതിന്റെ ഉത്തരമാണ് ബഹുരാഷ്ട്രക്കമ്പനിയിലെ ജോലി കളഞ്ഞു ജൈവകൃഷിയിലേക്കു തിരിഞ്ഞ പ്രഗ്നേഷ് പട്ടേല്‍ എന്ന എംബിഎക്കാരന്റെ ജീവിതം. ഇതിന് ഇദ്ദേഹം തിരഞ്ഞെടുത്ത വഴിയാകട്ടെ അധികമാരും പരീക്ഷിക്കാത്ത കൂണ്‍ കൃഷിയും. 18×45 അടി വലുപ്പമുള്ള ഒരു ചെറിയ ഷെഡില്‍ ചെലവു കുറഞ്ഞ കൂണ്‍ കൃഷി നടത്തി വര്‍ഷം 4.2 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്നു കാണിച്ചു തരികയാണ് ഈ ഗുജറാത്തുകാരന്‍ പട്ടേല്‍. 

വിദേശത്തെ ബഹുരാഷ്ട്രക്കമ്പനി വിട്ടു ഇന്ത്യയിലെത്തിയിട്ടു പ്രഗ്നേഷ് ആദ്യം ചേര്‍ന്നതു സമാനമായ ഒരു മാര്‍ക്കറ്റിങ് ജോലിക്കു തന്നെയാണ്. മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍. പക്ഷേ നാട്ടിലെത്തിയപ്പോള്‍ ഒരു കാര്യം ഈ ചെറുപ്പക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. നല്ല ഭക്ഷണം കഴിക്കാതെ തന്റെ സഹപ്രവര്‍ത്തകര്‍ പലരും അസുഖബാധിതരാകുന്നു. കാരണങ്ങള്‍ തേടിയുള്ള അന്വേഷണം പ്രഗ്നേഷിനെ എത്തിച്ചതു വീട്ടില്‍തന്നെ ജൈവകൃഷി നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. 

ഇന്റര്‍നെറ്റില്‍ പല നാളുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചിപ്പി കൂണ്‍ കൃഷി നടത്താം എന്ന തീരുമാനത്തിലെത്തി. ഒരു ചെറിയ മുള ഷെഡില്‍ ആദ്യത്തെ പരിശ്രമം. ആദ്യ വിളവെടുത്തപ്പോള്‍ കിട്ടിയതു 100 കിലോ കൂണ്‍. അപ്പോള്‍ അടുത്ത വെല്ലുവിളി മുന്നില്‍. ഇത് എവിടെ കൊണ്ട് പോയി വില്‍ക്കും? പ്രാദേശികമായി തന്നെ വില്‍ക്കാനായിരുന്നു തീരുമാനം. പക്ഷേ, എങ്ങനെ?. അപ്പോള്‍ പ്രഗ്നേഷിന്റെയുള്ളിലെ മാര്‍ക്കറ്റിങ് വിദഗ്ധന്‍ ഉണര്‍ന്നു. ചിപ്പി കൂണിന്റെ ഗുണഗണങ്ങളും കൂണ്‍ വിഭവങ്ങളുടെ റെസിപ്പികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടു രണ്ടു പുറത്തില്‍ ഒരു നോട്ടീസ് അച്ചടിച്ച് നാട്ടിലൊട്ടുക്കും വിതരണം ചെയ്തു. പതിയെ പതിയെ ആവശ്യക്കാരെത്തി. കിലോയ്ക്കു 200 രൂപ വച്ചു വില്‍പന തുടങ്ങി. 

അപ്പോഴെത്തി അടുത്ത പ്രശ്‌നം. ചിപ്പി കൂണ്‍ കുറച്ചു ദിവസം മാത്രമേ കേടാകാതെ ഇരിക്കൂ. വില്‍ക്കാത്ത കൂണുകള്‍ പാഴായി പോകുന്ന അവസ്ഥ. ഇന്റര്‍നെറ്റ് പരതി അതിനും പരിഹാരം കണ്ടെത്തി. ആദ്യ ദിവസം വില്‍ക്കാന്‍ കഴിയാത്ത കൂണുകള്‍ സോളാര്‍ ഡ്രയറില്‍ വച്ച് ഉണക്കിയെടുത്തു. ഫ്രഷ് കൂണിനു മാത്രമല്ല ഉണക്ക കൂണിനും ആവശ്യക്കാരുണ്ടായതോടെ കൂണിന്റെ ഒരു തരി പോലും വെറുതേ പോയില്ല. 

രണ്ടാം വിളവില്‍ 150 കിലോ ലഭിച്ചു. പതിയെ പതിയെ നാലു മാസം കൂടുമ്പോള്‍ 700 കിലോ വച്ചു വിളവെടുക്കാന്‍ തുടങ്ങി. വര്‍ഷം 2100 കിലോ വച്ചു 4.2 ലക്ഷം രൂപയുടെ കച്ചവടം. കര്‍ഷകര്‍ക്കു റെഡിമെയ്ഡ് കൂണ്‍ ബെഡുകള്‍ നല്‍കി അവരില്‍ നിന്നു ന്യായ വിലയ്ക്കു കൂണ്‍ സംഭരിക്കാനും പ്രഗ്നേഷ് പദ്ധതിയിടുന്നു. തന്റെ ഗ്രാമം മുഴുവന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ജൈവ ഗ്രാമമാക്കി മാറ്റാനും പ്രഗ്നേഷിനു ലക്ഷ്യമുണ്ട്. 

Job Tips >>